യുവതിയെ അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് കരളിനുള്ളിൽ ഭ്രൂണം (Fetus) വളരുന്നതായി കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കാനിംഗിനു ശേഷം യുവതിയുടേത് എക്ടോപിക് പ്രെഗ്നൻസി ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സാധാരണ നിലയിൽ ഗര്‍ഭപാത്രത്തിന് പുറത്ത്, പ്രേത്യേകിച്ച്ഫാലോപ്യന്‍ ട്യൂബില്‍ ഭ്രൂണം വളരുന്ന അപൂര്‍വ്വമായ അവസ്ഥയാണ് ഇത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഗര്‍ഭാശയത്തിന് പുറത്ത് ഭ്രൂണം വളരുമ്പോഴാണ് അതിനെ എക്ടോപ്പിക് പ്രെഗ്നൻസിയെന്ന്പറയുന്നത്.
വികസിത രാജ്യങ്ങളിൽ ആകെ ജനനങ്ങളിൽ എക്ടോപിക് പ്രെഗ്നൻസിയുടെ നിരക്ക് ഒന്നോ രണ്ടോ ശതമാനം മാത്രമാണ്. എന്നാൽ, ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ സ്ത്രീകള്‍ മരണപ്പെടുന്നതിന്റെ പ്രധാന കാരണവും ഇതാണ്. അത്തരം മരണങ്ങളുടെ 6-13 ശതമാനവും എക്ടോപിക് പ്രെഗ്നൻസി മൂലമുള്ളതാണ്.
advertisement
കരളിൽ ഗർഭസ്ഥശിശു വളരുന്ന, വളരെ അസാധാരണമായ കേസിന്റെ വിശദാംശങ്ങള്‍ ഡോക്ടര്‍ തന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
''33 കാരിയായ ഒരു സ്ത്രീ അവസാനത്തെ ആര്‍ത്തവം കഴിഞ്ഞ് 49 ദിവസമായെന്ന് പറഞ്ഞ് കാണാൻ വന്നിരുന്നു. അവരുടെ കരളില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. അവരുടെ എക്ടോപിക് പ്രെഗ്നൻസി കരളിലായിരുന്നു.അടിവയറ്റില്‍ ഭ്രൂണം വളരുന്ന കേസുകൾ ഞങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, കരളില്‍ ഇത് ആദ്യമായാണ് കാണുന്നത്. എനിക്ക് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം'', അള്‍ട്രാസൗണ്ടിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഡോ. നര്‍വി പറഞ്ഞു. ക്ലിപ്പ് 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.17,000ത്തിലധികം കമന്റുകളും ടിക് ടോക് വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
"ഈ വാർത്ത ആ മാതാപിതാക്കള്‍ക്ക് വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ടാകാം, അമ്മ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നഷ്ടത്തില്‍ ഞാനും ഖേദിക്കുന്നു", ഒരാള്‍ കുറിച്ചു. മറ്റൊരു ഉപയോക്താവ് എക്ടോപിക് പ്രെഗ്നൻസിയ്ക്ക് വിധേയമായതിന്റെ അനുഭവം പങ്കുവെച്ചു. ''എന്റെ ഫാലോപ്യന്‍ ട്യൂബില്‍ എനിക്ക് എക്ടോപിക് ഗര്‍ഭം ഉണ്ടായിരുന്നു. ഞാന്‍ അനുഭവിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശമായ, വേദനാജനകമായ അനുഭവമായിരുന്നു അത്. ഈ സ്ത്രീ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'', അവര്‍ എഴുതി.