ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിദ്യാർഥികളുടെ സഹായത്തോടെ കത്തിച്ച സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
മെയ് 15 നാണു വനമേഖലയിൽ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം പോലീസ് കണ്ടെത്തിയത്
മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ കത്തിച്ച സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സംഭവം. നാഗ്പുർ യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്കൂളിലെ പ്രിൻസിപ്പലായ നിധി ദേശ്മുഖിനെയാണ് ലോഹറ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം കത്തിക്കാൻ സഹായിച്ച മൂന്ന് വിദ്യാർഥികളെയും കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു.
മെയ് 15 ന് രാവിലെയാണ് യവത്മാൽ ജില്ലയിലെ ലോഹറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചൗസല വനമേഖലയിൽ പാതി കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം പോലീസ് കണ്ടെത്തിയത്. തുടർന്ന് ഫൊറൻസിക് അനാലിസിസ് അടക്കമുള്ള വിശദമായ പരിശോധനയിലൂടെയാണു മരിച്ചതു ശാന്തനുവാണെന്നു പോലീസ് കണ്ടെത്തിയത്. യവത്മാൽ പോലീസിന്റെ ലോക്കൽ ക്രൈംബ്രാഞ്ച് (എൽസിബി) നടത്തിയ അന്വേഷണത്തിലാണ് ഇരയുടെ ഭാര്യയാണ് പ്രതിയെന്ന് തെളിയുന്നത്. കേസിൽ പ്രതിക്കെതിരെ സെക്ഷൻ 109, 238 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
advertisement
കേസിൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന പ്രതി പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം ഏറ്റുപറയുകയായിരുന്നു. മെയ് 13 നാണു പ്രതി ഭർത്താവിന് വിഷം കൊടുത്ത് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം ഉപേക്ഷിക്കാനായി പ്രായപൂർത്തിയാകാത്ത 3 ട്യൂഷൻ വിദ്യാർഥികളുടെ സഹായം തേടുകയായിരുന്നു. കൃത്യം നടന്ന ദിവസം രാത്രി വനത്തിൽ മൃതദേഹം ഉപേക്ഷിച്ചു. എന്നാൽ മൃതദേഹം തിരിച്ചറിയപ്പെടുമെന്ന് ഭയന്ന് അടുത്ത ദിവസം രാത്രി വിദ്യാർത്ഥികളുമായി തിരിച്ചെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
advertisement
പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയും വിദ്യാർത്ഥികളും തമ്മിലുള്ള ഫോൺ സംഭാഷണം കണ്ടെത്തി. ഇതുവഴി കേസിൽ വഴിത്തിരിയവയി. എസ്പി കുമാർ ചിന്ത, അഡീഷണൽ എസ്പി പിയൂഷ് ജഗ്താപ് എന്നിവരുടെ മേൽനോട്ടത്തിൽ ലോഹറ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ യശോധര മുനേശ്വറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Location :
Maharashtra
First Published :
May 23, 2025 12:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിദ്യാർഥികളുടെ സഹായത്തോടെ കത്തിച്ച സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ