• HOME
 • »
 • NEWS
 • »
 • explained
 • »
 • Delhi Liquor Policy | എന്താണ് ഡല്‍ഹിയിലെ മദ്യനയം? സിസോദിയക്കെതിരായ ആരോപണങ്ങളും പാര്‍ട്ടി നിലപാടും

Delhi Liquor Policy | എന്താണ് ഡല്‍ഹിയിലെ മദ്യനയം? സിസോദിയക്കെതിരായ ആരോപണങ്ങളും പാര്‍ട്ടി നിലപാടും

ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ച 2021-22ലെ മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണം

 • Last Updated :
 • Share this:
  വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നേതാവാണ് മനീഷ് സിസോദിയ (manish sisodia). ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനുമായ സിസോദിയ ഇപ്പോള്‍ മറ്റൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ച 2021-22ലെ മദ്യനയത്തിലെ (delhi liquor policy) അഴിമതിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ സിബിഐ റെയ്ഡ് (CBI raid) നടത്തിയിരുന്നു.

  ജൂലൈ എട്ടിന് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് റെയ്ഡിന്റെ തുടക്കം. മദ്യവില്‍പ്പന ലൈസന്‍സികള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ സിസോദിയ അനുവദിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. സക്സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 1 മുതല്‍ നയം റദ്ദാക്കുമെന്ന് സിസോദിയ പ്രഖ്യാപനം നടത്തുകയായിരുന്നു. ദേശീയ തലസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പനക്കാര്‍ക്ക് മാത്രം മദ്യം വില്‍ക്കാന്‍ അനുമതി നല്‍കികൊണ്ടായിരുന്നു സിസോദിയയുടെ പ്രഖ്യാപനം.

  എന്താണ് 2021-22ലെ മദ്യ നയം?

  പുതിയ മദ്യ നയം കഴിഞ്ഞ വര്‍ഷം നവംബര്‍ 17 മുതലാണ് നടപ്പിലാക്കിയത്. അതനുസരിച്ച് നഗരത്തിലുടനീളമുള്ള 849 വ്യാപാരസ്ഥലങ്ങൾ 32 സോണുകളായി തിരിച്ച് റീട്ടെയില്‍ ലൈസന്‍സ് നല്‍കി. ഡല്‍ഹിയില്‍ പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന് നയത്തില്‍ വ്യക്തമാക്കിയിരുന്നു. നഗരത്തിലുടനീളമുള്ള 849 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കായി സ്വകാര്യ ലേലക്കാര്‍ക്ക് റീട്ടെയില്‍ ലൈസന്‍സ് നല്‍കും. 32 സോണുകളായാണ് നഗരത്തെ തരംതിരിച്ചിരിക്കുന്നത്. ഓരോ സോണിനെയും 8-10 വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. അതില്‍ ഏകദേശം 27 വെന്‍ഡുകളാണുള്ളത്. മാര്‍ക്കറ്റുകള്‍, മാളുകള്‍, വാണിജ്യ റോഡുകള്‍/ഏരിയകള്‍, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറക്കാനും നയത്തില്‍ അനുവാദം നല്‍കി.

  സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ മദ്യം വില്‍ക്കുന്നതിനു പകരം കിഴിവുകള്‍ നല്‍കാനും സ്വന്തമായി വില നിശ്ചയിക്കാനും അനുവദിക്കുന്നതു പോലുള്ള നിയമങ്ങളും സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് വില്‍പ്പനക്കാര്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. ഇത് ജനങ്ങളെ ആകര്‍ഷിച്ചു. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് കുറച്ചുകാലത്തേക്ക് ഡിസ്‌കൗണ്ടുകള്‍ പിന്‍വലിച്ചു. ഓഗസ്റ്റ് ഒന്നിന് നയം പിന്‍വലിക്കുകയും ചെയ്തു.

  മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങള്‍ എന്തെല്ലാം?

  ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സിസോദിയ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടെന്‍ഡറുകള്‍ നല്‍കിയതിന് ശേഷം മദ്യം വില്‍ക്കുന്നതിനുള്ള ലൈസന്‍സിന് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയെന്നാണ് സിസോദിയക്കെതിരായ ആരോപണം.

  കോവിഡ് മഹാമാരിയുടെ പേരില്‍ ടെന്‍ഡര്‍ ചെയ്ത ലൈസന്‍സ് ഫീസില്‍ എക്‌സൈസ് വകുപ്പ് 144.36 കോടി രൂപ ഇളവ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്ന് എന്‍ഒസി നേടാന്‍ കഴിഞ്ഞില്ലെങ്കിലും, എയര്‍പോര്‍ട്ട് സോണിന്റെ ലേലത്തില്‍ പങ്കെടുത്തയാള്‍ക്ക് 30 കോടി രൂപ തിരികെ നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് പറയുന്നു. ഡല്‍ഹി മദ്യനയം 2010 ലെ നിയമം 48(11)(ബി) ആണ് ഇത് ലംഘിച്ചത്. സിസോദിയയുടെ നിര്‍ദേശപ്രകാരം എക്‌സൈസ് വകുപ്പ്, 2021 നവംബര്‍ 8 ലെ ഉത്തരവില്‍ വിദേശ മദ്യത്തിന്റെ നിരക്ക് കണക്കാക്കുന്നതിനുള്ള ഫോര്‍മുല പരിഷ്‌കരിക്കുകയും ബിയറിന് 50 രൂപ വീതം ഇറക്കുമതി പാസ് ഫീസ് ഈടാക്കുന്നത് നീക്കം ചെയ്യുകയും ചെയ്തു.

  സിബിഐ പറഞ്ഞത്

  ഇപ്പോള്‍ റദ്ദാക്കിയ നയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എഫ്ഐആറില്‍ 15 പേരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിസോദിയയാണ് പ്രതിപ്പട്ടികയില്‍ ഒന്നാമത്. സിസോദിയയും അന്നത്തെ ഡല്‍ഹി എക്‌സൈസ് കമ്മീഷണര്‍ ആരവ ഗോപി കൃഷ്ണയും മറ്റ് രണ്ട് സീനിയര്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും 2021-22 വര്‍ഷത്തേക്കുള്ള മദ്യ നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

  മദ്യനയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പിഴവുകളും ക്രമക്കേടുകളും സംബന്ധിച്ച തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തേടി ജൂലൈ 8ന് ഡല്‍ഹി ചീഫ് സെക്രട്ടറി സിസോദിയക്ക് റിപ്പോര്‍ട്ട് അയച്ചു. അതേ ദിവസം തന്നെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ലെഫ്റ്റനന്റ് ഗവര്‍ണര്‍ സക്സേനയ്ക്കും അദ്ദേഹം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചിരുന്നു. കൂടാതെ, സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ (EOW) അദ്ദേഹം വിവരം അറിയിക്കുകയും മദ്യവ്യാപാരത്തിലെ കുത്തകകളെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

  തുടര്‍ന്ന്, പുതിയ മദ്യനയത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച കമ്പനികള്‍ക്ക് അനധികൃത ലൈസന്‍സ് വിതരണം ചെയ്തതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് EOW എക്സൈസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കി. 2021-2022 ഡല്‍ഹി മദ്യ നയം രൂപീകരിച്ച തീയതിയും പുതിയ പോളിസി പ്രകാരം മദ്യം വില്‍ക്കുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ എപ്പോള്‍ തുടങ്ങിയെന്നും ഉള്‍പ്പെടെയുള്ള രേഖകളും വിശദാംശങ്ങളും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  എഎപി പറഞ്ഞത്

  '' ഇന്നലെ ഞാന്‍ ആവശ്യമില്ലാത്തതും ക്ഷണിക്കപ്പെടാത്തതുമായ ചില അതിഥികളുടെ കൂട്ടത്തിലുണ്ടായിരുന്നു'' എന്നാണ് ശനിയാഴ്ച നടന്ന ഒരു പരിപാടിയില്‍ സിസോദിയ പറഞ്ഞത്. 14 മണിക്കൂര്‍ നീണ്ട റെയ്ഡിനു ശേഷം സിബിഐ ഉദ്യോഗസ്ഥര്‍ തന്റെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ചില ഫയലുകളും പിടിച്ചെടുത്തതായും സിസോദിയ പറഞ്ഞിരുന്നു. ''ഇന്ന് രാവിലെയാണ് സിബിഐ സംഘം എത്തിയത്. അവര്‍ എന്റെ വീട്ടില്‍ പരിശോധന നടത്തി എന്റെ കമ്പ്യൂട്ടറും ഫോണും പിടിച്ചെടുത്തു. എന്റെ കുടുംബം അവരുമായി സഹകരിച്ചു, തുടര്‍ന്നും സഹകരിക്കും. ഞങ്ങള്‍ അഴിമതിയോ തെറ്റോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഭയപ്പെടുന്നില്ല,''അദ്ദേഹം പറഞ്ഞു.

  ആം ആദ്മി പാര്‍ട്ടിയുടെ ക്ഷേമ നയങ്ങളോടുള്ള ബിജെപിയുടെ ഭയമാണ് റെയ്‌ഡെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതേസമയം മനീഷ് സിസോദിയയുടെ വീട്ടില്‍ നടന്ന സിബിഐ റെയ്ഡ് പരിഹാസ്യമാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി രാഘവ് ഛദ്ദ പറഞ്ഞു. അന്വേഷണ ഏജന്‍സിയ്ക്ക് പരിശോധനയില്‍ ജ്യോമിട്രി ബോക്‌സും പെന്‍സിലും റബ്ബറും കണ്ടെത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

  ബിജെപിക്ക് പറയാനുള്ളത്

  എഎപി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ മദ്യ കുംഭകോണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ഡല്‍ഹി ബിജെപി ഘടകം ആരോപിച്ചിരുന്നു. സിസോദിയയെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സത്യേന്ദര്‍ ജെയിനെയും കെജ്രിവാള്‍ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

  സിബിഐ രംഗത്ത് വന്നതോടെ ഡല്‍ഹി സര്‍ക്കാര്‍ 2021-22 മദ്യനയം പിന്‍വലിക്കുകയും 12 ശതമാനം കമ്മീഷന്‍ എന്നത് 2 ശതമാനമായി കുറയ്ക്കുകയും ചെയ്തുവെന്ന് വെസ്റ്റ് ഡല്‍ഹി ബിജെപി എംപി പര്‍വേഷ് വര്‍മ്മ പറഞ്ഞു. മദ്യനയം ഭരണകക്ഷിക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള മാധ്യമമാണോ എന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ഡല്‍ഹി ബിജെപി മുന്‍ അധ്യക്ഷനും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി എംപിയുമായ മനോജ് തിവാരി പറഞ്ഞു. പുതിയ മദ്യനയത്തിലെ അഴിമതിയിലൂടെ കോടിക്കണക്കിന് രൂപയുടെ കമ്മീഷനായി ലഭിച്ച പണം കൊണ്ടാണ് എഎപി പഞ്ചാബിലും ഉത്തരാഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും തിവാരി കുറ്റപ്പെടുത്തി.

  കോവിഡ് 19 മഹാമാരിയുടെ സമയത്തും സിസോദിയ മദ്യമാഫിയയെ പിന്തുണച്ചതായും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത ട്വീറ്റ് ചെയ്തു. കെജ്രിവാള്‍ സര്‍ക്കാരിന്റെ അഴിമതി വെളിച്ചത്തുകൊണ്ടുവരുമെന്ന് മുന്‍ കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
  Published by:Anuraj GR
  First published: