• HOME
 • »
 • NEWS
 • »
 • explained
 • »
 • Artemis Mission I | ചന്ദ്രനെ ലക്ഷ്യമാക്കി വീണ്ടും നാസയുടെ റോക്കറ്റ്; ആർട്ടെമിസ് ദൗത്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Artemis Mission I | ചന്ദ്രനെ ലക്ഷ്യമാക്കി വീണ്ടും നാസയുടെ റോക്കറ്റ്; ആർട്ടെമിസ് ദൗത്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇത്തവണ യാത്രികരെ ഉൾപ്പെടുത്താതെയാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. വരും വർഷങ്ങളിൽ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ വഹിച്ചുള്ള യാത്ര നാസ ലക്ഷ്യമിടുന്നുണ്ട്

 • Last Updated :
 • Share this:
  ചന്ദ്രനെ (Moon) ലക്ഷ്യമിട്ട് നാസയുടെ (NASA) പുതിയ റോക്കറ്റ് (rocket) അടുത്താഴ്ച കുതിച്ചുയരും. നാസയുടെ വിഖ്യാതമായ അപ്പോളോ (Apollo) ദൗത്യം കഴിഞ്ഞിട്ട് 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് നാസ പുതിയ ചാന്ദ്രദൗത്യവുമായി എത്തിയിരിക്കുന്നത്. ഇത്തവണ യാത്രികരെ ഉൾപ്പെടുത്താതെയാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. വരും വർഷങ്ങളിൽ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ വഹിച്ചുള്ള യാത്ര നാസ ലക്ഷ്യമിടുന്നുണ്ട്. ഇതിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണമാണ് അടുത്താഴ്ച നടത്തുന്നത്.

  ഇത്തവണ 322 അടി (98 മീറ്റർ) ഉയരുമുള്ള ആളില്ലാ റോക്കറ്റാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ നാസ ശ്രമിക്കുന്നത്. ഈ ദൗത്യം വിജയകരമാവുകയാണെങ്കിൽ 2024-ൽ ബഹിരാകാശ സഞ്ചാരികൾക്ക് ചന്ദ്രന് ചുറ്റം ഭ്രമണം ചെയ്യാൻ കഴിയും, 2025 അവസാനത്തോടെ ചന്ദ്രോപരിതലത്തിൽ രണ്ട് മനുഷ്യരെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് തിങ്കളാഴ്ച രാവിലെ റോക്കറ്റ് വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് നാസ.

  ആറാഴ്ച എടുക്കും പരീക്ഷണ പറക്കൽ പൂർത്തിയാകാൻ. എന്നാൽ ഇതിന്റെ അപകടസാധ്യത വളരെ കൂടുതലാണെന്നും ഏതെങ്കിലും ഘട്ടത്തിൽ പരാജയം സംഭവിച്ചാൽ ഈ കാലയളവ് വെട്ടിച്ചുരുക്കിയേക്കാമെന്നും നാസ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “ഞങ്ങൾ ഇതിന് വേണ്ടി പരമാവധി പരിശ്രമിക്കുകയും പരീക്ഷിക്കുകയും ചെയ്യും. യാത്ര കഴിയുന്നത്ര സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. അതിനാലാണ് ആദ്യം യാത്രികരില്ലാത്ത റോക്കറ്റ് വിക്ഷേപിക്കുന്നത്, ”നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ മാധ്യമങ്ങളോട് പറഞ്ഞു.

  ഈ പരീക്ഷണ പറക്കൽ വളരെ നിർണായകമാണെന്ന് ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയുടെ ബഹിരാകാശ നയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ജോൺ ലോഗ്‌സ്‌ഡൺ പറഞ്ഞു. ഇത് പരാജയപ്പെടുകയാണെങ്കിൽ ചെലവുകളിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകളും ദൗത്യങ്ങൾക്കിടയിലുള്ള നീണ്ട ഇടവേളകളും തിരിച്ചുവരവ് കഠിനമാകാൻ കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ചന്ദ്രനിലും ചൊവ്വയിലും മറ്റ് ​ഗ്രഹങ്ങളിലും മനുഷ്യൻ നടത്താനിരിക്കുന്ന സ്ഥിരമായ പര്യവേക്ഷണ പരിപാടിയുടെ ആദ്യപടിയായിരിക്കും ഇത്," ജോൺ ലോഗ്‌സ്‌ഡൺ പറഞ്ഞു.

  ഈ ഒരൊറ്റ ദൗത്യത്തിന്റെ ചെലവ് 4 ബില്യൺ ഡോളറിൽ കൂടുതലാണ്. ഒരു പതിറ്റാണ്ട് മുമ്പുള്ള പദ്ധതിയുള്ള തുടക്കം മുതൽ 2025ൽ ചന്ദ്രനിൽ എത്തുന്നത് വരെയുള്ള എല്ലാം ചെലവുകളും കൂടി നോക്കിയാൽ അതിലും കൂടുതൽ വരും. ഏകദേശം 93 ബില്യൺ ഡോളറാണ് മൊത്തം ദൗത്യത്തിന്റെയും കൂടി ചെലവ് പ്രതീക്ഷിക്കുന്നത്.

  നിലവിലെ ചാന്ദ്രദൗത്യത്തിന്റെ പേര് ആർട്ടെമിസ് എന്നാണ്. അപ്പോളോയുടെ ഇരട്ട സഹോദരിയാണ് ആർട്ടെമിസ്. ആർട്ടെമിസ് ദൗത്യത്തിൽ ആദ്യം വിക്ഷേപണം നടത്തുന്ന റോക്കറ്റിന്റെ വിശദാംശങ്ങൾ ഇതാ:

  റോക്കറ്റിന്റെ ഊർജം (ROCKET POWER)

  അരനൂറ്റാണ്ട് മുമ്പ് 24 അപ്പോളോ യാത്രികരെ ചന്ദ്രനിലേക്ക് എത്തിച്ച സാറ്റേൺ V റോക്കറ്റിനേക്കാൾ നീളവും കനവും കുറവാണ് പുതിയ റോക്കറ്റിന്. എന്നാൽ, പുതിയ റോക്കറ്റ് കൂടുതൽ ശക്തമാണ്. ഈ റോക്കറ്റിനെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റ് എന്നാണ് വിളിക്കുന്നത്. ചുരുക്കി എസ്‌എൽ‌എസ് എന്നും വിളിക്കുന്നു.

  സാറ്റേൺ വിയിൽ നിന്ന് വ്യത്യസ്തമായി, പുതിയ റോക്കറ്റിൽ നാസയുടെ ബഹിരാകാശ വാഹനങ്ങളിലെ രീതികളിൽ നിന്നും മാറ്റി നിർമ്മിച്ച ഒരു ജോടി സ്ട്രാപ്പ്-ഓൺ ബൂസ്റ്ററുകൾ ഉണ്ട്. ഷട്ടിൽ ബൂസ്റ്ററുകൾ ചെയ്യുന്നതു പോലെ, ഈ ബൂസ്റ്ററുകൾ രണ്ട് മിനുട്ട് കഴിഞ്ഞാൽ പുറംതള്ളപ്പെടും, എന്നാൽ പുനരുപയോഗത്തിനായി അറ്റ്ലാന്റിക്കിൽ നിന്ന് തിരിച്ചെടുക്കില്ല. വേർപെടുന്നതിന് മുമ്പ് കോർ സ്റ്റേജ് ഫയറിങ് തുടരുകയും കഷ്ണങ്ങളായി പസഫിക്കിൽ പതിക്കുകയും ചെയ്യും. വിക്ഷേപണം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം, ഓറിയോൺ പേടകം ചന്ദ്രനിലേക്ക് കുതിക്കും.

  ഓറിയോൺ പേടകം

  നാസയുടെ ഹൈടെക്, ഓട്ടോമേറ്റഡ് ഓറിയോൺ പേടകം, നക്ഷത്രസമൂഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്, രാത്രിയിൽ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള ഒന്നാണിത്. 11 അടി (3 മീറ്റർ) ഉയരമുള്ള ഓറിയോൺ അപ്പോളോയുടെ പേടകത്തേക്കാൾ വിശാലമാണ്, ഇതിൽ മൂന്ന് ബഹിരാകാശയാത്രികർക്ക് പകരം നാല് ബഹിരാകാശയാത്രികർക്ക് ഇരിക്കാം. ഈ പരീക്ഷണ പറക്കലിനായി മനുഷ്യർക്ക് പകരം സമാന വലുപ്പമുള്ള ഡമ്മികളായിരിക്കും ഉപയോ​ഗിക്കുക. വൈബ്രേഷനും ആക്സിലറേഷൻ സെൻസറുകളും ഉപയോഗിച്ച് കമാൻഡറുടെ സീറ്റിൽ ഓറഞ്ച് നിറത്തിലുള്ള ഫ്ലൈറ്റ് സ്യൂട്ടിൽ ഒരു മനുഷ്യന്റെ വലിപ്പമുള്ള ഡമ്മി ഉണ്ടാകും.

  മനുഷ്യ കോശങ്ങളെ അനുകരിക്കുന്ന വസ്തുക്കളാൽ നിർമ്മിച്ച മറ്റ് രണ്ട് ഡമ്മികൾ ( തല ഉള്ള സ്ത്രീ ശരീരങ്ങൾ, പക്ഷേ കൈകാലുകൾ ഉണ്ടാകില്ല) ബഹിരാകാശ യാത്രയുടെ ഏറ്റവും വലിയ അപകടസാധ്യതകളിലൊന്നായ കോസ്മിക് വികിരണം അളക്കും. ഒരു ഡമ്മി ഇസ്രായേലിൽ നിന്നുള്ള ഒരു സംരക്ഷണ വസ്ത്രം പരീക്ഷിക്കും. റോക്കറ്റിൽ നിന്ന് വ്യത്യസ്തമായി, ഓറിയോൺ മുമ്പ് വിക്ഷേപിച്ചിട്ടുണ്ട്, 2014 ൽ ഇത് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്തിരുന്നു. ഇത്തവണ, പ്രൊപ്പൽഷനും സൗരോർജ്ജവും നൽകുന്നതിന് വേണ്ടി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സർവീസ് മൊഡ്യൂളുകൾ ആണ് ഉപയോ​ഗിക്കുന്നത്.

  യാത്രയുടെ രൂപ രേഖ

  ഫ്ളോറിഡയിൽ നിന്നും കുതിച്ചയരുന്ന ഓറിയോൺ യാത്ര പൂർത്തിയാക്കി പസഫിക്കിൽ വന്നു പതിക്കാൻ ആറാഴ്ച എടുക്കും. യാത്രികരെ വഹിച്ചുള്ള യാത്രയേക്കാൾ ഇരട്ടി ദൈർഘ്യം വരുമിത്. സംവിധാനത്തിന്റെ പ്രവർത്തനവും സുരക്ഷയും വിലയിരുത്തുന്നതിന് വേണ്ടിയാണിത്.

  240,000 മൈൽ (386,000 കിലോമീറ്റർ) അകലെയുള്ള ചന്ദ്രനിൽ എത്താൻ ഏകദേശം ഒരാഴ്ച എടുക്കും. ചന്ദ്രനുചുറ്റും ഭ്രമണം ചെയ്തതിന് ശേഷം, പേടകം 38,000 മൈൽ (61,000 കിലോമീറ്റർ) അകലെയുള്ള വിദൂര ഭ്രമണപഥത്തിൽ പ്രവേശിക്കും. ഇതോടെ ഓറിയോൺ ഭൂമിയിൽ നിന്ന് 280,000 മൈൽ (450,000 കിലോമീറ്റർ) അകലെയാകും. അപ്പോളോയേക്കാൾ കൂടുതൽ ദൂരത്തേക്ക് ഇത് എത്തും.

  പസഫിക്കിലേക്ക് പതിക്കുന്നതിനായി ഓറിയോൺ 25,000 എംപിഎച്ച് (40,000 kph) വേഗതയിൽ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതാണ് പരീക്ഷണത്തിന്റെ അവസാന ഘട്ടം. 5,000 ഡിഗ്രി ഫാരൻഹീറ്റ് (2,750 ഡിഗ്രി സെൽഷ്യസ്) താപനിലയെ നേരിടാൻ അപ്പോളോ ക്യാപ്‌സ്യൂളുകളുടെ അതേ മെറ്റീരിയലിൽ ഉള്ള ഹീറ്റ് ഷീൽഡാണ് ഇതിലും ഉപയോഗിക്കുന്നത്. എന്നാൽ നൂതനമായ ഡിസൈൻ മികച്ച ഫലം നൽകുമെന്നാണ് കരുതുന്നുത്. ഭാവിയിലെ ചൊവ്വ ​ദൗത്യത്തിന് ഇത് പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

  മൂന്ന് ടെസ്റ്റ് ഡമ്മികൾക്ക് പുറമേ, ആഴത്തിലുള്ള ബഹിരാകാശ ഗവേഷണത്തിനായി ഒരു കൂട്ടം ചെറു ഉപ​ഗ്രങ്ങളും റോക്കറ്റ് വഹിക്കുന്നുണ്ട്. ഓറിയോൺ ചന്ദ്രനിലേക്ക് കുതിക്കുമ്പോൾ ഷൂബോക്‌സ് വലുപ്പമുള്ള പത്ത് ഉപഗ്രഹങ്ങളെയും വിന്യസിക്കും.
  ക്യൂബ്സാറ്റുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ചെറു ഉപ​ഗ്രഹങ്ങൾ ഈ റോക്കറ്റിൽ ഒരു വർഷം മുമ്പ് ഇൻസ്റ്റാൾ ചെയ്തതാണ്, വിക്ഷേപണം വൈകിയതിനാൽ പകുതിയോളം ബാറ്ററികൾ റീചാർജ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഈ ചെറു ഉപഗ്രഹങ്ങളുടെ ചെലവ് കുറഞ്ഞതും ഉയർന്ന അപകടസാധ്യതയുള്ളതുമായ സ്വഭാവം കണക്കിലെടുക്കുമ്പോൾ ചിലത് പരാജയപ്പെടുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. റേഡിയേഷൻ അളക്കുന്ന ക്യൂബ്സ്റ്റാറ്റ് ശരിയായിരിക്കും.

  ആദര സൂചകമായി, 1969-ൽ അപ്പോളോ 11ലെ നീൽ ആംസ്‌ട്രോങ്ങും ബസ് ആൽഡ്രിനും ശേഖരിച്ച ചന്ദ്രനിലെ പാറകളുടെ ഏതാനും കഷണങ്ങളും ഒരു ദശാബ്ദം മുമ്പ് കടലിൽ നിന്ന് കണ്ടെത്തിയ അവരുടെ റോക്കറ്റ് എഞ്ചിനുകളിൽ നിന്നുള്ള ഒരു ബോൾട്ടും ഓറിയോൺ വഹിക്കും. ആൽഡ്രിൻ വിക്ഷേപണത്തിൽ പങ്കെടുക്കുന്നില്ല എന്നാണ് നാസ അറിയിച്ചത്. അതേസമയം അദ്ദേഹത്തിന്റെ മൂന്ന് മുൻ സഹപ്രവർത്തകരായ അപ്പോളോ 7 ലെ വാൾട്ടർ കണ്ണിങ്ഹം, അപ്പോളോ 10 ലെ ടോം സ്റ്റാഫോർഡ്, ചന്ദ്രനിൽ നടന്ന അവസാന മനുഷ്യനായ അപ്പോളോ 17 ലെ ഹാരിസൺ ഷ്മിറ്റ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

  അപ്പോളോയും ആർടെമിസും

  50 വർഷത്തിലേറെയായി, എന്നിട്ടും അപ്പോളോ ഇപ്പോഴും നാസയുടെ ഏറ്റവും വലിയ നേട്ടമായി നിലകൊള്ളുന്നു. 1960-കളിലെ സാങ്കേതികവിദ്യ ഉപയോഗിച്ച്, നാസ ആദ്യ ബഹിരാകാശയാത്രികനെ അയച്ചതിന് ശേഷം ആംസ്ട്രോങ്ങിനെയും ആൽഡ്രിനെയും ചന്ദ്രനിൽ ഇറക്കാൻ വെറും എട്ട് വർഷമാണ് എടുത്തത്. നേരെമറിച്ച്, ഹ്രസ്വകാല ചന്ദ്ര പര്യവേക്ഷണ വൃന്ദത്തെ രൂപീകരിച്ചിട്ടും ആർട്ടെമിസ് ദൗത്യത്തിന് ഇതിനകം പത്ത് വർഷത്തിലേറെ കാലതാമസം ഉണ്ടായി.

  1969 മുതൽ 1972 വരെ പന്ത്രണ്ട് അപ്പോളോ ബഹിരാകാശയാത്രികർ ചന്ദ്രനിൽ നടന്നു, ഒരോ തവണയും മൂന്ന് ദിവസത്തിൽ കൂടുതൽ താമസിച്ചില്ല. ആർട്ടെമിസിനെ സംബന്ധിച്ചിടത്തോളം, നാസ നിലവിൽ 42 പേരുള്ള ഒരു വൈവിധ്യമാർന്ന ബഹിരാകാശ സഞ്ചാരികളുടെ കൂട്ടത്തിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ യാത്രികർ ചന്ദ്രനിൽ ചെലവഴിക്കുന്ന സമയം കുറഞ്ഞത് ഒരാഴ്ചയായി നീട്ടുകയും ചെയ്യും.

  ചൊവ്വയിലേക്ക് ആളുകളെ അയയ്‌ക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിന് ഒരു ദീർഘകാല ചാന്ദ്ര സാന്നിധ്യം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഓറിയോൺ ഭൂമിയിൽ തിരിച്ചെത്തിയാൽ ഉടൻ ചന്ദ്രനിലേക്കുള്ള ആദ്യത്തെ ആർട്ടെമിസ് യാത്രികരെ പ്രഖ്യാപിക്കുമെന്നാണ് നാസ പറഞ്ഞിരിക്കുന്നത്.

  അടുത്തത് എന്താണ്?

  ബഹിരാകാശയാത്രികർ വീണ്ടും ചന്ദ്രനിൽ കാലുകുത്തുന്നതിന് മുമ്പായി നിരവധി കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. രണ്ടാമത്തെ പരീക്ഷണ വിക്ഷേപണത്തിൽ ചന്ദ്രനിലേക്ക് നാല് ബഹിരാകാശയാത്രികരെ അയക്കാനാണ് പദ്ധതി, ഒരുപക്ഷേ 2024-ൽ തന്നെ ഇത് സംഭവിച്ചേക്കും. ഒരു വർഷത്തിന് ശേഷം, നാസ മറ്റു നാല് പേരെ കൂടി ചന്ദ്രനിലേക്ക് അയയ്ക്കാൻ ലക്ഷ്യമിടുന്നുണ്ട്, അവരിൽ രണ്ടു പേർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും. അപ്പോളോ ബഹിരാകാശ പേടകത്തെപ്പോലെ ഓറിയോണിന് സ്വന്തം ലൂണാർ ലാൻഡറുമായല്ല എത്തുന്നത്, അതിനാൽ ആദ്യത്തെ ആർട്ടെമിസ് ചന്ദ്രനിലിറങ്ങുന്നതിന് വേണ്ടി സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം ലഭ്യമാക്കുന്നതിനായി ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിനെ നിയമിച്ചിരിക്കുകയാണ് നാസ. മറ്റ് രണ്ട് സ്വകാര്യ കമ്പനികളാണ് ചന്ദ്രനിൽ നടക്കുന്നതിനുള്ള സ്യൂട്ടുകൾ വികസിപ്പിക്കുന്നത്.

  സ്റ്റാർഷിപ്പ് ഓറിയോണുമായി ചേർന്ന് ഒരു ജോടി ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിലേക്കും തിരികെ പേടകത്തിലേക്കും കൊണ്ടു വരുന്നതിന്റെ സാധ്യതകൾ വിലയിരുത്തി വരികയാണ്. ഇതുവരെ, സ്റ്റാർഷിപ്പ് ആറ് മൈൽ (10 കിലോമീറ്റർ) മാത്രമേ ഉയർന്നിട്ടുള്ളൂ. യാത്രികരില്ലാതെ ചന്ദ്രനിലിറങ്ങാൻ ശ്രമിക്കുന്നതിന് മുമ്പ് സ്‌പേസ് എക്‌സിന്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽ ഭൂമിക്ക് ചുറ്റും സ്റ്റാർഷിപ്പ് വിക്ഷേപിക്കാനാണ് മസ്ക് ആലോചിക്കുന്നത്. ചന്ദ്രനിലേക്ക് പോകുന്നതിന് മുമ്പ്, ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ഇന്ധന ഡിപ്പോയിൽ സ്റ്റാർഷിപ്പ് ഇന്ധനം നിറയ്ക്കേണ്ടി വരുമെന്നതാണ് ഒരു തടസ്സം.
  Published by:user_57
  First published: