ആർട്ടെമിസ് (Artemis) ദൗത്യത്തിലെ ആദ്യ വിക്ഷേപണം നാസ മാറ്റിവെച്ചു. എഞ്ചിൻ തകാരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷണ വിക്ഷേപണം നാസയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കും (Moon) പിന്നീട് ചൊവ്വയിലേക്കും (Mars) എത്തിക്കാനുള്ള നാസയുടെ (NASA) സ്വപ്നപദ്ധതിയ്ക്ക് തുടക്കത്തിലെ തന്നെ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. പതിനേഴ് ബഹിരാകാശ യാത്രികരെ അവസാനമായി ചന്ദ്രനിൽ എത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് നാസ പുതിയ ചാന്ദ്രദൗത്യവുമായി എത്തിയത്. നാസയുടെ എക്കാലത്തെയും വലിയ റോക്കറ്റ് വിക്ഷേപണം വീക്ഷിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിന് സമീപം തടിച്ചുകൂടിയിരുന്നു.
എന്തുകൊണ്ടാണ് നാസ ഈ ദൗത്യം ഉപേക്ഷിച്ചതെന്നും അടുത്ത പദ്ധതി എന്തെന്നും പരിശോധിക്കാം:
സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റും ഓറിയോൺ (Orion) പേടകവും പരീക്ഷിക്കുക എന്നതായിരുന്നു വിക്ഷേപണത്തിന്റെ ലക്ഷ്യം. യാത്രികർക്ക് പകരം സെൻസറുകൾ ഘടിപ്പിച്ച ഡമ്മികളെ ആണ് ഇത്തവണ ദൗത്യത്തിന് വേണ്ടി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നത്. ഓറഞ്ചും വെളുപ്പും നിറത്തിലുള്ള റോക്കറ്റിൽ ശീതീകരിച്ച മൂന്ന് ദശലക്ഷം ലിറ്ററിലധികം ദ്രാവക ഹൈഡ്രജനും ഓക്സിജനും നിറയ്ക്കാനുള്ള പ്രവർത്തനങ്ങൾ രാത്രിയിൽ നടന്നു വരികയായിരുന്നു. എന്നാൽ, ഇടിമിന്നൽ അപകടസാധ്യത ഉയർത്തിയതോടെ ഇതിൽ കുറച്ച് കാലതാമസം നേരിട്ടതാണ് വെല്ലുവിളിയായത്.
അമേരിക്കൻ സമയം രാവിലെ 8:33-ന് (ഇന്ത്യൻ സമയം വൈകിട്ട് 6.03 ന്) വിക്ഷേപണം നടത്താൻ ആണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, 322 അടി ഉയരയുള്ള (98 മീറ്റർ) സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിലെ നാല് ആർഎസ്-25 എഞ്ചിനുകളിൽ ഒന്നിന്റെ പ്രവർത്തനം താപനിലയിൽ ഉണ്ടായ വ്യതിയാനത്തെ തുടർന്ന് തകരാറിലായി. ഇതേ തുടർന്ന് വിക്ഷേപണം റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. പറന്നുയരുന്നതിന് അനുയോജ്യമായ താപനില പരിധിയിലേക്ക് എഞ്ചിനുകളിൽ ഒന്നിനെ എത്തിക്കാനുള്ള പരീക്ഷണം വിജയിച്ചില്ലെന്ന് നാസ പറഞ്ഞു.
റോക്കറ്റിന്റെ ജ്വലനത്തിന് മുമ്പ് നിരവധി തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ റോക്കറ്റിന്റെ നാല് കോർ-സ്റ്റേജ് എഞ്ചിനുകളിൽ ഒന്നിലെ ദ്രവ ഹൈഡ്രജൻ വ്യൂഹങ്ങളിൽ ഒന്ന് വേണ്ടത്ര ശീതീകരിക്കപ്പെട്ടില്ല എന്ന് കണ്ടെത്തിയതായാണ് നാസയെ ഉദ്ധരിച്ച് പോപ്പുലർ സയൻസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, എഞ്ചിൻ 3 "ബ്ലീഡ് പ്രക്രിയയിലൂടെ ശരിയായി കണ്ടീഷൻ ചെയ്തിട്ടില്ല" എന്ന് നാസയിലെ എഞ്ചിനീയർമാർ അഭിപ്രായപ്പെട്ടതായി സിഎൻഇടി റിപ്പോർട്ട് ചെയ്തു. ചെറിയ അളവിൽ ഇന്ധനം പുറത്തുവിടുന്നതിലൂടെ എഞ്ചിനുകളെ ശരിയായ താപനിലയിലേക്ക് തണുപ്പിക്കാൻ അനുവദിക്കുന്ന ഈ പ്രക്രിയ എഞ്ചിൻ ബ്ലീഡ് എന്നാണ് അറിയപ്പെടുന്നത്. കൗണ്ട്ഡൗൺ ടി-മെനസ് 40 മിനുട്ടിൽ നിർത്തിവെച്ച് തകരാറുകൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും എഞ്ചിൻ 3 യുടെ പ്രവർത്തനം പ്രതീക്ഷിച്ച രീതിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് നാസ വ്യക്തമാക്കി. എന്നിരുന്നാലും എസ്എൽഎസ് റോക്കറ്റും ഓറിയോൺ പേടകവും സുരക്ഷിതവും സുസ്ഥിരവുമായ സ്ഥിതിയിൽ തുടരുന്നതായി നാസ അറിയിച്ചു. പുലർച്ചെ മൂന്നു മണിയോടെ മറ്റൊരു വിള്ളൽ കൂടി ശ്രദ്ധയിൽപ്പെട്ടു. ഹൈഡ്രജൻ നിറയ്ക്കുന്നതിനിടയിൽ ആണ് ഈ വിള്ളൽ കണ്ടെത്തിയത്, അതോടെ ഹൈഡ്രജൻ നിറയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. പിന്നീട് പരിശോധനകൾക്ക് ശേഷമാണ് പുനരാരംഭിച്ചത്.
ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ അനുഭവപ്പെട്ട ഇടിമിന്നൽ, ഇന്ധനം നിറയ്ക്കുന്നതിൽ ഒരു മണിക്കൂറോളം കാലതാമസം ഉണ്ടാകാൻ കാരണമായതായും പോപ്പുലർ സയൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. എസ്‍എൽഎസ് കോർ സ്റ്റേജിന്റെ ഫ്ലേഞ്ചുകളിലൊന്നിലെ താപപ്രതിരോധ സംവിധാനത്തിൽ ഒരു "വിള്ളൽ" ശ്രദ്ധയിൽ പെട്ടതായിരുന്നു മറ്റൊരു പ്രശ്നം. എന്നാൽ അത് പിന്നീട് അതിയായി ശീതീകരിച്ച പ്രൊപ്പല്ലന്റിന്റെ ഫലമാണെന്നും ഘടനാപരമായ പ്രശ്നമല്ലെന്നും നാസ വെളിപ്പെടുത്തി. എഞ്ചിനീയർമാർ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ വിലയിരുത്തുകയും വിള്ളലിനുള്ളിൽ കുടുങ്ങിയ തണുത്തുറഞ്ഞ വായുവിൽ നിന്നാണ് ഐസ് രൂപപ്പെട്ടതെന്ന് കണ്ടെത്തുകയും ചെയ്തു.
അടുത്ത പദ്ധതി എന്ത്?
ആദ്യ ശ്രമം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഉടൻ തന്നെ വിക്ഷേപണം നടത്തുന്നതിനുള്ള ശ്രമങ്ങളിലാണ് നാസ. ആർട്ടെമിസ് ദൗത്യത്തിന്റെ ആദ്യഘട്ട വിക്ഷേപണത്തിന് ഏജൻസി സമയം ക്രമീകരിച്ചിട്ടുള്ള അടുത്ത രണ്ട് ദിവസങ്ങൾ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ആണ്. എന്നാൽ, ഈ ദിവസങ്ങളിൽ എതെങ്കിലും ഒന്നിൽ മറ്റൊരു ശ്രമം നടത്തുമോ എന്ന കാര്യം നാസ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.
" വിക്ഷേപണ സംഘത്തിന് ലഭ്യമാകുന്ന അടുത്ത അവസരം സെപ്റ്റംബർ 2 ന് ആണ്. ഈ എഞ്ചിനിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അത്. എന്നിരുന്നാലും ഞങ്ങൾ ഒരു അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്," നാസ പറഞ്ഞു.
“ എഞ്ചിന്റെ തകരാറുകൾ എല്ലാം പരിഹരിക്കപ്പെടുന്നതു വരെ ഞങ്ങൾ വിക്ഷേപണം നടത്തില്ല,” എഞ്ചിൻ തകരാറിനെ തുടർന്ന് കെന്നഡി സ്‌പേസ് സെന്ററിൽ നിന്നുള്ള റോക്കറ്റ് വിക്ഷേപണം റദ്ദാക്കാൻ നിർബന്ധിതരായതിന് ശേഷം നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ വ്യക്തമാക്കി. "ഇത് വളരെ സങ്കീർണ്ണമായ ഒരു യന്ത്രമാണ് വിക്ഷേപണത്തിന് പൂർണമായി തയ്യാറാകുന്നതിന് മുമ്പായി അതിന് വേണ്ടി ശ്രമിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല" നെൽസൺ പറഞ്ഞു. ഇത്തരത്തിൽ കലതാമസം ഉണ്ടാകുന്നത് ബഹിരാകാശ ബിസിനസിന്റെ ഭാഗം മാത്രമാണെന്നും നെൽസൺ കൂട്ടിചേർത്തു. മാത്രമല്ല, നാസയിലെ എഞ്ചിനീയർമാർ ഈ തകരാറുകൾ എല്ലാം പരിഹരിക്കുമെന്നും തുടർന്ന് വിജയകരമായി വിക്ഷേപണം നടത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒരു വിക്ഷേപണത്തിന്റെ ചെലവ് 4.1 ബില്യൺ ഡോളറോളമാണ്. അതിനാൽ ഇത് പൂർണമായി പരാജയപ്പെടുന്നത് പദ്ധതിക്ക് വൻ തിരിച്ചടിയാകും. ഇപ്പോൾ തന്നെ തീരുമാനിച്ചതിലും വളരെ വൈകിയാണ് വിക്ഷേപണം നടത്താനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായത്.
സമീപഭാവിയിൽ മനുഷ്യർക്ക് യാത്ര ചെയ്യാൻ സുരക്ഷിതമാണോ എന്നറിയാൻ റോക്കറ്റിന്റെ ഓറിയോൺ പേടകം ചന്ദ്രനെ വലം വെയ്ക്കുക എന്നതായിരുന്നു ആദ്യ ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. പിന്നീടുള്ള ഘട്ടത്തിൽ, ഒരു സ്ത്രീ ഉൾപ്പടെയുള്ള സംഘത്തെ ചന്ദ്രനിൽ ഇറക്കാനാണ് ആർട്ടെമിസ് ദൗത്യം ലക്ഷ്യമിടുന്നത്. 42 ദിവസത്തെ യാത്രയിൽ, ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓറിയോൺ പേടകം ഏറ്റവും സമീപത്തായി വരുന്നത് 60 മൈൽ അകലത്തിൽ (100 കിലോമീറ്റർ) എത്തുമ്പോഴാണ്. തുടർന്ന് അതിന്റെ എഞ്ചിനുകൾ 40,000 മൈൽ അകലേക്ക് കുതിക്കും. മനുഷ്യനെ വഹിക്കാൻ ശേഷിയുള്ള ഒരു ബഹിരാകാശ പേടകത്തിന്റെ റെക്കോർഡായിരിക്കും ഇത്.
പതിനാറ് അടി വ്യാസമുള്ള പേടകത്തിന്റെ ഹീറ്റ് ഷീൽഡ് പരീക്ഷിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലുതാണിത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങുമ്പോൾ, ഹീറ്റ് ഷീൽഡിന് മണിക്കൂറിൽ 25,000 മൈൽ വേഗതയും 5,000 ഡിഗ്രി ഫാരൻഹീറ്റ് (2,760 ഡിഗ്രി സെൽഷ്യസ്) താപനിലയും നേരിടേണ്ടി വരും . അതായത് ഏകദേശം സൂര്യന്റെ പകുതി ചൂട്. പേടകത്തിലെ ഡമ്മികൾ ത്വരണം ( acceleration), കമ്പനം (vibration), വികിരണം (radiation) എന്നിവയുടെ തോത് രേഖപ്പെടുത്തും. ചന്ദ്രോപരിതലത്തെ കുറിച്ച് പഠിക്കുന്നതിനായി ഒരു കൂട്ടം ചെറിയ ഉപഗ്രഹങ്ങളെയും റോക്കറ്റ് വിന്യസിക്കും.
ദൗത്യത്തിന്റെ അടുത്ത ഘട്ടമായ ആർട്ടെമിസ് 2വിൽ ബഹിരാകാശയാത്രികരെ വഹിച്ചു കൊണ്ടായിരിക്കും റോക്കറ്റ് വിക്ഷേപണം നടത്തുക. എന്നാൻ, യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറക്കില്ല പകരം ഭ്രമണപഥത്തിൽ എത്തിക്കുക മാത്രമാണ് ഈ ഘട്ടത്തിൽ ചെയ്യുക. ആർട്ടെമിസ് 3ലെ സംഘം ആയിരിക്കും ചന്ദ്രനിൽ ഇറങ്ങുക. 2025 ഓടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യർ ഇതിനകം തന്നെ ചന്ദ്രനിൽ സന്ദർശനം നടത്തി കഴിഞ്ഞതാണ്. അതിനാൽ ഇതിലും മഹത്തായ മറ്റൊരു ലക്ഷ്യവുമായാണ് ആർട്ടിമെസ് കുതിക്കുന്നത്. സമീപ ഭാവിയിൽ തന്നെ ചൊവ്വയിലേക്ക് മനുഷ്യരെ കൊണ്ടുപോവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആദ്യ പടിമാത്രമാണിത്. ഗേറ്റ്‌വേ എന്നറിയപ്പെടുന്ന ഭ്രമണപഥത്തിലുള്ള ഒരു ബഹിരാകാശ നിലയവും ചന്ദ്രോപരിതലത്തിലെ ഒരു അടിത്തറയും ഉപയോഗിച്ച് ചന്ദ്രനിൽ ശാശ്വതമായി മനുഷ്യ സാന്നിധ്യം സ്ഥാപിക്കുക എന്നതാണ് ആർട്ടെമിസിന്റെ ദൗത്യം. മാസങ്ങളോളം എടുക്കുന്ന ചൊവ്വയിലേക്കുള്ള യാത്രയ്ക്കിടയിൽ തങ്ങുന്നതിനുള്ള താൽക്കാലിക പ്ലാറ്റ്ഫോമായും ഇന്ധനം നിറയ്ക്കാനായുള്ള സ്റ്റേഷനായും ഗേറ്റ്‌വേ പ്രവർത്തിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mission Moon, Nasa