സംസ്ഥാനത്ത് സമ്പൂർണ യുഡിഐഡി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ ജില്ലയായി കോഴിക്കോട്
Last Updated:
ജില്ലയിൽ ഭിന്നശേഷിക്കാരായ 57,777 പേരുടെ യുഡിഐഡി രജിസ്ട്രേഷനാണ് പൂർത്തീകരിച്ചത്.
ഭിന്നശേഷി വിഭാഗം ആളുകളുടെ ശാക്തീകരണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹികനീതി വകുപ്പ് നേതൃത്വം നല്‌കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കോഴിക്കോട് ജില്ലയുടെ യുണീക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) രജിസ്ട്രേഷൻ പൂർത്തീകരണ പ്രഖ്യാപനവും ഉപഹാര സർപ്പണവും മന്ത്രി കോഴിക്കോട് നടത്തി. ഭിന്നശേഷി വിഭാഗക്കാർക്ക് സാമൂഹികനീതി ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടം നടത്തിവരുന്ന ഇടപെടലുകൾ മറ്റു ജില്ലകള്ക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. യുഡിഐഡി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നേതൃത്വം നല്‌കിയ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ പഞ്ചായത്ത് ഭരണസമിതി, എൻ എസ് എസ് വോളണ്ടിയർമാർ, വിവിധ വകുപ്പുകൾ, കളക്‌ടറുടെ ഇൻ്റേൺസ് എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്ത് സമ്പൂർണ യുഡിഐഡി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ ജില്ലയാണ് കോഴിക്കോട്. ജില്ലയിൽ ഭിന്നശേഷിക്കാരായ 57,777 പേരുടെ യുഡിഐഡി രജിസ്ട്രേഷനാണ് പൂർത്തീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം ഭിന്നശേഷിക്കാരുള്ള മൂന്നാമത്തെ ജില്ലയാണ് കോഴിക്കോട്. സാമൂഹികനീതി വകുപ്പിൻ്റെ 2019ലെ സർവ്വേ പ്രകാരം ജില്ലയിൽ 57,000 ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. മുഴുവൻ ഭിന്നശേഷിക്കാരുടെയും യുഡിഐഡി രജിസ്ട്രേഷൻ പൂർത്തീകരിക്കാനായി 'തന്മുദ്ര' രണ്ടാംഘട്ട ക്യാമ്പയിൻ നടത്തിയിരുന്നു. സാമൂഹിക സുരക്ഷാ മിഷൻ വഴി 2024 ഏപ്രിലിൽ പൂർത്തിയാക്കിയ തന്മുദ്ര സർവ്വേ പ്രകാരം ജില്ലയിൽ 57,370 ഭിന്നശേഷിക്കാരെയാണ് കണ്ടെത്തിയത്. എന്നാൽ ഇതിൽ 44,000 പേര് മാത്രമായിരുന്നു സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തത്. തുടർന്ന് കോഴിക്കോട് ജില്ലയിൽ വിവിധ ബ്ലോക്കുകളിലും നഗരസഭകളിലും 33 വികേന്ദ്രീകൃത ഡാറ്റ ക്യാമ്പുകളും മെഗാ രജിസ്ട്രേഷൻ ഡ്രൈവും നടത്തിയാണ് 57,777 പേരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. ഭിന്നശേഷി അവകാശ നിയമപ്രകാരം വിവിധ ആവശ്യങ്ങൾക്ക് അടിസ്ഥാന രേഖയായി പരിഗണിക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡാണ് ഇതിലൂടെ ലഭ്യമാവുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
August 26, 2025 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സംസ്ഥാനത്ത് സമ്പൂർണ യുഡിഐഡി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ ജില്ലയായി കോഴിക്കോട്