K-Rail| തിരുനാവായിലെ കെ.റെയിൽ വിരുദ്ധ 'താമര സമരം'; ആരോപണങ്ങളും വിശദീകരണവുമായി CPM ഉം BJP ഉം നേർക്കുനേർ
- Published by:Naseeba TC
- news18-malayalam
Last Updated:
കെ-റെയിൽ വിരുദ്ധ സമരത്തിനിടയിൽ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്ന് സിപിഎം. ആറന്മുള വിമാനത്താവള സമരത്തിൽ ബിജെപിക്കൊപ്പം വി.എസ്.അടക്കമുള്ള സിപിഎം നേതാക്കൾ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ബിജെപി
മലപ്പുറം: തിരുനാവായിലെ 'താമര സമര' ത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി സിപിഎമ്മും ബിജെപിയും രംഗത്ത്. കഴിഞ്ഞ ദിവസം തിരുനാവായ താമര പാടത്ത് കെ റെയിൽ (K-Rail protest) വിരുദ്ധ സമിതി നടത്തിയ പ്രതിഷേധത്തിൽ സ്ഥലം എംഎൽഎ കുറുക്കൊളി മൊയ്തീനും ബിജെപി ജില്ലാ അധ്യക്ഷൻ രവി തേലത്തും പങ്കെടുത്തിരുന്നു. താമര പാടത്ത് നടന്ന ചടങ്ങിൽ താമര പൂക്കൾ കൈകളിൽ എടുത്ത് ആയിരുന്നു എല്ലാവരും പ്രതിഷേധിച്ചത്. ഇതിന് എതിരെ ആണ് മലപ്പുറം സിപിഎം (CPM)ജില്ലാ സെക്രട്ടറി ആരോപണവുമായി വന്നിരിക്കുന്നത്.
കെ-റെയിൽ വിരുദ്ധ സമരത്തിനിടയിൽ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നിലപാട് വ്യക്തമാക്കണം എന്ന് സിപിഎം മലപ്പുറം ജില്ല സെക്രട്ടറി ഇ എൻ മോഹൻദാസ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ,

"ബിജെപി ആസൂത്രണം ചെയ്ത സമരം ലീഗ് ഏറ്റെടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം തിരുന്നാവായയിൽ കണ്ടത്. കുറുക്കോളി മൊയ്തീൻ എംഎൽഎയും, ലീഗ് ജില്ലാ പഞ്ചായത്ത് അംഗവും, തദ്ദേശ സ്ഥാപന മേധാവികളുമാണ് ജില്ലാ പ്രസിഡണ്ട് രവി തേലത്ത് ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി വേദി പങ്കിട്ടത്. കെ പി എ മജീദ് എംഎൽഎയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐ ഉൾപ്പെടെയുള്ള മതമൗലികവാദിക സംഘടനകളുമായി കൈകോർത്താണ് ഈ സമരം. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരപ്പൂ പിടിച്ച ലീഗ് നേതാക്കളുടെ ചിത്രം കൗതുകമുണർത്തുന്നതാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെയാകെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന നടപടികളുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ മുന്നോട്ടു പോകുമ്പോഴാണ് കേരളത്തിൽ ലീഗ് അവരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.
advertisement
രാജ്യസഭയിൽ ഏക സിവിൽകോഡും, ജനസംഖ്യാനിയന്ത്രണ ബില്ലും അവതരിപ്പിച്ച ദിവസമാണ് ലീഗിന്റെ ബിജെപിയുമായി ചേർന്നുള്ള താമരപ്പൂ സമരം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ബിജെപി നേതാക്കൾ അർത്ഥശങ്കയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയുള്ള ബിജെപിയുമായി ചേർന്ന് കേരളത്തിൽ സർക്കാരിനെ ദുർബലമാക്കാൻ കഴിയുമെന്നാണ് ലീഗ് കണക്കുകൂട്ടൽ. അതിന് കെ റെയിൽ സമരം മറയാക്കുകയാണ്. മുമ്പും ഇത്തരം വഴിവിട്ട നീക്കം കേരളം കണ്ടിട്ടുണ്ട്. അതിനെ പുച്ഛിച്ചു തള്ളിയ ചരിത്രമാണ് നാടിനുള്ളത്.
advertisement
വ്യാജ പ്രചാരണം അഴിച്ചുവിട്ടു ജനങ്ങളെ ആശങ്കയിലാഴ്ത്താനാണ് ഈ അവിശുദ്ധ സഖ്യം ശ്രമിക്കുന്നത്. തിരുന്നാവായയിൽ കഴിഞ്ഞ ദിവസം കണ്ടതും അതാണ്. കൃഷിയേയും തണ്ണീർതടങ്ങളെയും സംരക്ഷിച്ചുമാത്രമേ പദ്ധതി നടപ്പാക്കൂ എന്ന് സർക്കാർ വ്യക്തമാക്കിയതാണ്. ഇത് മുഖവിലയ്‌ക്കെടുക്കാതെയാണ് താമര സമരം. ദേശീയപാത വികസനത്തിനും, ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കുമെതിരെ ഇവർ നടത്തിയ പ്രചാരവേലകൾ നാട് കണ്ടതാണ്. ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചു വികസനപദ്ധതികൾ നടപ്പാക്കുക എന്നതാണ് എൽഡിഎഫ് നയം. അതിന് വഴിമുടക്കാൻ അവിശുദ്ധ സഖ്യത്തിന് സാധിക്കില്ല."
advertisement
ആരോപണങ്ങൾ നിഷേധിച്ച ബിജെപി ജനരോഷത്തിൽ നിന്ന് ഒളിച്ചോടാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ അഭിപ്രായമെന്ന് പ്രതികരിച്ചു.
"സർക്കാറിൻറെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ ഒരുമിച്ച് പ്രതിഷേധിക്കുന്നത് ജനാധിപത്യത്തിലെ സുന്ദര നിമിഷങ്ങളാണ്. അതാണ് ശരിയായ പ്രവർത്തന രീതിയും. അതിനെ രാഷ്ട്രീയമായോ ധാർമ്മികമായോ നേരിടാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങളിലൂടെ ജനപക്ഷത്ത് ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം. ജനവിരുദ്ധ നടപടികൾക്കെതിരെ രാഷ്ട്രീയഭേദമന്യേ ഒന്നിച്ചു നിന്ന് പോരാടുന്നത് സംസ്ഥാനത്തിന്റെ നന്മക്കു വേണ്ടിയാണ്. യുഡിഎഫ് ഭരണകാലത്ത് ആറന്മുള വിമാനത്താവളത്തിനെതിരെ നടത്തിയ സമരത്തിൽ ബിജെപിക്കൊപ്പം പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനടക്കമുള്ള സിപിഎം നേതാക്കൾ പങ്കെടുത്തതും കർഷക സമരത്തിൽ കോൺഗ്രസിനൊപ്പം സി.പി.എം അണിചേർന്നതും അവിശുദ്ധ സഖ്യമായിരുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറി പറയുമോ." രവി തേലത്ത് ചോദിച്ചു. ആരോപണങ്ങളോട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വമോ തിരൂർ എംഎൽഎ കുറുക്കൊളി മൊയ്തീനോ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 03, 2022 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K-Rail| തിരുനാവായിലെ കെ.റെയിൽ വിരുദ്ധ 'താമര സമരം'; ആരോപണങ്ങളും വിശദീകരണവുമായി CPM ഉം BJP ഉം നേർക്കുനേർ