ലോകകപ്പ് ക്രിക്കറ്റ് 2023: BCCI ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് പരസ്യത്തിനും വിമാനയാത്രകൾക്കും
- Published by:Naseeba TC
- news18-malayalam
Last Updated:
3.4 കോടി രൂപ ചെലവഴിച്ചത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിലെ മിഡ്-ഇന്നിംഗ്‌സ് ചടങ്ങ് സംഘടിപ്പിക്കാനായിരുന്നു
2023 ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (Board of Control for Cricket in India (BCCI)) ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് പരസ്യങ്ങൾക്കും വിമാനയാത്രകൾക്കും ഹോട്ടൽ ബുക്കിങ്ങിനും വേണ്ടിയെന്ന് റിപ്പോർട്ട്. ബിസിസിഐയുടെ വെബ്സൈറ്റിലാണ് ഈ കണക്കുകൾ ഉള്ളത്.
കഴിഞ്ഞ വർഷത്തെ ക്രിക്കറ്റ് ലോകകപ്പിനായി, ബിസിസിഐയിൽ നിന്നുള്ള ഏറ്റവും വലിയ കരാർ ലഭിച്ചത് സ്‌പോർട്‌സ് മാർക്കറ്റിംഗ് കമ്പനിയായ ടിസിഎമ്മിനാണ് (ട്വന്റി ഫസ്റ്റ് സെഞ്ച്വറി മീഡിയ). 38.6 കോടി രൂപക്കായിരുന്നു കരാർ. ഇതിൽ, 3.4 കോടി രൂപ ചെലവഴിച്ചത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിലെ മിഡ്-ഇന്നിംഗ്‌സ് ചടങ്ങ് സംഘടിപ്പിക്കാനായിരുന്നു. ബാക്കി തുക ടൂർണമെന്റിന്റെ പിആർ, മാർക്കറ്റിംഗ് കാര്യങ്ങൾക്കായി ചെലവഴിച്ചു. ബിസിസിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന മീഡിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ ഗ്രൂപ്പ്എം (GroupM) ഈ പട്ടികയിൽ രണ്ടാമതാണ്. 23.47 കോടി രൂപയുടെ കരാർ ആണ് ബിസിസിഐയും ഗ്രൂപ്പ് എമ്മുമായി ഉണ്ടായിരുന്നത്.
advertisement
ലോകകപ്പിനു വേണ്ടിയുള്ള ബിസിസിഐയുടെ മൂന്നാമത്തെ വലിയ കരാർ എയർലൈൻ കമ്പനിയായ വിസ്താരയുമായി ഉള്ളതായിരുന്നു. 8 കോടിയുടെ കരാർ ആയിരുന്നു ഇത്. ഡിഎൻഎ എന്റർടെയ്ൻമെന്റ് (6.9 കോടി) ആകാശ (3 കോടി) എന്നിവർ കരാറിന്റെ കാര്യത്തിൽ തൊട്ടുപിന്നാലെയുണ്ട്. ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷൻ കമ്പനിയായ കെടിസി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയ 2.9 കോടി രൂപയാണ് മറ്റൊരു വലിയ തുകയുടെ കരാർ. ഐടിസി ഹോട്ടലുകൾക്ക് 2.5 കോടിയും സ്പൈസ് ജെറ്റിന് 2 കോടിയുമാണ് ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി ബിസിസിഐ നൽകിയത്.
advertisement
ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായുള്ള വിമാനയാത്രകൾക്കായി ബിസിസിഐ ആകെ 16 കോടിയാണ് ചെലവാക്കിയത്. എയർലൈൻ കമ്പനികൾക്ക് പുറമെ എയർ ചാർട്ടർ സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചാർട്ടർ എക്സ് തുടങ്ങിയ ചാർട്ടേഡ് ഫ്ലൈറ്റ് സ്ഥാപനങ്ങൾക്ക് യഥാക്രമം 2 കോടിയും 90 ലക്ഷം രൂപയും ബിസിസിഐയിൽ നിന്നും ലഭിച്ചു.
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട താമസങ്ങൾക്കായി, ഹോട്ടലുകൾക്ക് ബിസിസിഐ ആകെ നൽകിയത് 10.4 കോടി രൂപയാണ്. ധരംശാലയിലെ റാഡിസൺ ബ്ലൂ , ചെന്നൈയിലെ ലീല പാലസ് , ട്രൈഡന്റ് നരിമാൻ പോയിന്റ്, അഹമ്മദാബാദിലെ ഐടിസി നർമദ തുടങ്ങിയ ഹോട്ടലുകളുമായിട്ടായിരുന്നു കരാർ.
advertisement
സെക്യൂരിറ്റി സൊല്യൂഷൻസ് കമ്പനിയായ ഈഗിൾ ഹണ്ടറിന് 1.6 കോടിയും ബിസിസി നൽകിയിരുന്നു. ഇതിനു പുറമേ, ഡൽഹി, ഹിമാചൽ പ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ്, ഗുജറാത്ത്, മുംബൈ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകൾ 10.8 കോടി രൂപ വീതം ലോകകപ്പ് വേദിയുടെ ഫീസ് ഇനത്തിൽ സ്വന്തമാക്കി 11.8 കോടി രൂപ നേടിയ തമിഴ്‌നാടിനാണ് ഈയിനത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത്. അസമിലെയും കേരളത്തിലെയും ക്രിക്കറ്റ് അസോസിയേഷനുകൾ 2.7 കോടി രൂപ വീതം നേടിയപ്പോൾ ഹൈദരാബാദിന് 8.1 കോടി രൂപയാണ് ലോകകപ്പ് വേദിയുടെ ഫീസ് ആയി ലഭിച്ചത്.
ഏറ്റവും പുതിയ സ്‌പോർട്‌സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
January 19, 2024 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പ് ക്രിക്കറ്റ് 2023: BCCI ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് പരസ്യത്തിനും വിമാനയാത്രകൾക്കും