Musk: ഇലോണ്‍ മസ്‌ക് യുഎസ് പ്രസിഡന്റാകുമോ? ഡൊണാള്‍ഡ് ട്രംപ് പറയുന്നു
- Published by:Sarika N
- news18-malayalam
Last Updated:
ടെക് കോടീശ്വരനും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ഇലോണ്‍ മസ്‌കിനെ 'പ്രസിഡന്റ് മസ്‌ക്' എന്നാണ് ഡെമോക്രാറ്റിക് ക്യാംപില്‍ നിന്നുള്ളവരടക്കം വിശേഷിപ്പിക്കുന്നത്
അമേരിക്കയില്‍ ജനുവരിയോടെ അധികാരത്തിലെത്തുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണത്തില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് കാര്യമായ സ്വാധീനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ടെക് കോടീശ്വരനും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ഇലോണ്‍ മസ്‌കിനെ 'പ്രസിഡന്റ് മസ്‌ക്' എന്നാണ് ഡെമോക്രാറ്റിക് ക്യാംപില്‍ നിന്നുള്ളവരടക്കം വിശേഷിപ്പിക്കുന്നത്.
അരിസോണയിലെ ഫീനിക്‌സില്‍ നടന്ന റിപ്പബ്ലിക്കന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ഡൊണാള്‍ഡ് ട്രംപ് ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചു. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതുന്ന മസ്‌കിന് പ്രസിഡന്റാകാന്‍ കഴിയുമോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍, രാജ്യത്തെ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഇല്ല എന്ന് ഉത്തരം നൽകി. ''എന്തുകൊണ്ടാണ് മസ്‌കിന് പ്രസിഡന്റ് ആകാന്‍ കഴിയാത്തതെന്ന് നിങ്ങള്‍ക്ക് അറിയുമോ? കാരണം, അദ്ദേഹം ഈ രാജ്യത്തല്ല ജനിച്ചത്,'' ട്രംപ് വ്യക്തമാക്കി.
ടെസ്ല, സ്‌പെയ്‌സ് എക്‌സ് എന്നീ സ്ഥാപനങ്ങളുടെ മേധാവിയായ മസ്‌ക് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ യുഎസില്‍ ജനിച്ചയാൾ ആയിരിക്കണമെന്ന് അമേരിക്കന്‍ ഭരണഘടനയില്‍ നിഷ്‌കര്‍ഷിക്കുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി മസ്‌കിന് ഒരിക്കലും യുഎസ് പ്രസിഡന്റായിരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ജനക്കൂട്ടത്തിന് ഉറപ്പുനല്‍കി. ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമത വകുപ്പിന്റെ മേധാവിയായാണ് മസ്‌കിനെ നിയമിച്ചിരിക്കുന്നത്. ഇതിനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെടാത്ത ഒരു പൗരന് ഇത്രയധികം അധികാരം എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് അവര്‍ പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം.
advertisement
ചില നിലപാടുകളുടെ പേരില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍പോലും മസ്‌കിനെതിരേ രംഗത്തെത്തിയിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച നിരവധി പോസ്റ്റുകള്‍ക്കിടയില്‍ ഒരു സര്‍ക്കാര്‍ ധനസഹായ നിര്‍ദേശം തള്ളിയതിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഫണ്ടിംഗ് ബില്ലില്‍ നിന്ന് പിന്മാറാന്‍ റിപ്പബ്ലിക്കന്‍ നേതാക്കളെ സമ്മര്‍ദത്തിലാക്കുന്നതിന് മസ്‌ക് ട്രംപിനെ സഹായിച്ചിരുന്നു. ഇത് ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കൻ സർക്കാരിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 23, 2024 11:41 AM IST