കോവിഡ് എങ്ങും പോയിട്ടില്ല; ഇവിടെയുണ്ട്; സംസ്ഥാനത്ത് 11 ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത് 119 പേർ
- Published by:Rajesh V
- news18-malayalam
Last Updated:
ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 8.76 ആണ്. ഇതു ഗുരുതര സാഹചര്യമാണെന്നും പ്രതിരോധ മാർഗങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് നിർദേശം നൽകി
തിരുവനന്തപുരം: പഴയ ജാഗ്രതയില്ലെങ്കിലും കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും സംസ്ഥാനത്ത് ഇപ്പോഴും ഒട്ടും കുറവില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 119 കോവിഡ് മരണങ്ങളാണ്. 12,897 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 8.76 ആണ്. ഇതു ഗുരുതര സാഹചര്യമാണെന്നും പ്രതിരോധ മാർഗങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് നിർദേശം നൽകി.
advertisement
കേരളം മുഴുവൻ പനിച്ചും ചുമച്ചും മുന്നോട്ടുപോകുന്ന ഈ സാഹചര്യത്തിൽ പരിശോധിക്കുന്ന മിക്കവരും കോവിഡ് പോസിറ്റിവാണ്. എന്നാൽ, ആനുപാതികമായി പരിശോധനകൾ ഒരിടത്തും നടക്കുന്നില്ല. പനിയും ജലദോഷവും ചുമയുമായി എത്തുന്നവരെ കോവിഡ് പരിശോധനക്ക് ശിപാർശ ചെയ്യുന്നതും വിരളമായി. മരണങ്ങൾ വർധിക്കാനും കോവിഡ് വ്യാപകമാകാനും ഇതു കാരണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
advertisement
സംസ്ഥാനത്ത് ഇതുവരെയുള്ള കോവിഡ് മരണങ്ങൾ മുക്കാൽ ലക്ഷത്തിലേക്ക് അടുക്കുകയാണ്. മിക്ക വീടുകളിലും ഇപ്പോൾ പനിബാധിതരുണ്ട്. രോഗം മാറിയാൽ പോലും നീളുന്ന ചുമയും അസ്വസ്ഥതകളും കാരണം പ്രയാസപ്പെടുകയാണ് പലരും. എന്താണ് ഇപ്പോൾ പകരുന്ന രോഗമെന്നത് ആരോഗ്യവകുപ്പും വ്യക്തത വരുത്തിയിട്ടില്ല. ഇപ്പോൾ പകരുന്നത് കോവിഡ് ഒമിക്രോൺ വകഭേദം തന്നെയെന്നും അതിന് ജനിതകമാറ്റം വന്നിട്ടില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു.
advertisement
കോവിഡ് മാറിയെന്ന ചിന്തയിൽ പലരും ബൂസ്റ്റർ ഡോസ് വാക്‌സിനെടുക്കാൻ തയാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ വാക്സിൻ വിവരങ്ങൾ അറിയുന്നില്ലെന്നും പലതവണ ആരോഗ്യകേന്ദ്രങ്ങളിലെത്തി മടങ്ങേണ്ടി വരികയാണെന്നും മറുവശത്ത് ആരോപണമുയരുന്നു. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരിൽ കൂടുതൽ 18 -നും 44 -നും ഇടയിൽ പ്രായമുള്ളവരാണ്.
advertisement
രണ്ടാംഡോസെടുത്ത് ആറു മാസം കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കാം. വിദേശത്തേക്ക് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും വാക്‌സിൻ എടുക്കാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലും കോവിഡ് സൗജന്യ ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകും. 18 -നും 59 -നും ഇടയിൽ പ്രായമുള്ളവർക്കായുള്ള ബൂസ്റ്റർ ഡോസിന്റെ സൗജന്യവിതരണം ജൂലൈ 15 -നാണ് തുടങ്ങിയത്.
advertisement
ഒന്നും രണ്ടും ഡോസുകൾ എടുത്തതു പോലെ ഏതൊക്കെ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാണെന്നത് കോവിൻ സൈറ്റിൽ ഇല്ലാത്തത് ആളുകളെ കുഴക്കുന്നുണ്ട്. പി.എച്ച്.സികളിൽ പല തവണ എത്തി മടങ്ങിയവരുമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കൃത്യമായ ഏകോപനമില്ലാത്തതും തിരിച്ചടിയാവുന്നു. സൗജന്യവിതരണം സെപ്റ്റംബർ 30 -ന് അവസാനിക്കാനിരിക്കെ വാക്സിൻ ലഭിക്കില്ലേയെന്ന ആശങ്കയും പലരിലുമുണ്ട്.