കൊച്ചി: അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ സിഐഐ സ്ഥാപിച്ച 500 കിടയ്ക്കയുള്ള കോവിഡ് സെക്കന്‍ഡ് ലൈന്‍ ചികിത്സാകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. 500 കിടയ്ക്കയുള്ള ഈ കോവിഡ് സെക്കന്‍ഡ് ലൈന്‍ ചികിത്സാകേന്ദ്രത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വാര്‍ഡുകളുണ്ട്.
ഇന്‍ഫോസിസ് ഫൗണ്ടേഷന്‍, യുഎസ് ടെക്‌നോളജി ഇന്റര്‍നാഷനല്‍, ഐബിഎസ് സോഫ്റ്റ് വെയര്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്, ഫെഡറല്‍ ബാങ്ക്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, കാന്‍കോര്‍ ഇന്‍ഗ്രെഡിയന്റ്‌സ്, സണ്‍ടെക് ബിസിനസ് സൊലൂഷന്‍സ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ പത്തു സ്ഥാപനങ്ങളാണ് പദ്ധതിയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കിയത്.
ഗുരുതരമായ കോവിഡ് രോഗം ബാധിച്ചവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ പുതുതായി തുറന്ന ഈ കോവിഡ് സെക്കന്‍ഡ്‌ലൈന്‍ ചികിത്സാകേന്ദ്രം ഉപകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഉയര്‍ത്തിയിട്ടുള്ള വെല്ലുവിളി എല്ലാവര്‍ക്കും ബാധകമാണ്. എന്നാല്‍ ഇത് ചെറുക്കാന്‍ സര്‍ക്കാര്‍ ബഹുമുഖമായ നടപടികളാണ് എടുക്കുന്നത്. ഈ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഈ കേന്ദ്രം സ്ഥാപിച്ച സിഐഐയുടെ സമയോചിതമായ നടപടിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എംപി, ജില്ലാ കളക്ടര്‍ എസ് സുഹാസ് ഐഎഎസ്, സിഐഐ കേരളാ ചെയര്‍മാനും ബ്രാഹ്‌മിന്‍സ് ഫുഡ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു, സിഐഐ കേരളാ വൈസ് ചെയര്‍മാനും കാന്‍കോര്‍ ഇന്‍ഗ്രെഡിയന്റ്‌സ് സിഇഒയുമായ ജീമോന്‍ കോര, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, സ്‌പോണ്‍സര്‍ കമ്പനികളുടെ പ്രതിനിധികള്‍, സിഐഐ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.