ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായിരിക്കെ ജനങ്ങള്‍ കൊവിഡ് പ്രതിരോധ മാര്‍ഗ നിർദേശങ്ങള്‍ ശരിയായി പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ റെയില്‍വെ. ട്രെയിനിനുളളിലോ, റെയില്‍വെ സ്‌റ്റേഷനിലോ പ്രവേശിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. മാസ്ക്ക് ധരിക്കാതിരിക്കുകയും, ശരിയായി ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് റെയിൽവേ അറിയിച്ചു. ആർ പി എഫ്, ടി ടി ഇ എന്നിവർക്ക് പിഴ ഈടാക്കാൻ അധികാരമുണ്ട്.
വരുന്ന ആറ് മാസത്തേക്കു ഈ നിർദേശം ശക്തമായി പാലിക്കണമെന്നാണ് ഉത്തരവ്. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഈയിടെ റെയില്‍വെ പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. എന്നാല്‍ കോവിഡ് നിബന്ധനകള്‍ പാലിച്ച് വേണം യാത്രക്കാര്‍ ട്രെയിനില്‍ യാത്രചെയ്യാനെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ്മ അറിയിച്ചു.
പുതിയ കണക്കുകൾ പ്രകാരമുള്ള കോവിഡ് കേസുകളിൽ 27.15 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലാണ് 59.79 ശതമാനവും. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് 398 മരണങ്ങളാണ്. ഡൽഹിയിൽ 141 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,45,26,609 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 1,26,71,220 പേർ കോവിഡ് മുക്തരായപ്പോൾ 1,75,649 പേർ മരണപ്പെട്ടു. നിലവിൽ 16,79,740 ആക്ടീവ് കേസുകളാണ് ഇന്ത്യയിലുള്ളത്. ഇന്നലെ വരെ രാജ്യത്ത് 11,99,37,641 ഡോസ് വാക്സിനും നൽകി.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള നിര്‍ത്തിവയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ജുന അഖാഡ തീരുമാനിച്ചു. പ്രതീകാത്മകമായി കുംഭമേള നടത്തിയാല്‍ മതിയെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി സ്വാമി അവ്‌ദേശാനന്ദ ഗിരി വ്യക്തമാക്കി.
ഇതിനിടയിൽ കേരളത്തിൽ കോവിഡ് വാക്‌സിന്‍ ക്ഷാമം തുടരുകയാണ്. ഇന്നലെ രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനത്ത് എത്തിയെങ്കിലും വിതരണ കേന്ദ്രങ്ങളിലെത്തിച്ചിട്ടില്ല. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ രാവിലെ വാക്‌സിന്‍ എടുക്കാനെത്തിയവര്‍ ഇതു മൂലം ബുദ്ധിമുട്ടിലായി. സംസ്ഥാനത്ത് രണ്ടരലക്ഷം പേരിൽ കൂട്ട പരിശോധന നടത്താനുള്ള ശ്രമം ഇന്നും തുടരും. 1,33,836 പേരെ ഇന്നലെ പരിശോധിച്ചു. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പേരെ പരിശോധിച്ചത്. 19,300 പേർ ഇന്നലെ ജില്ലയിൽ പരിശോധനയ്ക്ക് വിധേയരായി. കോഴിക്കോട് ജില്ലയിലാണ് സംസ്ഥാനത്തെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3055 പേരെ പരിശോധിച്ച ഇടുക്കിയിലാണ് കുറവ്. തിരുവനന്തപുരത്ത് 14,087 പേരെയും എറണാകുളത്ത് 16,210 പേരെയും പരിശോധിച്ചു.