രാജ് കപൂറിന്റെ മകൻ. സിനിമാ പാരമ്പര്യം. ആകർഷണീയ വ്യക്തിത്വം. ഈ മേൽവിലാസവുമായാണ് ഋഷി കപൂർ ബോളിവുഡിൽ അരങ്ങേറുന്നത്. മേരാ നാം ജോക്കറിൽ തുടങ്ങി ഇങ്ങോട്ടുള്ള അഭിനയ ജീവിതത്തിൽ, ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മായാത്ത മുഖങ്ങളുടെ കൂട്ടത്തിൽ ഋഷി കപൂറിന് സ്ഥാനമുണ്ടാവും. സിനിമയിൽ നിന്നും ജീവിത പങ്കാളിയെ (നീതു സിംഗ്) കണ്ടെത്തി, മകൻ രൺബീർ കപൂറിലൂടെ അത് നിലനിർത്തി പോരുകയും ചെയ്തു ഋഷി
മടങ്ങി വരവിന് ശേഷം ഋഷിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷണത്തിലായിരുന്നു. ഫെബ്രുവരി മാസത്തിൽ അടുത്തടുത്തു തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഡൽഹി സന്ദർശനത്തിനിടെ ന്യൂ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അണുബാധയെത്തുടർന്നായിരുന്നു അദ്ദേഹം ചികിത്സ തേടിയതെന്നായിരുന്നു റിപോർട്ടുകൾ
ഒടുവിൽ, ആരും അക്രമകാരികളാവരുത് എന്ന് കൂപ്പുകൈയോടെ അഭ്യർത്ഥിച്ചാണ് ഋഷിയുടെ മടക്കം. ഡോക്‌ടർമാർ, നേഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ എന്നിവരെല്ലാം സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന് സമൂഹത്തിലെ നാനാ വിഭാഗങ്ങളെയും മതവിശ്വാസികളെയും ഋഷി ഓർമ്മപ്പെടുത്തി, ഈ വിപത്തിൽ നിന്നും രാജ്യം മുക്തരാവുന്നത് കാണാൻ നിൽക്കാതെ