ആലപ്പുഴ: നിലത്ത് മണ്ണിലിരുന്ന് ഓലക്കാൽ കൊണ്ടുണ്ടാക്കിയ തട മുന്നിൽ വക്കും. അതിനു മുകളിൽ വാഴ ഇല. കഞ്ഞി ഒഴിക്കുമ്പോൾ ചൂട് കൊണ്ട് ഇല കുഴിഞ്ഞ് പാത്രം പോലെ ആകും. അതിലേക്ക് അസ്ത്രവും കടുമാങ്ങയും. കുമ്പിൾ കുത്തിയ പ്ളാവില സ്പൂണാകും. ഒപ്പം മുതിരയും പപ്പടവും. കൂട്ടിന് വിളയിച്ച അവലും പഴവും ഉണ്ണിയപ്പവും. ഇനിയുള്ള 7 ദിവസം ചെട്ടികുളങ്ങരയിൽ കുതിര മൂട്ടിൽ കഞ്ഞിക്കാലമാണ്. പറഞ്ഞ് വരുന്നത് വിശ്വപ്രസിദ്ധമായ ചെട്ടികുളങ്ങരെ ദേവീക്ഷേത്രത്തെയും അതിനും ചുറ്റുമുള്ള 13 കരകളിലും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തെക്കുറിച്ചാണ്.
മെടഞ്ഞ ഓലയിൽ ചമ്രം പടഞ്ഞിരുന്നാണ് കഞ്ഞി കുടിക്കുക. കുതിരച്ചുവടുള്ള(ക്ഷേത്രത്തിലേക്കുള്ള കെട്ടുകാഴ്ചകള്‍ നിർമ്മിക്കുന്ന സ്ഥലം) കരയിലുള്ള വീട്ടുകാർ അവിടെ വച്ചും ഇല്ലാത്തവർ സ്വന്തം വീട്ടിലുമാണ് കഞ്ഞി നടത്തുക. കുതിരച്ചുവട്ടിൽ ദക്ഷിണ വച്ച് കരക്കാരെ ക്ഷണിച്ച് താലപ്പൊലിയുടെയും നാദസ്വരമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.
ഈ ആചാരവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനുമുണ്ട് ഏറെ പ്രാധാന്യം. ദേവിയുടെ സാനിധൃം പല അടയാളങ്ങളിലൂടെ ഭക്തരെ അറിയിക്കുന്നു. കാലങ്ങൾക്ക് മുൻപൊക്കെ വീട് കെട്ടിമേയുന്നത് നാട്ടുകാരെല്ലാം കൂടിയാണ്. മേഞ്ഞു കഴിഞ്ഞാൽ കഞ്ഞിയും അസ്ത്രവും മുതിരപ്പുഴുക്കും. അവിടേയ്ക്ക് വയസ്സായ ഒരമ്മൂമ്മ കഞ്ഞികുടിക്കാൻ വന്നതായും, കഞ്ഞികുടിച്ച ശേഷം അപ്രതൃക്ഷയായെന്നുമാണ് കേൾവി. അത് ദേവിയുടെ സാനിധൃമാണെന്നറിഞ്ഞ് അവിടെ ക്ഷേത്രം പണിതുടങ്ങി എന്നതാണ് ഐതിഹ്യം.
പിന്നീട് കഞ്ഞി വഴിപാടും ആചാരത്തിന്റെ ഭാഗമായി. ഓണാട്ടുകരയിൽ കൊയ്യുന്ന നെല്ല് കുത്തിയ അരി, സമൃദ്ധമായിരുന്ന ചേമ്പ്, കാച്ചിൽ, വെള്ളരി എന്നിവ ചേരുന്ന അസ്ത്രം, വ്യാപകമായ് കൃഷിചെയ്തിരുന്ന മുതിര എന്നിവയൊക്കെ കൂട്ടുകറികളായി. വഴിപാടായി നടത്തുന്ന കഞ്ഞി സദ്യയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് പേരാണ് പ്രവഹിക്കുക.
കോവിഡ് ഉണ്ടാക്കിയ രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞ് ഇത്തവണ പൂർണതോതിലാണ് ഭരണി മഹോത്സവം. അതു കൊണ്ട് തന്നെ കണ്ടും കേട്ടും രുചിച്ചും അറിഞ്ഞവർ നാനാ ദിക്കുകളിൽ നിന്നും ചെട്ടികുളങ്ങരയിലേക്ക് എത്തുമെന്നുറപ്പ്. കഞ്ഞിസദ്യക്ക് പങ്കെടുക്കാൻ പ്രത്യേക ക്ഷണം വേണ്ട. ആർക്കും എത്തി രുചിക്കൂട്ട് അനുഭവിക്കാം. വരുന്നവരോരോരുത്തരിലും ദേവീ സാനിധൃം കാണുന്നു. അതിലാരെങ്കിലും ഒരാൾ ദേവിതന്നെയുമെന്നാണ് സങ്കല്പം.