എറണാകുളം അങ്കമാലി സെന്‍റ്. പാട്രിക് സ്കൂളിലെ വിനോദയാത്ര മോട്ടർ വാഹന വകുപ്പിന്‌റെ അനുമതിയില്ലാത്തതിനാല്‍ മാറ്റിവച്ചു. 17 ടൂറിസ്റ്റ് ബസുകളിലായാണ് വിനോദയാത്ര പോകാനിരുന്നത്. പരിശോധനയിൽ ചില ബസുകൾ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോർ വാഹന വകുപ്പ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
കൊല്ലം കൊട്ടാരക്കരയിൽ നിയമം ലംഘനം നടത്തിയ ടൂറിസ്റ്റ് ബസിൽ വിനോദയാത്ര പോകാനുള്ള നീക്കമാണ് മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞത്. തലച്ചിറയിലെ സ്വകാര്യ പോളിടെക്‌നിക്ക് കോളേജില്‍ നിന്നും വിനോദയാത്ര പോകാനിരിക്കെയാണ് മോട്ടോർ വാഹന വകുപ്പ് കോളജിലെത്തി പരിശോധന നടത്തി വിലക്കേർപ്പെടുത്തിയത്. വാഹനത്തിന് സ്പീഡോമീറ്റർ ഘടിപ്പിപ്പിച്ചിരുന്നിലെന്ന് പരിശോധനയില്‍ കണ്ടെത്തി. മാത്രമല്ല നിരോധിച്ചിട്ടുള്ള ലേസര്‍ ലൈറ്റുകളും വലിയ ശബ്ദ സംവിധാനവും പുകപുറത്ത് വിടുന്ന ഉപകരണങ്ങളും കണ്ടെത്തി.
advertisement
കോട്ടയത്ത് ചിങ്ങവനത്തെ സ്വകാര്യ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിച്ച അഞ്ചു ബസുകളാണ് എംവിഡി വിലക്കിയത്. പരിശോധനയില്‍ ബസുകളില്‍ എയര്‍ ഹോണും ലേസര്‍ ലൈറ്റുകളും പിടിപ്പിച്ചിരുന്നതായും വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച നിലയിലും കണ്ടെത്തി. തുടർന്ന് ബസുകൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. ഊട്ടി, വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാർഥികളുമായി യാത്ര പോകാൻ എത്തിയതായിരുന്നു ബസുകള്‍.
