TRENDING:

'ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അപ്പന്റെ സ്വത്തിനവകാശം മകനാണ്'; ജോസ് കെ. മാണിയെ പരിഹസിച്ച് ജയശങ്കര്‍

Last Updated:

'കരിങ്ങോഴക്കലെ ഉപ്പും ചോറും തിന്നു വളര്‍ന്നവരാണ് സിഎഫ് തോമസും ഉണ്ണിയാടനും. ആ യൂദാസുകളോട് ജോസൂട്ടി ക്ഷമിച്ചാലും കര്‍ത്താവീശോ മിശിഹാ മാപ്പു കൊടുക്കത്തില്ല.'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്തതിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ. ജയശങ്കര്‍. തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അപ്പന്റെ സ്വത്തിനവകാശം മകനാണ്. കേരള കോണ്‍ഗ്രസ് ഭരണഘടന അനുസരിച്ചും അങ്ങനെ തന്നെയാണെന്നും ജയശങ്കര്‍ പറയുന്നു.
advertisement

ജോസ് കെ മാണിയുടെ കരങ്ങളില്‍ കര്‍ഷകരുടെയും കത്തോലിക്കരുടെയും ഭാവി സുരക്ഷിതമായിരിക്കും. കരിങ്ങോഴക്കലെ ഉപ്പും ചോറും തിന്നു വളര്‍ന്നവരാണ് സിഎഫ് തോമസും ഉണ്ണിയാടനും. ആ യൂദാസുകളോട് ജോസൂട്ടി ക്ഷമിച്ചാലും കര്‍ത്താവീശോ മിശിഹാ മാപ്പു കൊടുക്കത്തില്ലെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

മഹാനായ മാണിസാര്‍ മരിച്ച ഒഴിവില്‍ മകന്‍ ജോസൂട്ടിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തു.

തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അപ്പന്റെ സ്വത്തിനവകാശം മകനാണ്. കേരള കോണ്‍ഗ്രസ് ഭരണഘടന അനുസരിച്ചും അങ്ങനെ തന്നെ. മരിച്ചു പോയ മാണിസാറിന്റെ ഏക ആണ്‍സന്തതിയാണ് ജോസ്. നിലവില്‍ പാര്‍ലമെന്റംഗമാണ്; അപ്പനുളളപ്പോള്‍ തന്നെ പാര്‍ട്ടിയുടെ പരമോന്നത നേതാവായി അണികള്‍ അംഗീകരിച്ചിരുന്നു താനും. പാലാ മെത്രാന്റെ അംഗീകാരവും അത്യുന്നത കര്‍ദ്ദിനാളിന്റെ ആശീര്‍വാദവുമുണ്ട്. ഇതിനൊക്കെയുപരി സംസ്ഥാന കമ്മറ്റിയിലെ മഹാഭൂരിപക്ഷം അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

advertisement

2009ലെ തെരഞ്ഞെടുപ്പു തോല്‍വിക്കു ശേഷം ഇടതുപക്ഷ മുന്നണിയില്‍ നില്‍ക്കക്കളളിയില്ലാതെ അഭയാര്‍ത്ഥികളായി വന്നവരാണ് പിജെ ജോസഫും മോന്‍സും കുര്‍ളാനും. അവരോടൊപ്പം വന്ന ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് മറുകണ്ടം ചാടി. ഇപ്പോള്‍ ഔസേപ്പച്ചനും തനിസ്വഭാവം കാണിച്ചു. അതില്‍ അത്ഭുതമില്ല.

കരിങ്ങോഴക്കലെ ഉപ്പും ചോറും തിന്നു വളര്‍ന്നവരാണ് സിഎഫ് തോമസും ഉണ്ണിയാടനും. ആ യൂദാസുകളോട് ജോസൂട്ടി ക്ഷമിച്ചാലും കര്‍ത്താവീശോ മിശിഹാ മാപ്പു കൊടുക്കത്തില്ല.

ഇന്ത്യയുടെ ഫെഡറല്‍ ഭരണഘടനയിലും ചേരിചേരാനയത്തിലും വിശ്വസിക്കുന്ന, കര്‍ഷകരുടെയും ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെയും ക്ഷേമശൈ്വര്യങ്ങള്‍ കാംക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ്. അതുകൊണ്ട് തല്ക്കാലം യുഡിഎഫിലും യുപിഎയിലും ഉറച്ചു നില്‍ക്കാന്‍ ഉദ്ദേശിക്കുന്നു. സിപിഎമ്മിനോടോ ബിജെപിയോടോ അയിത്തമില്ല. കര്‍ഷക- ന്യൂനപക്ഷ താല്പര്യമാണ് പരമ പ്രധാനം.

advertisement

ജോസ് കെ മാണിയുടെ സുദൃഢ കരങ്ങളില്‍ കര്‍ഷകരുടെയും കത്തോലിക്കരുടെയും ഭാവി സുരക്ഷിതമായിരിക്കും; ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.

കേരള കോണ്‍ഗ്രസ് സിന്ദാബാദ്!

ജോസ് കെ മാണി സിന്ദാബാദ്!

കര്‍ഷക ഐക്യം സിന്ദാബാദ്!

Also Read 'കേരള കോൺഗ്രസ് പിളർന്നു, പിളർപ്പിനൊപ്പം ആളില്ല': പി.ജെ ജോസഫ്

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അപ്പന്റെ സ്വത്തിനവകാശം മകനാണ്'; ജോസ് കെ. മാണിയെ പരിഹസിച്ച് ജയശങ്കര്‍