കണ്ണീരോടെയല്ലാതെ മെഹന്തിയണിഞ്ഞ് ആഘോഷത്തോടെയാണ് ഒരു യുവതി തന്റെ വിവാഹമോചനത്തെ വരവേറ്റത്. 'ഒടുവിൽ വിവാഹമോചനം' എന്ന് കുറിച്ചുകൊണ്ടുള്ള മെഹന്തിയില്‍ കൈകള്‍ മനോഹരമാക്കുകയും ചെയ്തു. ഈ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
വിവാഹത്തിനായുള്ള മെഹന്തി ഡിസൈന്‍ അല്ല യുവതിയുടെ കൈകളില്‍. മറിച്ച് വിവാഹമോചനത്തിന്റെ പ്രതീകാത്മക രൂപങ്ങളാണ് കൈയ്യില്‍ മെഹന്തി ഇട്ടിരിക്കുന്നത്. '100 ഗ്രാം സ്‌നേഹം', '200 ഗ്രാം വിട്ടുവീഴ്ച', നീതിയുടെ തുലാസുകള്‍ തുടങ്ങിയ പ്രതീകാത്മ ചിത്രങ്ങളും വാക്കുകളുമാണ് അവരുടെ കൈകളിലുള്ളത്. ഓരോ ഡിസൈനും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന്റെ വൈകാരികവും നിയമപരവുമായ മാനങ്ങളെ പ്രതിഫലിപ്പിക്കുന്നു.
advertisement
വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായത്. എതിര്‍ത്തും അനുകൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങളും ഇതോടെ പോസ്റ്റിന് താഴെ നിറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ നിമിഷമായി കരുതി പലരും ഈ പ്രവർത്തിക്ക് കൈയ്യടിക്കുകയും വാഴ്ത്തുകയും ചെയ്തു.
വിവാഹമോചനം എന്നത് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരു സാമൂഹിക വിലക്കായാണ് പലരും കണ്ടിരുന്നത്. എന്നാലിപ്പോള്‍ ഈ ചിന്താഗതിയില്‍ പുരോഗമനപരമായ മാറ്റം വന്നിട്ടുണ്ട്. വിവാഹമോചനം സാംസ്‌കാരിക പരിവര്‍ത്തനത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്.
സന്തോഷകരമല്ലാത്ത വിവാഹ ബന്ധങ്ങള്‍ ഉപേക്ഷിച്ച് പുതിയ തുടക്കങ്ങള്‍ സ്വീകരിക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുകയും മുന്നോട്ടുവരികയും ചെയ്യുന്നു. 'ഒടുവില്‍ വിവാഹമോചനം' എന്ന മെഹന്തി അത്തരത്തില്‍ ശക്തമായൊരു സന്ദേശമാണ് നല്‍കുന്നത്. പുതിയ തലമുറയിലെ സ്ത്രീകള്‍ അവരുടെ സ്വത്വം വീണ്ടെടുക്കുകയും വേദനകള്‍ ശക്തിയാക്കി മാറ്റുകയും സാമൂഹിക പ്രതീക്ഷകള്‍ക്ക് മുകളില്‍ സന്തോഷം തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
സമ്മിശ്ര പ്രതികരണങ്ങളാണ് വൈറല്‍ പോസ്റ്റിന് ലഭിച്ചത്. ചിലര്‍ മെഹന്തി ആഘോഷത്തെ വിവാഹമെന്ന വ്യവസ്ഥയോടുള്ള അനാദരവായും ധാര്‍മ്മിക അധഃപതനത്തിന്റെ അടയാളമായും അപലപിച്ചു. മറ്റു ചില സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ ഈ പ്രവൃത്തിയെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള ധീരമായ ചുവടുവെപ്പായി വാഴ്ത്തി.
ടോക്‌സിക് ആയിട്ടുള്ള ഒരു ബന്ധം അവസാനിപ്പിക്കുന്നത് ജീവിതകാലം മുഴുവന്‍ അസന്തുഷ്ടി നിശബ്ദമായി സഹിക്കുന്നതിനേക്കാള്‍ ആരോഗ്യകരമാണെന്ന് ഇതിനെ പിന്തുണയ്ക്കുന്നവര്‍ വാദിച്ചു. ഒരു നിമിഷത്തെ ട്രെന്‍ഡായോ അര്‍ത്ഥവത്തായ ഒരു സാംസ്‌കാരിക അടയാളമായോ കരുതിയാലും പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മാനസികാവസ്ഥയെയാണ് ഈ 'വിവാഹമോചന മെഹന്തി' പ്രതിഫലിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. വിവാഹമോചനം ഇനി ഒരു രഹസ്യ നാണക്കേടല്ലെന്നും തുറന്ന ചര്‍ച്ചകള്‍ക്കുള്ള ഒരു വിഷയമാണെന്നും ഈ സംഭവം കാണിക്കുന്നു.
സ്വന്തം മൂല്യവും ക്ഷേമവും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനമായി മാറുന്ന ഈ ലോകത്ത് വിവാഹമോചനം ശരിയാണോ, തെറ്റാണോ എന്നല്ല. മറിച്ച് ഇത്തരം കാര്യങ്ങളും ആഘോഷിക്കാനുള്ളതാണെന്ന് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഈ വിവാഹമോചന മെഹന്തി ഉയർത്തുന്നത്.