2011ലാണ് തോമസിന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങിയത്. വയറ്റിനുള്ളില്‍ എന്തോ വളരുന്നത് പോലെയാണ് തോമസിന് തോന്നിയത്. ഇതേത്തുടര്‍ന്നാണ് അദ്ദേഹം ഡോക്ടറെ സമീപിച്ചത്. അപ്പോഴാണ് ടൈപ് 2 പ്രമേഹവും പൊണ്ണത്തടിയുമാണ് അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞത്.
ഇതിനുപിന്നാലെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു തോമസ്. ശരീരത്തിനുള്ളില്‍ ക്യാന്‍സറിന് കാരണമായ ട്യൂമര്‍ വളരുമ്പോഴും അദ്ദേഹം ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമങ്ങളിലേര്‍പ്പെട്ടു.
ശരീരഭാരം നിയന്ത്രിക്കാനുള്ള ഗ്യാസ്ട്രിക് സ്ലീവ് ഓപ്പറേഷനായി തോമസിനെ വിശദമായി പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ വയറ്റിനുള്ളില്‍ 27 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ കണ്ടെത്തിയത്.
advertisement
'' ഓരോ ദിവസവും എന്റെ വയര്‍ വലുതായിക്കൊണ്ടിരുന്നു. നിരവധി ഡോക്ടര്‍മാരെ ഞാന്‍ കണ്ടു. 2019ലാണ് ഗ്യാസ്ട്രിക് സ്ലീവ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്. അതുവരെ കണ്ട എല്ലാ ഡോക്ടര്‍മാരും പൊണ്ണത്തടിപ്പറ്റിയും പ്രമേഹത്തെപ്പറ്റിയുമാണ് പറഞ്ഞത്. ഗ്യാസ്ട്രിക് സ്ലീവ് ഓപ്പറേഷന് മുമ്പ് ഫിറ്റ്‌നെസ് ക്ലാസുകളിലും ഞാന്‍ പങ്കെടുത്തിരുന്നു,'' തോമസ് പറഞ്ഞു.
പതിയെ തോമസിന്റെ ശരീരം മെലിയാന്‍ തുടങ്ങി. മുഖത്തേയും കൈകളിലേയും ഭാരം കുറഞ്ഞുവെന്നും എന്നാല്‍ അപ്പോഴും തന്റെ വയറിന്റെ ഭാരം ഒട്ടും കുറഞ്ഞില്ലെന്നും തോമസ് പറഞ്ഞു. പിന്നീട് നടത്തിയ സിടി സ്‌കാനിലാണ് വയറ്റിനുള്ളില്‍ ട്യൂമര്‍ കണ്ടെത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് തോമസ് വിധേയനായി. അതിലൂടെ ട്യൂമര്‍ നീക്കം ചെയ്തു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ക്യാന്‍സര്‍ ടിഷ്യു ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചുവെന്നും തോമസ് പറഞ്ഞു. രോഗനിര്‍ണയം വൈകിയതാണ് ഈ സ്ഥിതിയ്ക്ക് കാരണമായതെന്ന് തോമസ് പറയുന്നു. നിലവില്‍ തോമസിന്റെ ചെറുകുടലും തകരാറിലായി. ഇദ്ദേഹത്തിന്റെ ഒരു വൃക്ക നീക്കം ചെയ്യേണ്ടിയും വന്നു.
'' ഇന്ന് ഓരോ രണ്ടാഴ്ച കൂടുമ്പോഴും തെറാപ്പിയ്ക്കായി ഞാന്‍ സൈക്കോളജിസ്റ്റിനെ സമീപിക്കുന്നു. വര്‍ഷത്തില്‍ രണ്ട് തവണ ഓങ്കോളജിസ്റ്റിനെയും കാണേണ്ടിവരുന്നുണ്ട്. ട്യൂമര്‍ ടിഷ്യു ഇപ്പോഴും എന്റെ ശരീരത്തില്‍ വ്യാപിക്കുന്നുണ്ട്. നിരവധി അവയവങ്ങളില്‍ അവ വ്യാപിച്ചതിനാല്‍ പൂര്‍ണ്ണമായി അവയെ നീക്കം ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു,'' തോമസ് കൂട്ടിച്ചേര്‍ത്തു.