ഒരു പെണ്‍ പാമ്പിന്റെ സ്‌നേഹനിര്‍ഭരമായ പ്രവൃത്തി ഗ്രാമത്തിലുള്ളവരെ ഞെട്ടിച്ചു. മൊറീനയിലെ പഹഡ്ഗഡ് പഞ്ചായത്ത് സമിതിയിലെ ധുര്‍ക്കുഡ കോളനിക്ക് സമീപമാണ് സംഭവം നടന്നത്. വ്യാഴാഴ്ച റോഡിന്റെ മറുവശത്തേക്ക് ഇഴഞ്ഞുപോകുകയായിരുന്ന ഒരു ആണ്‍പാമ്പ് വണ്ടികേറി ചത്തു. ഗ്രാമവാസികള്‍ ചത്ത പാമ്പിനെ റോഡിന്റെ സൈഡിലേക്ക് മാറ്റിയിട്ടു. കുറച്ചുനേരം കഴിഞ്ഞ് പിന്തുടര്‍ന്നെത്തിയ പെണ്‍പാമ്പ് ചത്ത പാമ്പിനരികെ നിശബ്ദമായി അനങ്ങനെ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആണ്‍പാമ്പിന്റെ വിയോഗത്തില്‍ ദുഃഖം അനുഭവപ്പെട്ടതുപോലെ പെണ്‍പാമ്പ് അവിടെ മണിക്കൂറുകളോളം അനങ്ങാതെ കിടന്നു.
ഹൃദയസ്പര്‍ശിയായ കാഴ്ച്ചയായിരുന്നു അതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഏതാണ്ട് 24 മണിക്കൂറോളം പെണ്‍പാമ്പ് ചത്ത ആണ്‍പാമ്പിന്റെ അടുത്തുതന്നെ തുടര്‍ന്നു. തന്റെ പങ്കാളിയോട് അന്ത്യയാത്ര പറയുന്നതു പോലെയായിരുന്നു ആ കിടപ്പെന്നും ഗ്രാമവാസികളായ ദൃക്‌സാക്ഷികള്‍ പറയുന്നു. ഒടുവില്‍ പെണ്‍പാമ്പും ജീവൻ വെടിഞ്ഞു. പാമ്പുകളുടെ സ്‌നേഹപ്രകടനത്തില്‍ വികാരഭരിതരായ ഗ്രാമത്തിലുള്ളവര്‍ രണ്ട് പാമ്പുകളെയും ഒരുമിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്തി മറവുചെയ്തു.
advertisement
സനാതന ധര്‍മ്മത്തില്‍ നാഗ, നാഗിന്‍ (ആണ്‍, പെണ്‍ പാമ്പുകളെ) വളരെ ഭയഭക്തിയോടെയാണ് കാണുന്നത്. ഈ വിശ്വാസത്തെ മാനിച്ചുകൊണ്ട് പാമ്പുകളെ കണ്ട സ്ഥലത്ത് ഒരു വേദി നിര്‍മ്മിക്കാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചു. ഇത് പാമ്പുകളുടെ നിത്യബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി നിലകൊള്ളും.
മനുഷ്യരായ ഇണകള്‍ തമ്മില്‍ പരസ്പരം പോരടിച്ചും കൊല ചെയ്തും അടിപിടി കൂടിയും വാര്‍ത്തകളില്‍ നിറയുന്നതിനിടയിലാണ് പാമ്പുകളുടെ സ്‌നേഹത്തിന്റെ അദ്ഭുതപ്പെടുത്തുന്ന ഈ കഥ പങ്കുവെക്കപ്പെട്ടിട്ടുള്ളത്.