ഡോൺ തോമസിന്റെ മദ്യപാനവും പുകവലിയും ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് ജസീല പറയുന്നു. മർദനമേറ്റ് പരിക്കേറ്റതിന് പിന്നാലെ പൊലീസിൽ അറിയിച്ചെങ്കിലും ഉടനടി നടപടിയുണ്ടായില്ലെന്നും ജസീല ആരോപിക്കുന്നു. ഡോൺ തോമസ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്നും നടി കൂട്ടിച്ചേർത്തു. മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീൺ, 'പെറ്റ് ഡിറ്റക്ടിവി'ലാണ് അവസാനം അഭിനയിച്ചത്.
കുറിപ്പിന്റെ പൂർണരൂപം:
ഇത്രയും കാലം ഞാൻ എല്ലാം ഉള്ളിലൊതുക്കി സഹിക്കുകയായിരുന്നു. എത്രമാത്രം വിഷാദത്തിലായിരുന്നു, എത്രത്തോളം ആഴത്തിൽ മുറിവേറ്റിരുന്നു എന്ന് എനിക്ക് പറഞ്ഞറിയിക്കാൻ പോലും കഴിയില്ല. ഇന്ന്, എനിക്കിത് പുറത്തുപറയണം. എന്റെ സത്യം തുറന്നുപറയാനും ലോകത്തെ അറിയിക്കാനും ഞാൻ ആഗ്രഹിക്കുന്നു.
advertisement
സംസാരിക്കുന്നത് തെറ്റല്ല. നിശ്ശബ്ദമായിരിക്കുന്നത് ശരിയല്ല. അതിജീവിതകളേ, നിങ്ങളുടെ ശബ്ദത്തിന് മൂല്യമുണ്ട്. ഈ സത്യം നമ്മളിൽ ഒരിക്കലും ഒതുങ്ങിക്കിടക്കേണ്ട ഒന്നല്ല.
അതെ... ഞാൻ ഒരതിജീവിതയാണ്. അതെ... ഞാൻ പോരാടുകയാണ്. ഈ പോരാട്ടത്തിൽ വിജയിക്കാൻ നിങ്ങളുടെയെല്ലാം പിന്തുണ എനിക്ക് ആവശ്യമുണ്ട്. അക്രമത്തിനെതിരെ, ക്രൂരതക്കെതിരെ, സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കാമെന്ന് കരുതുന്നവർക്കെതിരെ പോരാടാൻ.
കഴിഞ്ഞ പുതുവത്സരത്തലേന്ന് മുൻപങ്കാളി ഡോൺ തോമസ് വിതയത്തിലുമായി അമിതമായ മദ്യപാനത്തെയും പുകവലിയെയും ചൊല്ലിയുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ തർക്കത്തിനിടയിൽ ഇയാൾ അക്രമാസക്തനായി. ഡോൺ വയറ്റിൽ ചവിട്ടി, മുഖത്തിടിച്ചു, തല തറയിൽ ഇടിപ്പിച്ചു, വലിച്ചിഴച്ചു, കക്ഷത്തിലും തുടകളിലും കടിക്കുകയും ചെയ്തു. വള ഉപയോഗിച്ച് മുഖത്ത് ആഞ്ഞടിച്ചതിനെ തുടർന്ന് മേൽചുണ്ട് കീറിപ്പോകുകയും ഒരുപാട് രക്തം നഷ്ടപ്പെടുകയും ചെയ്തു.
ആശുപത്രിയിലെത്തിക്കാൻ യാചിച്ചെങ്കിലും ഇയാൾ സമ്മതിച്ചില്ല. പൊലീസിനെ വിളിക്കാൻ ശ്രമിച്ചതോടെ ഫോൺ തട്ടിപ്പറിച്ചു. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോൾ കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് ഡോക്ടർമാരോട് കള്ളം പറഞ്ഞു. തുടർന്ന് സൺറൈസ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കുകയും ചെയ്തു. അതിനുശേഷവും ഉപദ്രവം തുടർന്നതോടെ മാനസികമായും ശാരീരികമായും തകർന്നുപോയി. പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല.
ജനുവരി 14-ന് നേരിട്ട് പോയി പരാതി നൽകിയപ്പോഴും നടപടിയുണ്ടായില്ല. പ്രതി മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിനു ശേഷം മാത്രമാണ് പോലീസ് വെരിഫിക്കേഷനായി വരികയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്. ഇപ്പോൾ കേസ് മുന്നോട്ട് പോവുകയാണ്. കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. പരിക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കൽ രേഖകളും വ്യക്തമാണ്. എന്നാൽ, താൻ ഒരിക്കലും സമ്മതിച്ചിട്ടില്ലാത്ത ഒരു ഒത്തുതീർപ്പിന്റെ പേരിൽ കേസ് റദ്ദാക്കണമെന്ന് വാദിച്ച് എതിർകക്ഷി ഹൈക്കോടതിയിൽ തടസ്സഹർജി നൽകിയിരിക്കുകയാണ്. മാസങ്ങളായി കേസ് വൈകിപ്പിക്കുകയാണ്. ഈ ഘട്ടത്തിൽ ഒരു വക്കീലിനെ വെക്കാൻ സാമ്പത്തിക ശേഷിയില്ലാത്തതുകൊണ്ട് തനിച്ചാണ് കോടതിയിൽ ഹാജരാകുന്നത്.
ഇന്നലെ നടന്ന വാദത്തിനിടയിൽ തനിക്ക് സംസാരിക്കാൻ ഒരവസരം പോലും കിട്ടിയില്ല. കോടതിമുറിക്കുള്ളിൽ താൻ അദൃശ്യയാണെന്ന് തോന്നി. ഇതൊരു ചെറിയ തർക്കമോ നിസ്സാരമായ ദേഹോപദ്രവമോ അല്ല, ക്രൂരമായ അക്രമമായിരുന്നു. ഒരു കലാകാരിയെന്ന നിലയിൽ തന്റെ മുഖമാണ് വ്യക്തിത്വം. മാസങ്ങളോളം ജോലി ചെയ്യാൻ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ ആഘാതങ്ങളിലൂടെയും, ചികിത്സയിലൂടെയും, സാമ്പത്തിക നഷ്ടത്തിലൂടെയും, വിഷാദത്തിലൂടെയുമാണ് കടന്നുപോയത്.
എന്നാൽ, ഇത് ചെയ്തയാൾ അഭിഭാഷകരെ വെച്ച് കേസ് നടപടികൾ വൈകിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുന്നു. കേസ് വിചാരണയ്ക്ക് വരട്ടെ എന്നും തെളിവുകൾ സംസാരിച്ച് സത്യം പുറത്തുവരട്ടെ. ആവശ്യമെങ്കിൽ, കേസ് ഒറ്റയ്ക്ക് വാദിക്കാനും പ്രതിരോധിക്കാനും തയ്യാറാണ്. നീതി വേണം. കേസ് റദ്ദാക്കാനുള്ള ഹർജി തള്ളിക്കളഞ്ഞ് വിചാരണ നടപടികളുമായി മുന്നോട്ട് പോകുന്നത് എങ്ങനെ ഉറപ്പാക്കാമെന്നതിനെക്കുറിച്ച് നിയമപരമായ മാർഗനിർദേശങ്ങൾ തരാനാകുമെങ്കിൽ നന്ദിയുള്ളവളായിരിക്കുമെന്നും ജസീല കുറിച്ചു.
