ഛോട്ടാ ഉദേപൂരിലെ പവിജേത്പൂര്‍ താലൂക്കിലെ അംബാപൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന 26കാരനായ ധര്‍മേഷ് രത്വയാണ് കരടിയിൽ നിന്ന് ഗുരുതരമായ ആക്രമണം നേരിട്ടത്. ജനുവരി ഒന്നിന് ഗ്രാമത്തിലെ ഒരു ഫാമിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത്.
മൂക്ക്, എല്ലുകള്‍, പേശികള്‍, ചുണ്ടുകള്‍, താഴത്തെ കണ്‍പോളകള്‍, കവിള്‍ എന്നിവയുള്‍പ്പെടെ മുഖത്തിന്റെ മിക്കവാറും എല്ലാ അവയവങ്ങള്‍ക്കും പരിക്കേറ്റ രത്വയെ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ എത്തിച്ചു. മുഖത്തിന്റെ മൂന്നിലൊന്ന് ഭാഗങ്ങളിലും പരിക്കുകൾ ഉണ്ടായിരുന്നു.
advertisement
"മുഖത്ത് വിത്തുകളും പൊടിയും ഇലയും കല്ലും എല്ലാം പറ്റിപ്പിടിച്ചിരുന്ന നിലയിലാണ് അദ്ദേഹത്തെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നത്. ഞങ്ങൾ ആദ്യം അദ്ദേഹത്തെ ശാന്തനാക്കി, തുടർന്ന് പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിൻ, ടെറ്റനസ്, ആന്റിബയോട്ടിക് ഷോട്ടുകള്‍ എന്നിവ നൽകി. മുഖം പഴയ രൂപത്തിലാക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് മുമ്പായി സിടി സ്കാനും നടത്തി'', എസ്എസ്ജി ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ശൈലേഷ് കുമാര്‍ സോണി പറഞ്ഞു.
ഡോ. സോണിക്കൊപ്പം ഡോ. ഭാഗ്യശ്രീ ദേശ്മങ്കര്‍, ഡോ. നളിന്‍ പ്രജാപതി, ഡോ. സുദര്‍ശന്‍ യാദവ്, ഡോ. റിദ്ധി സോംപുര എന്നിവരടങ്ങുന്ന ഡോക്ടര്‍മാരും ചേര്‍ന്നാണ് നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. മൂക്കിന്റെ ഘടന പൂര്‍ണ്ണമായും തകരാറിലായതിനാല്‍, വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ ആയിരുന്നു അത്. അതിനാല്‍ ഡോ. കവിതാ ലാല്‍ചന്ദനി, ഡോ. നേഹ ഷാ, ഡോ. റിമ ഗോമേതി എന്നിവരടങ്ങുന്ന അനസ്തെറ്റിസ്റ്റ് സംഘം ശസ്ത്രക്രിയ നടക്കുന്ന സമയത്തുടനീളം രോഗി അബോധാവസ്ഥയിലാണെന്ന് ഉറപ്പു വരുത്തി.
Also Read-World's Oldest Living Person | 119-ാം ജന്മദിനം ആഘോഷിച്ച് ലോകത്തെ ഏറ്റവും പ്രായമേറിയ മുത്തശ്ശി
"മുഖത്തിന്റെ തകർന്നുപോയ ഭാഗങ്ങളില്‍ നിന്ന് ഞങ്ങള്‍ ചില ഭാഗങ്ങള്‍ വീണ്ടെടുത്തു. ബാക്കിയുള്ള ഭാഗം പുനര്‍നിര്‍മ്മിക്കാന്‍ ടൈറ്റാനിയം പ്ലേറ്റുകളും മെഷും ഉപയോഗിച്ചു. എല്ലുകളുടെ ഭാഗങ്ങൾ ഒരുമിച്ച് ചേര്‍ക്കൽ ഒരു പസില്‍ പോലെയായിരുന്നു'', ഡോ. സോണി പറഞ്ഞു.
"എല്ലുകളോ എല്ലുകളുടെ പിന്തുണയോ ഇല്ലാത്ത ഭാഗങ്ങളിൽ ഞങ്ങള്‍ ടൈറ്റാനിയം പ്ലേറ്റുകള്‍ ഉപയോഗിച്ചു. ശ്വാസനാളത്തില്‍ നിന്ന് പൂര്‍ണ്ണമായി വേര്‍പെട്ടിരുന്ന മൂക്കിന് നിയതമായ രൂപം നല്‍കിയതിന് ശേഷം നാസികാദ്വാരങ്ങള്‍ ശ്വാസകോശ നാളി ഉപയോഗിച്ച് തുന്നിക്കെട്ടി'', അദ്ദേഹം പറഞ്ഞു.
ത്വക്കിന്റെ ആവരണം നല്കാൻ രോഗിയുടെ കഴുത്ത്, നെറ്റി, തലയോട്ടി എന്നിവയില്‍ നിന്നുള്ള മൃദുവായ ടിഷ്യൂകള്‍ ഒരു ഫ്ലാപ്പായി ഉപയോഗിച്ചു. രത്വയ്ക്ക് ഇപ്പോള്‍ കണ്ണുകള്‍ ചലിപ്പിക്കാന്‍ കഴിയും. ശ്വാസോച്ഛ്വാസത്തിനും ബുദ്ധിമുട്ടില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ആശുപത്രി വിടാൻ കഴിയും'', ഡോ സോണി കൂട്ടിച്ചേര്‍ത്തു.