സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഐഐടി മദ്രാസ് സിലിക്കണ്‍ വാലിയുമായി കടുത്ത മത്സരത്തിലാണെന്ന് തോന്നുന്നുവെന്നാണ് ആനന്ദ് മഹീന്ദ്ര പറഞ്ഞത്. സ്റ്റാര്‍ട്ട് അപ്പിന്റെ പുതിയ സംരംഭത്തെപ്പറ്റി അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പ് ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
'' എല്ലാ ആഴ്ചയും ടെക് രംഗത്തെ നൂതന സംരംഭങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ട്. നമ്മുടെ വിശാലമായ ജലസ്രോതസുകള്‍ ഉപയോഗപ്പെടുത്തുമെന്ന വാഗ്ദാനമല്ല മറിച്ച് ഈ വാഹനത്തിന്റെ രൂപകല്‍പ്പനയാണ് എന്നെ അതിശയിപ്പിച്ചത്,'' ആനന്ദ് മഹീന്ദ്ര പറഞ്ഞു.
നേരത്തെ എയ്‌റോ ഇന്ത്യ 2025 സമ്മേളനത്തിനിടെ ചെലവുകുറഞ്ഞതും വേഗതയേറിയതുമായ ഇലക്ട്രിക് സീ ഗ്ലൈഡേഴ്‌സിനെ ഉപയോഗപ്പെടുത്തുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നതായി വാട്ടര്‍ ഫ്‌ളൈ ടെക്‌നോളജീസിന്റെ സഹസ്ഥാപകന്‍ ഹര്‍ഷ് രാജേഷ് പറഞ്ഞിരുന്നു.
advertisement
വെള്ളത്തില്‍ നിന്ന് പറന്നുയരുകയും നാല് മീറ്റര്‍ ഉയരത്തില്‍ പറക്കുകയും ചെയ്യുന്ന വിംഗ്-ഇന്‍-ഗ്രൗണ്ട് ക്രാഫ്റ്റ് സാങ്കേതികവിദ്യയിലധിഷ്ടിതമായ വിമാനമായിരിക്കും ഇവയെന്നും അദ്ദേഹം പറഞ്ഞു.
' കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് 1600 കിലോമീറ്റര്‍ ദൂരമുണ്ട്. വെറും 600 രൂപയ്ക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാം. ട്രെയിനിലെ എസി ത്രീ ടയര്‍ ടിക്കറ്റിനെക്കാള്‍ കുറഞ്ഞ നിരക്കാണിത്,'' എന്ന് ഹര്‍ഷ് രാജേഷിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഈ സംരംഭത്തിന് പിന്നിലെ ശാസ്ത്രീയവശങ്ങളെപ്പറ്റി കമ്പനിയുടെ സഹസ്ഥാപകന്‍മാരിലൊരാളായ കേശവ് ചൗധരി പറഞ്ഞു. ജലോപരിതലത്തോട് വളരെ അടുത്ത് പറക്കുന്ന പ്രത്യേകതരം വിമാനമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി ഗ്രൗണ്ട് ഇഫക്ട് പ്രയോജനപ്പെടുത്താനും സാധിക്കും. അതിലൂടെ വാഹനത്തിന്റെ ചിറകുകളിലെ ഘര്‍ഷണം കുറയ്ക്കാനും സാധിക്കും.
ഒരു സാധാരണ വിമാനം നിര്‍മിക്കുന്നതിനെക്കാള്‍ ചെലവ് കുറവാണ് ഇതിനെന്നും കേശവ് ചൗധരി പറഞ്ഞു. '' ഞങ്ങള്‍ ഉയര്‍ന്ന അക്ഷാംശങ്ങളില്‍ പറക്കാന്‍ ഉദ്ദേശിക്കുന്നില്ല. കുറഞ്ഞ വായുമര്‍ദ്ദത്തെ നേരിടേണ്ടിവരുന്നില്ല. അതായത് നമ്മുടെ വിമാനം വളരെ ശക്തമായി നിര്‍മിക്കേണ്ടി വരുന്നില്ല. ഇതിലൂടെ നിര്‍മാണച്ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും,'' അദ്ദേഹം വിശദീകരിച്ചു.
ഈ വിമാനത്തിന്റെ എന്‍ജീനും സാധാരണ വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. '' സാധാരണ വിമാനത്തിന് റണ്‍വേ അവസാനിക്കുന്നതിന് മുമ്പ് പറന്നുയരണം. എന്നാല്‍ നമ്മുടെ വിമാനത്തിന് മുന്നില്‍ കടല്‍ വിശാലമായി കിടക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം റണ്‍വേ അനന്തമായി കിടക്കുന്നു. ഇത് എഞ്ചിനില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നില്ല,'' അദ്ദേഹം പറഞ്ഞു.
നിലവില്‍ ഈ പദ്ധതി പ്രാരംഭഘട്ടത്തിലാണ്. എയറോ ഇന്ത്യ സമ്മേളനത്തില്‍ പദ്ധതിയുടെ രൂപരേഖ മാത്രമാണ് അവതരിപ്പിച്ചത്. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിമാനത്തിന്റെ പ്രോട്ടോടൈപ്പ് തയ്യാറാകും. 20 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിമാനം 2026ഓടെ പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി ഇപ്പോള്‍. ഈ പദ്ധതിയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത് ഐഐടി മദ്രാസ് ആണ്.