33-കാരിയായ എറിക്ക കാന്‍ അരിസോണയിലേക്കുള്ള യാത്രയ്ക്കിടയില്‍ രാത്രി ആകാശത്തിന്റെ ഫോട്ടോ എടുക്കുകയായിരുന്നു. ഈ സമയത്ത് ഒരു വവ്വാല്‍ അവരുടെ വായിലേക്ക് അബദ്ധത്തില്‍ പറന്നുകയറി. ഇത് എറിക്കയെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്കാണ് തള്ളിവിട്ടത്. പേവിഷ പ്രതിരോധ ചികിത്സയ്ക്കായി ഏകദേശം 20,000 ഡോളറിലധികമാണ് ( ഏതാണ്ട് 17.50 ലക്ഷം രൂപ) എറിക്ക ആശുപത്രിയില്‍ ബില്ലടയ്‌ക്കേണ്ടി വന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സംഭവം നടന്നത്. അരിസോണയിലേക്കുള്ള യാത്രയ്ക്കിടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് ഈ ദുരനുഭവം നേരിട്ടതെന്ന് എറിക്ക കെഎഫ്എഫ് ഹെല്‍ത്ത് ന്യൂസിനോട് പറഞ്ഞു. ആദ്യം തലയിലും ക്യാമറയ്ക്ക് ഇടയിലും വവ്വാലുകള്‍ കുടുങ്ങിയതാണ് കണ്ടെതെന്നും പിന്നീട് വവ്വാലുകള്‍ ഭാഗികമായി വായിലേക്ക് കടന്നുവെന്നും അവര്‍ പറയുന്നു. ഭയന്നുനിലവിളിച്ചുപോയെന്നും അവര്‍ വ്യക്തമാക്കി.
advertisement
കുറച്ചുനിമിഷം മാത്രമേ വവ്വാല്‍ വായില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും ഡോക്ടറായ എറിക്കയുടെ അച്ഛന്‍ പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ നിര്‍ദ്ദേശിച്ചു. വവ്വാലുകള്‍ തന്നെ കടിച്ചില്ലെന്നാണ് എറിക്ക കരുതിയത്.
ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതിയെ അടുത്തിടെ ആ പദവിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനുശേഷം ചികിത്സാ ചെലവ് വഹിക്കാന്‍ സഹായിക്കുന്നതിനായി അവര്‍ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈനായി വാങ്ങി. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി അവര്‍ക്ക് ചികിത്സാചെലവിനുള്ള തുക നിഷേധിക്കുകയാണുണ്ടായത്. അരിസോണയിലും മസാച്യുസെറ്റിസിലും കൊളോറാഡോയിലും നടത്തിയ ചികിത്സയ്ക്കുള്ള പണം ഇന്‍ഷുറന്‍സില്‍ നിന്നും കിട്ടിയില്ല. 30 ദിവസത്തെ കാത്തിരിപ്പ് കാലയളവാണ് ഇതിനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാണിച്ചത്.