സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് യുവാവ് തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'ബെംഗളൂരുവിലെ വീട്ടിലിരുന്നുള്ള ജോലി, വൈഫൈ സ്ഥിരമായി ലഭിക്കുന്നു, എന്നാല്‍ മാനസികാരോഗ്യം അങ്ങനെയല്ല' എന്ന കാപ്ഷനോടെയാണ് ടെക്കി പോസ്റ്റ് പങ്കുവെച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ നേരിടുന്ന മാനസിക സമ്മര്‍ദത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പോസ്റ്റ്. ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരുവില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ മാനസികമായ തളര്‍ച്ചയും ഒറ്റപ്പെടലും അനുഭവപ്പെടുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
ഇഷ്ടാനുസരണം ചെയ്യാവുന്നതും ആവശ്യത്തിന് വിശ്രമം നല്‍കുന്നതുമായ ഒരു ജോലി എന്ന ലക്ഷ്യത്തോടെയാണ് ബെംഗളൂരുവിലേക്ക് താമസം മാറിയതെന്ന് ടെക്കി വിവരിച്ചു. ''കഫേ കോഡിംഗ് സ്വപ്‌നം കണ്ട് ഞങ്ങള്‍ ഇവിടേക്ക് താമസം മാറി. ഇപ്പോള്‍ ബെഡ്ഡിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്റെ ലാപ്‌ടോപ്പ് ചൂടുവെള്ളം സൂക്ഷിക്കുന്ന ബാഗ് പോലെയായി. പവര്‍ക്കട്ടും എപ്പോഴും ശബ്ദമുണ്ടാക്കുന്ന അയല്‍ക്കാരും. ഇതിനോടൊപ്പം സൂം മീറ്റിംഗും ക്ഷീണവും,'' ടെക്കി പറഞ്ഞു.
advertisement
''എല്ലാ ദിവസവും ഞാന്‍ കോഡ് എഴുതുണ്ടെങ്കിലും വൈകുന്നേരമാകുമ്പോഴേക്കും അത് മറക്കുന്നു. എഴുന്നേറ്റ് നില്‍ക്കുന്ന സമയത്ത് ഞാന്‍ ശൂന്യതയിലേക്ക് ഉറ്റുനോക്കുന്നു. ഇതാണോ ടെക്കികളുടെ ജീവിതം?'' ടെക്കി ചോദിച്ചു. ടെക്കിയുടെ പോസ്റ്റിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.
''ഉത്പ്പാദനക്ഷമതയുള്ളവരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആരാണ് കഫേകളില്‍ നിന്ന് ജോലി ചെയ്യുന്നത്,'' ഒരാള്‍ ചോദിച്ചു.
''വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ എന്തിനാണ് ബെംഗളൂരുവില്‍ പോകുന്നത്. പർവ്വതങ്ങളുടെയും ബീച്ചുകളുടെയും സമീപത്തേക്ക് പോകുക,'' മറ്റൊരാള്‍ പറഞ്ഞു.
ലേഔട്ടുകള്‍ പോലെയുള്ള സ്ഥലങ്ങളിലേക്ക് മാറാന്‍ ഉപദേശിക്കുകയാണെന്ന് മറ്റൊരാള്‍ പറഞ്ഞു. ''അവിടെ മരങ്ങള്‍ ഇരുവശത്തും നിറഞ്ഞ റോഡുകളും പാര്‍ക്കുകളും കടകളുമുണ്ട്. രാത്രി വൈകിയും എല്ലാം പ്രവര്‍ത്തിക്കും. ആഴ്ചയുടെ അവസാനം ക്ലബ്ബുകളിലോ മറ്റ് പ്രവര്‍ത്തനങ്ങളിലോ ചേരാന്‍ ശ്രമിക്കുക. ഒരു ഹോബി തിരഞ്ഞെടുക്കുക,'' ഒരാള്‍ ശുപാര്‍ശ ചെയ്തു.
അതേസമയം, ഇത് നിങ്ങളുടെ മാത്രം അനുഭവമല്ലെന്ന് മറ്റൊരാള്‍ പറഞ്ഞു. ''ബെംഗളൂരുവില്‍ ഇരുന്ന വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നത് ആത്മാവിനെ തകര്‍ക്കുന്നതായി തോന്നും. പവര്‍കട്ടുകളും ശബ്ദകോലാഹരവും ഒറ്റപ്പെടലുകളുമുണ്ടാകും. ചിലപ്പോള്‍ നിങ്ങളുടെ ദിനചര്യകള്‍ മാറ്റേണ്ടി വരും. പുതിയ ഇടങ്ങള്‍ കണ്ടെത്തണം. അല്ലെങ്കില്‍ ടെക്കികളുടെ ജീവിതം ഇന്‍സ്റ്റഗ്രാമില്‍ കാണുന്നത് പോലെ ഗ്ലാമറസ് അല്ലെന്ന് അംഗീകരിക്കേണ്ടി വരും,'' ഒരാള്‍ പറഞ്ഞു.
വീട്ടിലിരുന്നുകൊണ്ടും മാനസികാരോഗ്യം നിലനിര്‍ത്താന്‍ കഴിയുമെന്ന് മറ്റൊരാള്‍ പറഞ്ഞു. ''ഓഫീസിലെത്തി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍ ദിവസേന ഓഫീസിലെ നിയമങ്ങളും ഗതാഗതക്കുരുക്കും കൈകാര്യം ചെയ്യുന്നത് എത്രമാത്രം സമ്മര്‍ദം സൃഷ്ടിക്കുമെന്ന് സങ്കല്‍പ്പിച്ച് നോക്കുക,'' ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.