പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി. ഇതോടെ വിദ്യാര്‍ത്ഥിയുടെ ആത്മാര്‍ത്ഥതയെയും മനോഭാവത്തെയും കന്നഡ ഭാഷയോടുള്ള ആദരവിനെയും പലരും പ്രശംസിച്ചു. കര്‍ണാടകയില്‍ ഭാഷാ വിവാദം സംബന്ധിച്ച ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് ബിഹാറി വിദ്യാര്‍ത്ഥിയുടെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുന്നത്.
ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവിണ്യമുള്ള വിദ്യാര്‍ത്ഥിക്ക് ഭോജ്പുരിയിലും സംസ്‌കൃതത്തിലും പരിചയവുമുണ്ട്. എല്ലാ ഇന്ത്യന്‍ ഭാഷകളോടുമുള്ള തന്റെ അതിയായ അഭിനിവേശവും വിദ്യാര്‍ത്ഥി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു സന്ദര്‍ശകന്‍ എന്ന നിലയില്‍ മാത്രമല്ല ആ സമൂഹത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് കന്നഡ പഠിക്കാന്‍ ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥി പറയുന്നു.
advertisement
എല്ലാ ഇന്ത്യന്‍ ഭാഷകളും ഹിന്ദിയെ പോലെതന്നെ തന്റേതാണെന്ന് തോന്നിയിട്ടുണ്ടെന്നും ബംഗാളിയായാലും ഒഡീഷയായാലും മറാത്തി, തമിഴ്, ഗുജറാത്തി, കന്നഡ അങ്ങനെ ഏത് ഭാഷയായാലും തന്റെ കൂടി ഭാഗമാണെന്നും വിദ്യാര്‍ത്ഥി പോസ്റ്റില്‍ കുറിച്ചു. ഇപ്പോള്‍ ജീവിതത്തിന്റെ നാല് വര്‍ഷം കര്‍ണാടകയില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. കന്നഡയുമായി യഥാര്‍ത്ഥവും അര്‍ത്ഥവത്തായതുമായ രീതിയില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും വിദ്യാര്‍ത്ഥി റെഡ്ഡിറ്റില്‍ വ്യക്തമാക്കി.
നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയത്. പോസ്റ്റിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. 80 ഓളം പേരുടെ അനുകൂല വോട്ടുകളും പോസ്റ്റ് നേടി. ലളിതമായ ശൈലികളില്‍ പഠിച്ച് തുടങ്ങുക, യൂട്യൂബില്‍ കന്നഡ ഉള്ളടക്കം കാണുക, സഹപാഠികളുമായി വെറുതെ ചാറ്റ് ചെയ്യുക തുടങ്ങി കന്നഡ പഠിക്കുന്നതിനുള്ള സഹായകരമായ നുറുങ്ങുവിദ്യകളും നിരവധി പേര്‍ പോസ്റ്റിന് താഴെ പങ്കിട്ടു. പഠനം സുഗമമാക്കുന്നതിന് കോളേജ് ഭാഷാ പ്രോഗ്രാമുകള്‍ ഉപയോഗിക്കാന്‍ ചിലര്‍ ശുപാര്‍ശ ചെയ്തു.
സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന കുറച്ച് വാക്കുകള്‍ ആദ്യം പഠിക്കുകയെന്നും കോളേജ് വിടുമ്പോഴേക്കും കുറച്ച് കൂടുതല്‍ കന്നഡ പഠിക്കാനാകുമെന്നും ഒരാള്‍ കുറിച്ചു. എന്നാല്‍ ജോലിക്കായും ബെംഗളുരുവില്‍ തുടരുകയാണെങ്കില്‍ ശരിയായി പഠിക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നായിരുന്നു മറ്റൊരു പ്രതികരണം. പല കമ്പനികളും കമ്പനികള്‍ക്കകത്ത് തന്നെ ഇതിനായി പരിശീലനം നല്‍കുന്നുണ്ടെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി.
തദ്ദേശീയരുമായി സൗഹൃദമുണ്ടാക്കുന്നതിലൂടെ അവരില്‍ നിന്ന് ഭാഷ പഠിക്കാനാകുമെന്നുമായിരുന്നു മറ്റൊരു നിര്‍ദ്ദേശം. സഹപാഠികളുമായി ഇടപഴകുമ്പോള്‍ ഭാഷാ പഠനം എളുപ്പമാകുമെന്നും മറ്റുചിലര്‍ റെഡ്ഡിറ്റില്‍ അഭിപ്രായപ്പെട്ടു.