2003ൽ ഒരു വിവാഹവുമായി ബന്ധപ്പെട്ടാണ് ബോറിസ് ജോൺസൺ കേരളത്തിലെത്തിയത്. എഴുത്തുകാരനായ ഖുശ്വന്ത് സിംഗിന്റെയും ജോൺസണിന്റെയും കുടുംബങ്ങൾ തമ്മിൽ ബന്ധമുണ്ട്. ഖുശ്വന്ത് സിംഗിന്റെ മൂത്ത സഹോദരന്റെ കൊച്ചുമകൻ കബീർ സിംഗിന്റെ വിവാഹത്തിനാണ് ജോൺസൺ കേരളത്തിലെത്തിയത്. വധു മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എസ് കൃഷ്ണകുമാറിന്റെ മകൾ ഐശ്വര്യയും. ജോൺസൺറെ ആദ്യ ഭാര്യയുടെ അനന്തരവനാണ് വരനായിരുന്ന കബീർ സിംഗ്.
advertisement
കന്യാകുമാരിജില്ലയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങിലും തുടർന്ന് ഗോൾഫ് ക്ലബിൽ നടന്ന സൽക്കാര ചടങ്ങിലും ജോൺസൺ പങ്കെടുത്തു. നാലുദിവസം കേരളത്തിൽ തങ്ങിയ ജോണ്‍സണ്‍ ആലപ്പുഴയിൽ ബോട്ട് യാത്രയും നടത്തി. ഹിന്ദുവിവാഹ ചടങ്ങുകൾ മനസിലാക്കുന്നതിന് ജോൺസൺ അതീവ താൽപര്യം കാട്ടിയതായി എസ് കൃഷ്ണകുമാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വിവാഹദിവസം ക്ഷേത്രത്തിലെ ആന അക്രമാസക്തനായത് അവിടെ കൂടിയ അതിഥികളെ പരിഭ്രാന്തരാക്കി. കുറച്ചുപേർക്ക് പരിക്ക് പറ്റിയെങ്കിലും ആനയുടെ സമീപത്ത് തന്നെയുണ്ടായിരുന്ന ജോൺസൺ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലണ്ടനിലേക്ക് മടങ്ങിയശേഷം അവിടത്തെ ഒരു പത്രത്തിൽ ആന ഇടഞ്ഞ സംഭവം ജോൺസൺ ലേഖനമായെഴുതി. 'പ്രധാന ചടങ്ങളുകളിൽ ആന ഇടയുന്നത് ശുഭകരമായാണ് കണക്കാക്കുന്നത്. ഒരിക്കല്‍ ഒരാനയുടെ ആക്രമണത്തെ നിങ്ങള്‍ അതിജീവിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തിൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയും. അന്നു പറഞ്ഞ ഈ കാര്യം ജോൺസൺ ലേഖനത്തിലും ചേർത്തിരുന്നു'- കൃഷ്ണകുമാർ പറയുന്നു.
മുൻ ഭാര്യ മറീനയ്ക്കൊപ്പം ജോൺസൺ മുംബൈയിലും ഡൽഹിയിലും പലതവണ എത്തിയിരുന്നു. അന്നത്തെ വധൂവരന്മാരായ ഐശ്വര്യയും കബീർ സിംഗും ഇപ്പോൾ ഇംഗ്ലണ്ടിലാണ് താമസം. മകളെയും മരുമകനെയും കാണാനായുള്ള അടുത്ത യാത്രയിൽ പുതിയ പ്രധാനമന്ത്രിയെ സന്ദർശിക്കാനാണ് കൃഷ്ണകുമാർ ആലോചിക്കുന്നത്.
