ലണ്ടനിലെ തെരുവുകളിലാണ് ഈ ചുവന്ന ഡബിള്‍ ഡെക്കര്‍ മ്യൂസിക് ബസ് സഞ്ചരിക്കുന്നത്. ഇതാണ് മ്യൂസിക് ഓണ്‍ വീല്‍സ് ബസ്, കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്നിനും നിരവധി സ്‌പോണ്‍സര്‍മാരുടെ പിന്തുണയോടും കൂടിയാണ് 2019 ഏപ്രിലില്‍ ലൈസിയം സ്‌കൂള്‍ ഓഫ് മ്യൂസിക് ഇത്തരത്തിൽ ഒരു സംഗീത ബസ് യാഥാര്‍ത്ഥ്യമാക്കിയത്. ഈ മ്യൂസിക് ബസില്‍ വയലിന്‍, പിയാനോ, ഗിറ്റാറുകള്‍, സാക്‌സോഫോണുകള്‍ തുടങ്ങി നിരവധി സംഗീത ഉപകരണങ്ങളുണ്ട്. ഇതിന് പുറമെ, വളര്‍ന്നുവരുന്ന യുവ സംഗീതജ്ഞരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മ്യൂസിക്ക് ബസില്‍ അധ്യാപകരുമുണ്ട്. ഇവര്‍ അഭിരുചിക്കനുസരിച്ചുള്ള സംഗീതോപകരണം ഏതാണെന്ന് കണ്ടെത്താന്‍ കുട്ടികളെ സഹായിക്കുകയും ചെയ്യും.
advertisement
സംഗീത പഠനം ജനങ്ങൾക്കിടയിൽ വളർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിന് പുറമെ, സംഗീത പഠനം എല്ലാവര്‍ക്കും താങ്ങാനാവുന്നതാക്കി മാറ്റാനായാണ് ഇത്തരം ഒരു ആശയം നടപ്പിലാക്കിയതെന്ന് മ്യൂസിക് ഓണ്‍ വീല്‍ ബസിന്റെ സംഘാടകരിലൊരാളായ പെട്രു കോട്ടാര്‍സിയ പറഞ്ഞു.
അതേസമയം, രാജ്യത്ത് സംഗീത പഠനം പലപ്പോഴും ചെലവേറിയതും ധനികര്‍ക്ക് മാത്രമായുള്ളതാണെന്നും പൊതുവേ അഭിപ്രായമുണ്ട്. അതിനാല്‍ തന്നെ തങ്ങളുടെ കുട്ടികള്‍ അതിന് യോഗ്യരല്ലെന്നാണ് പല മാതാപിതാക്കളും കരുതുന്നത്. എന്നാല്‍ ഈ ധാരണ മാറ്റുന്നതിനായി സംഗീത പഠനത്തിനായി ഒരു ദേശീയ പദ്ധതി നടപ്പാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 4 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും നിര്‍ബന്ധിത സംഗീത വിദ്യാഭ്യാസം നല്‍കണമെന്ന് ജൂണ്‍ 25 ന് പുറത്തിറക്കിയ രേഖയില്‍ പറയുന്നു.
എന്നാല്‍, സ്‌കൂളുകളില്‍ നിന്ന് സംഗീത പഠിക്കാന്‍ സാധിക്കാത്തവര്‍ക്കായി അവരുടെ അടുത്ത് നേരിട്ടെത്തി സംഗീത വിദ്യാഭ്യാസം നല്‍കുകയാണ് ലൈസിയം മ്യൂസിക്. നിലവില്‍ ലണ്ടനിലെ റാവന്‍സ്‌കോര്‍ട്ട് പാര്‍ക്ക്, നോട്ടിംഗ് ഹില്‍, ഫുള്‍ഹാം എന്നീ പ്രദേശങ്ങളിലാണ് മ്യൂസിക് ഓണ്‍ വീല്‍സ് ബസ് പര്യടനം നടത്തുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം 4 മുതല്‍ 6 വരെയും വാരാന്ത്യങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെയുമാണ് മ്യൂസിക് ബസിന്റെ സേവനം ലഭിക്കുക.
നേരത്തെ ലണ്ടനില്‍ കുടുംബവുമായി ഒന്നിച്ച് യാത്രചെയ്യുവാന്‍ സ്വന്തമായി വിമാനം നിര്‍മ്മിച്ച മലയാളി എന്‍ജിനീയറുടെ കഥ വാര്‍ത്തയായിരുന്നു. മുന്‍ എംഎല്‍എ പ്രഫ. എ.വി.താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകന്‍ അശോക് താമരാക്ഷന്‍ ആണു സ്വയം വിമാനം നിര്‍മിച്ചത്. ഇതിനകം വിവിധ രാജ്യങ്ങളിലേക്കു അദ്ദേഹം ഈ വിമാനത്തില്‍ തന്നെയാണ് പറന്നത്. നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന തരം വിമാനമാണിത്.
