മൃദുവായ പാഡ് പിടിപ്പിച്ച യു ആകൃതിയിലുള്ള ബെല്‍റ്റ് താടിയില്‍ കുടുക്കി അതില്‍ തൂങ്ങിയാടുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ആളുകള്‍ വളരെ പതുക്കെയാണ് ഇതില്‍ ആടുന്നത്. വടക്കുകിഴക്കന്‍ ചൈനയിലെ ഷെന്‍യാങ്ങില്‍ നിന്നുള്ള വീഡിയോ ആണിത്.
''ചൈനയിലെ ഷെന്‍യാങ്ങില്‍ ചിലയാളുകള്‍ ഏതാനും നിമിഷം ബെല്‍റ്റ് താടിയില്‍ കുടുക്കി പതുക്കെ ആടുന്ന വീഡിയോ ആണിത്. ഇങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്നു'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായത്. വീഡിയോ വൈറലായെങ്കിലും പലരും വീഡിയോ കണ്ട് ആശങ്ക പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. റെഡ്ഡിറ്റില്‍ പങ്കുവെച്ച വീഡിയോയുടെ താഴെയും കമന്റ് ചെയ്ത് ചിലര്‍ അമ്പരപ്പ് പ്രകടിപ്പിച്ചു. തൂങ്ങിയാടുന്നവരുടെ കഴുത്തുവേദന മാറിയെന്ന് കരുതുന്നതായി ഒരു ഉപയോക്താവ് പറഞ്ഞു. ''നന്നായി ഉറങ്ങാന്‍ പതുക്കെ ചെയ്യുക. എന്നന്നേക്കുമായി ഉറങ്ങാന്‍ വളരെ വേഗത്തില്‍ ചെയ്യുക'' എന്ന് മറ്റൊരാള്‍ പറഞ്ഞു.
advertisement
ഈ വ്യായാമത്തിന് ശേഷം അവരില്‍ ചിലര്‍ എന്നന്നേക്കുമായി ഉറങ്ങുമെന്ന് വേറൊരു ഉപയോക്താവ് പറഞ്ഞു.
തലകറക്കം, തലവേദന, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമായ സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നും ഇതിന് പരിഹാരമായാണ് ഈ സാങ്കേതികവിദ്യ കണ്ടുപിടിച്ചതെന്നും ഇതിന് സംവിധാനം കണ്ടുപിടിച്ചയാൾ മാധ്യമസ്ഥാപനമായ വിയോറിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുടെയെല്ലാം മൂലകാരണത്തെക്കുറിച്ച് താന്‍ ഗവേഷണം നടത്തിയെന്നും സെര്‍വിക്കല്‍ സ്‌പൈനിലെ ചെറിയ സന്ധികളിലുണ്ടാകുന്ന സ്ഥാനഭ്രംശത്തില്‍ നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നതെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. സ്വയം ചികിത്സയ്ക്കുന്നതിനുള്ള ഉപകരണമായി കഴുത്തില്‍ തൂങ്ങിയാടുന്ന ഉപകരണം നിര്‍മിച്ചതായും ഇതിന് ട്രേഡ്മാര്‍ക്കിനും പകര്‍പ്പവകാശത്തിനും വേണ്ടി രജിസ്റ്റര്‍ ചെയ്യുകയും പേറ്റന്റ് ലഭിക്കുകയും ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു.
''ഇപ്പോള്‍ ഞാന്‍ ഈ പാര്‍ക്കില്‍ എല്ലാ ദിവസം വരുന്നു. സാധാരണക്കാരായ നിരവധിയാളുകളുടെ സെര്‍വിക്കല്‍ സ്‌പൈനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചു,'' അദ്ദേഹം പറഞ്ഞു.
സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്, സെര്‍വിക്കല്‍ വെര്‍ട്ടബ്രെ എന്നിവയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നതിനാല്‍ ചൈനയിലെ പ്രായമായവര്‍ക്കിടയില്‍ ഈ വ്യായാമം സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, ഇത്തരത്തിലുള്ള വ്യായാമ രീതി സ്വീകരിക്കുമ്പോള്‍ തെറ്റ് പറ്റാതെ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത് പേശികള്‍, ലിഗ്മെന്റുകള്‍, ടെന്‍ഡണുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട്. കൂടാതെ, ജീവന്‍ തന്നെ അപകടത്തിലാക്കാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുമെന്നും അവര്‍ പറയുന്നു.