ജാക്വിലിനായി താൻ ഒരു എയർബസ് എച്ച്-സീരീസ് ഹെലികോപ്റ്റർ പ്രത്യേകം ഏർപ്പാടാക്കിയെന്നും അതിന്റെ അകത്തും പുറത്തും നടിയുടെ പേരിന്റെ ഇനീഷ്യലായ 'JF' എന്ന് വലിയ അക്ഷരത്തിൽ ആലേഖനം ചെയ്തിട്ടുണ്ടെന്നും സുകേഷ് കത്തിലൂടെ അറിയിച്ചു. നേരത്തെ നൽകിയതായി അവകാശപ്പെടുന്ന യാച്ചിനും ജെറ്റ് വിമാനത്തിനും പുറമെയാണിത്.
തെലുങ്ക് പാട്ടിലെ പ്രശസ്തമായ 'ബൊമ്മ ബൊമ്മ' (മനോഹരമായ പാവ) എന്ന വാക്കിലൂടെയാണ് ജാക്വിലിനെ സുകേഷ് കത്തിൽ വിശേഷിപ്പിക്കുന്നത്. "ബേബി, നിന്നെപ്പോലൊരു രാജ്ഞിക്ക് ചേരുന്ന പ്രത്യേക സമ്മാനം ഞാൻ ഒരുക്കിയിട്ടുണ്ട്. ഈ വാലന്റൈൻസ് ദിനത്തിൽ നീ അരികിലില്ലാത്തത് ലോകത്തെ അപൂർണ്ണമാക്കുന്നു. മരുഭൂമിയിൽ അകപ്പെട്ട മനുഷ്യനെപ്പോലെ ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു. ഈ തണുത്ത ചുവരുകൾക്കും ഇരുമ്പ് അഴികൾക്കും നമ്മെ വേർപിരിക്കാനാവില്ല." നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് താഴെ അവളെ ചേർത്തുപിടിച്ച് രഹസ്യങ്ങൾ മൊഴിയാൻ ആഗ്രഹിക്കുന്നുവെന്നും സുകേഷ് കത്തിൽ കുറിച്ചു.
advertisement
എയർബസ് എച്ച്-സീരീസിലെ വിവിധ മോഡലുകൾക്ക് കോടികളാണ് വില. സുകേഷ് പറയുന്ന 30 കോടി രൂപയ്ക്ക് അടുത്തായി വരുന്നത് H125 പോലുള്ള സിംഗിൾ എഞ്ചിൻ വേരിയന്റുകളാണ്. കൂടുതൽ അത്യാധുനികമായ മോഡലുകൾക്ക് 200 കോടി രൂപയ്ക്ക് മുകളിൽ വരെ വില വരാം.
സുകേഷ് നിരന്തരം ഇത്തരത്തിൽ കത്തുകൾ അയക്കാറുണ്ടെങ്കിലും ജാക്വിലിൻ ഫെർണാണ്ടസ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സുകേഷുമായുള്ള സാമ്പത്തിക ഇടപാടുകളിലോ തട്ടിപ്പിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നും താൻ നിരപരാധിയാണെന്നുമാണ് താരം കോടതിയിൽ ആവർത്തിക്കുന്നത്. പുതിയ ഹെലികോപ്റ്റർ സമ്മാനത്തെക്കുറിച്ചും താരം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
