പ്രണയിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയിട്ടും വര്‍ഷങ്ങളോളം മൃതദേഹത്തിനൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ അത്യപൂര്‍വ്വ പ്രണയത്തിന്റെ കഥയാണ് ഇത്. കാള്‍ ടാന്‍സ്‌ലറും എലെന ഡി ഹോയോസ് എന്ന പെണ്‍കുട്ടിയുമാണ് കഥയിലെ നായകനും നായികയും.
താന്‍ പ്രണയിച്ചിരുന്ന എലെന ഡി ഹോയോസ് എന്ന 22കാരിയുടെ മൃതദേഹത്തിനൊപ്പം കാള്‍ ജീവിച്ചത് ഏഴ് വര്‍ഷമാണ്. മാരകമായ ക്ഷയരോഗ ബാധിതയായിരുന്ന എലെനയെ 1931ല്‍ ഫ്‌ളോറിഡയിലെ കീ വെസ്റ്റിലുള്ള മറൈന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അക്കാലത്ത് മരണം വരെ സംഭവിച്ചേക്കാവുന്ന മാരകമായ രോഗമായിരുന്നു ക്ഷയം.
advertisement
കാള്‍ ടാന്‍സ്‌ലര്‍ അന്ന് ആശുപത്രിയിലെ റേഡിയോളജിക് ടെക്‌നീഷ്യനായിരുന്നു. രോഗിയായി എത്തിയ എലെനയോട് കാളിന് പ്രണയം തോന്നി. ഒരു ഡോക്ടറായിരുന്നില്ല എങ്കിലും തനിക്ക് എലെനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കാള്‍ ഉറച്ചുവിശ്വസിച്ചു. അതിനായി അസാധാരണമായി തോന്നുന്ന ചികിത്സാരീതികള്‍ വരെ അദ്ദേഹം പരീക്ഷിച്ചു.
പ്രണയം കാള്‍ തുറന്നുപറഞ്ഞെങ്കിലും രോഗക്കിടയില്‍ നിന്നുതന്നെ എലെന അത് നിരസിച്ചു. ദുഃഖകരമെന്നുപറയട്ടെ ഒരു ചികിത്സയ്ക്കും അവളെ രക്ഷിക്കാനായില്ല. അതേവര്‍ഷം ഒക്ടോബര്‍ 25ന് എലെന മരണത്തിന് കീഴടങ്ങി. പക്ഷേ, കാള്‍ ടാന്‍സ്‌ലറുടെ പ്രണയം മരിച്ചില്ല. എലെനയുടെ മരണശേഷവും അയാള്‍ അവളെ പ്രണയിച്ചു.
എലെനയുടെ മരണാനന്തര ചടങ്ങുകളുടെ ചെലവുകളെല്ലാം വഹിച്ചത് കാള്‍ ആയിരുന്നു. അവള്‍ക്കായി വലിയൊരു ശവകുടീരം അയാള്‍ പണിതുയര്‍ത്തി. അതിന്റെ താക്കോല്‍ അയാള്‍ തന്നെ സൂക്ഷിച്ചു. കാള്‍ എല്ലാ രാത്രികളിലും ആ ശവകുടീരം സന്ദര്‍ശിച്ചു. സമ്മാനങ്ങളും പൂക്കളും കല്ലറയില്‍ നല്‍കി. രണ്ട് വര്‍ഷത്തോളം ഈ പതിവ് തുടര്‍ന്നു. കല്ലറയ്ക്കുള്ളില്‍ ഒരു ഫോണും അദ്ദേഹം സ്ഥാപിച്ചു.
1940കളിലാണ് എലെനയുടെ മൃതദേഹത്തിനൊപ്പം കാള്‍ താമസിക്കുന്നതായി അഭ്യൂഹങ്ങള്‍ പരക്കുന്നത്. അവളുടെ സഹോദരി അദ്ദേഹത്തെ കണ്ട് ഇക്കാര്യം ശരിയാണെന്ന് സ്ഥിരീകരിച്ചു. 1933ലാണ് കാള്‍ എലെനയുടെ മൃതദേഹം കല്ലറയില്‍ നിന്നും കൊണ്ടുപോയത്. ദുര്‍ഗന്ധം വരാതിരിക്കാനും അഴുകാതിരിക്കാനും കോട്ട് ഹാങ്ങറുകളും മെഴുകും സുഗന്ധലേപനങ്ങളും ഉപയോഗിച്ചാണ് മൃതദേഹം അയാള്‍ സൂക്ഷിച്ചിരുന്നത്.
പ്ലാസ്റ്റര്‍ ഉപയോഗിച്ച് എലെനയുടെ മുഖം പുനര്‍നിര്‍മിച്ചു. യഥാര്‍ത്ഥ മുടിക്ക് പകരമായി ഒരു വിഗ്ഗ് ഉണ്ടാക്കി. അവളുടെ ശരീരം പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചാണ് കാള്‍ തന്റെ കിടക്കയില്‍ സൂക്ഷിച്ചത്. മൃതദേഹപരിശോധനയില്‍ എലെനയുടെ സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ അയാള്‍ മാറ്റങ്ങള്‍ വരുത്തിയതായി കണ്ടെത്തി. എന്നാല്‍ മൃതദേഹത്തിനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന്റെ തെളിവുകളൊന്നും കണ്ടത്തിയില്ല.
എലെനയെ മടക്കികൊണ്ടുവരാന്‍ കഴിയുമെന്നാണ് കാള്‍ വിശ്വസിച്ചത്. ഇതിനായി വിമാനത്തിന്റെ ആകൃതിയില്‍ ഒരു ലാബ് ഇയാള്‍ പണിക്കഴിപ്പിച്ചു. സ്ട്രാറ്റോസ്ഫിയറിലേക്ക് പറത്തിവിട്ടുകൊണ്ട് അവളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് അയാള്‍ അവകാശപ്പെട്ടു.
എന്നാല്‍, കാര്യം പ്രണയം ആണെങ്കിലും കല്ലറയില്‍ നിന്നും മൃതദേഹം മോഷ്ടിച്ചതിന് പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ കേസ് നിലനിന്നില്ല. അതേസമയം, പൊതുജനത്തിന് അയാളോട് സഹതാപമായിരുന്നു. കാള്‍ ടാന്‍സ്‌ലറില്‍ നിന്നും വീണ്ടെടുത്ത എലെനയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ആറായിരത്തോളം ആളുകളാണ് അന്ന് എലെനയെ കാണാനെത്തിയത്. പിന്നീട് വീണ്ടും അവരെ അടക്കം ചെയ്തു.
1877ല്‍ ഓസ്ട്രിയയില്‍ ആണ് കാള്‍ ജനിച്ചത്. അദ്ദേഹം വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. എലെനയെ കണ്ടപ്പോള്‍ തന്റെ യഥാര്‍ത്ഥ പ്രണയം കണ്ടെത്തിയെന്ന് അയാള്‍ വിശ്വസിച്ചു. 1952ല്‍ കാള്‍ മരിച്ചു. എലെനയുടെ അതേ വലിപ്പത്തിലുള്ള ഒരു പാവയുമൊത്താണ് അയാള്‍ മരണത്തിലും കഴിയുന്നതെന്ന് പറയപ്പെടുന്നു. ഇതുവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിചിത്രമായ പ്രണയ കഥകളിലൊന്നാണ് ഇത്.