ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം. കൊറോണ വ്യാപനം രൂക്ഷമായതോടെ അവശ്യസന്ദർഭങ്ങളിൽ മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാവൂ എന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. നിർദ്ദേശം ലംഘിക്കുന്നവർക്ക് കഠിനമായ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു.
ഇതിനിടെയാണ് ബട്ടർ ചിക്കൻ വാങ്ങുന്നതിനായി മാത്രം മെൽബണിലെ ഒരു യുവാവ് 32 കിലോമീറ്റർ യാത്ര ചെയ്തത്. സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് ഇയാളിൽ നിന്ന് 1652 ഡോളർ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ബട്ടർ ചിക്കൻ കഴിക്കാൻ കൊതി മൂത്തതിനെ തുടർന്ന് ശനിയാഴ്ച ആയിരുന്നു സാഹസികയാത്ര. പടിഞ്ഞാറൻ വെറിബിയിൽ നിന്ന് മെൽബൺ നഗരത്തിലേക്ക് ഡ്രൈവ് ചെയ്തായിരുന്നു ബട്ടർ ചിക്കൻ വാങ്ങാനായി പോയത്.
advertisement
ബട്ടർ ചിക്കൻ വാങ്ങാൻ പോയി കനത്ത പിഴ ഒടുക്കേണ്ടി വന്ന യുവാവിന്റെ കഥ മാധ്യമങ്ങളിൽ ചർച്ചയായി. ഇതിനെ തുടർന്നാണ് മെൽബൺ നഗരത്തിലെ ദേശി ധാബയെന്ന ഇന്ത്യൻ റസ്റ്റോറന്റ് ഒരു വർഷത്തേക്ക് സൗജന്യമായി ബട്ടർ ചിക്കൻ നല്കാമെന്ന വാഗ്ദാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം, ബട്ടർ ചിക്കൻ അന്വേഷിച്ചിറങ്ങിയപ്പോൾ പിഴയായി അടയ്ക്കേണ്ടി വന്ന തുകയ്ക്ക് തുല്യമായ ബട്ടർ ചിക്കൻ സൗജന്യമായി നൽകാമെന്ന് വ്യക്തമാക്കിയാണ് മെൽബൺ നഗരത്തിലെ ഗോംഗ എന്ന ഇന്ത്യൻ റസ്റ്റോറന്റും രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ റസ്റ്റോറന്റിലേക്ക് വെറിബിയിൽ നിന്ന് ഒരാൾ ബട്ടർ ചിക്കൻ ആവശ്യപ്പെട്ട് വിളിച്ചിരുന്നെന്നും പിഴ ലഭിച്ച ആ മിസ്റ്റർ ബട്ടർ ചിക്കൻ ആരാണെന്നും ചോദിച്ച് ടോംഗ റസ്റ്റോറന്റ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.
കോവിഡ് കാരണം താൻ താമസിക്കുന്ന പ്രദേശത്തെ റസ്റ്റോറന്റുകളെല്ലാം അടഞ്ഞു കിടന്നതോടെയാണ് ബട്ടർ ചിക്കൻ വാങ്ങാൻ 32 കിലോമീറ്റർ യാത്ര ചെയ്ത് പോയതെന്ന് ഇദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. ശനിയാഴ്ച മാത്രം കോവിഡ് കാല നിയന്ത്രണങ്ങൾ ലംഘിച്ചതിന് 74 പേർക്കാണ് പിഴ ലഭിച്ചത്.