ഹരഖ് ബ്ലോക്കിലെ ഗര്‍ഹി രഖ്മൗ പഞ്ചായത്തില്‍ നിന്നുള്ള വൃദ്ധ ദമ്പതികളായ മുഹമ്മദ് ആഷിഖിനും ഭാര്യ ഹസ്മത്തുല്‍ നിഷയ്ക്കുമാണ് ഈ ദുര്‍വിധി. ഈ ദമ്പതികള്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ഇവര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ പിഴവ് കാരണം ഒരു വര്‍ഷത്തോളമായി വാര്‍ദ്ധക്യ പെന്‍ഷനും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള പെടാപാടിലാണ് ദമ്പതികള്‍.
വിരോധാഭാസമെന്നു പറയട്ടെ, റേഷന്‍ വിതരണം അടക്കമുള്ള മറ്റ് ക്ഷേമ ആനുകൂല്യങ്ങള്‍ ദമ്പതികള്‍ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. ചില സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്നും മറ്റു ചിലതില്‍ ഇവര്‍ മരിച്ചതായുമാണ് റെക്കോര്‍ഡുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു.
advertisement
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി പരിശ്രമിച്ചെങ്കിലും മാസങ്ങളായി നടപടികളൊന്നും ഇല്ലാതെ വന്നതോടെ നിരാശരായി വേറിട്ട ഒരു പ്രതിഷേധ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍. 'സാര്‍ ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്' (സാഹെബ്, മേം അഭി സിന്ദാ ഹൂം) എന്നെഴുതിയ പ്ലക്കാര്‍ഡുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമീപിച്ചിരിക്കുകയാണ് ഇവർ.
ക്ഷീണിതരായ ദമ്പതികള്‍ പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതിനായി നിരവധി പരാതികള്‍ സമര്‍പ്പിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. ഇക്കാര്യം അധികൃതരാരും അറിയിച്ചില്ലെന്നും ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി ആരും വന്നില്ലെന്നും ദമ്പതികള്‍ പറയുന്നു. മരിച്ചതായി പ്രഖ്യാപിച്ച് പെന്‍ഷന്‍ നിഷേധിച്ചതായും ആഷിഖ് പറഞ്ഞു.
വാര്‍ദ്ധക്യ പെന്‍ഷന്‍ നിര്‍ത്തലാക്കുന്നതിന് മുമ്പ് തങ്ങള്‍ ജീവനോടെ ഉണ്ടോയെന്ന് പരിശോധിക്കാനോ ബന്ധപ്പെടാനോ അധികൃതര്‍ ശ്രമിച്ചിട്ടില്ലെന്നാണ് ദമ്പതികളുടെ ആരോപണം. ഇതോടെ തിരിച്ചറിയല്‍ രേഖകളും ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവുകളുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങുകയാണെന്നും ദമ്പതികൾ ചൂണ്ടിക്കാട്ടി.
അതേസമയം, ഈ വിഷയം അന്വേഷിച്ച് വരികയാണെന്നും നടപടിയെടുക്കുമെന്നുമാണ് ജില്ലാ സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസര്‍ സുഷമ വര്‍മ്മ അറിയിച്ചത്.