പ്രിയഗുരുവിന്റെ ജന്മദിനത്തിലാണ് ഈ സന്ദർശനമെന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം. തന്റെ പഠനത്തിന്റെയും ജീവിതത്തിലെ ഉയർച്ചയുടെയും പിന്നിൽ ഈ അധ്യാപികയാണെന്നാണ് ഫ്രാൻസിസ്‌കോ വിശ്വസിക്കുന്നത്. കോഴിക്കോട് സ്വദേശിയായ സാവിത്രിയെ കാണാനാണ് ആഫ്രിക്കയിലെ കോടിശ്വരനായ ഖൊബോക്കോ ഫ്രാൻസിസ്കോ ഇന്നലെ കോഴിക്കോട് എത്തിയത്. സാവിത്രി ടീച്ചർ 6 കൊല്ലമാണ് കണക്കു ടീച്ചറായി ബോട്സ്വാനയിൽ ജോലി ചെയ്യിട്ടുള്ളത്. ഈ കാലഘടട്ടത്തിലാണ് ഫ്രാൻസിസ്കോയെയും പഠിപ്പിച്ചിട്ടുള്ളത്.
ഈ ഗുരുശിഷ്യ ബന്ധമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും നിറയുന്നത്. ഫ്രാൻസിസ്‌കോ കേരളത്തിലേക്ക് വരാൻ ഇടയായ സംഭവത്തെ കുറിച്ച് സാവിത്രി ടീച്ചറുടെ ബന്ധുക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
advertisement
ബന്ധു ഷൈലജ കെ പിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇക്കഴിഞ്ഞ ജനുവരിയിൽ മകന്റെയും കുടുംബത്തിന്റെയും ഒപ്പംബോട്സ്വാനയിൽ താമസി യ്ക്കാൻ പോയതായിരുന്നു ഞാൻ.
എൻ്റെ ഒരു ശിഷ്യനുണ്ട് അവിടെ .നീ പരിചയപ്പെടണം.
ഏടത്തി പറഞ്ഞിരുന്നു. ഏടത്തി ബോട്സ്വാനയിൽ 6 കൊല്ലം കണക്കു ടീച്ചറായി ജോലി എടുത്തിട്ടുണ്ട്. തിരിച്ചു പോരേണ്ടി വന്നതിൻ്റെ കാരണം കേൾക്കേണ്ടതാണ്. ഏട്ടൻ്റെ അമ്മ വളരെ പ്രായമായവരാണ്. മരണസമയത്ത് ഇവർ അടുത്തു ണ്ടാവണം എന്ന് അതികലശ ലായ മോഹം' നിങ്ങൾക്ക് ഇനി എന്തിനാ പണം രണ്ടു പെൺ മക്കളെയും നല്ല നിലയിൽ വിവാഹം കഴിച്ചയച്ചു. കോളേജ് പ്രൊഫസറായിരുന്ന ഏട്ടന് പെൻഷനുണ്ട്. ഏടത്തിയ്ക്ക് മടങ്ങിവന്നാൽ ലീവ് Cancel ചെയ്ത് വീണ്ടും പഴയ സ്കൂളിൽ ടീച്ചറായിതുടരാം.നിങ്ങൾക്ക് പണമോ എൻ്റെ അനുഗ്രഹമോ വേണ്ടത്? ഏടത്തി അനുഗ്രഹം തിരഞ്ഞെടുത്തു. ബോട്സ്വാ നയെ വിട്ട് കോഴിക്കോട്ടു തിരി ച്ചെത്തി. ഏട്ടൻ്റെ അമ്മ മക്ക ളുടെ കൈ കൊണ്ട് കാപ്പി കുടിച്ചു കഴിഞ്ഞ് അന്ത്യശ്വാസം വലിച്ചു.
പറയാൻ ഭാവിയ്ക്കുന്നത് വേറൊരു കാര്യമാണ്. ഞാൻ ബോട് സ്വാനയിൽ ചെന്ന് ഏടത്തിയുടെ ശിഷ്യനെ പരിചയ പ്പെട്ടു. ഖൊബോക്കോ ഫ്രാൻസിസ്കോ. വലിയ കോടീശ്വരൻ. ഞാൻ മിസ്സിസ് സാവിത്രിയെ --[അങ്ങനെയാണ് അവർ വിളിയ്ക്കുക. ടീച്ചർ, മാഷ്, ഒന്നുമില്ല. ഒരു വിളിയിൽ എന്തിരിയ്ക്കുന്നു?--]കാണാൻ ഇൻഡ്യയിലേയ്ക്കു വരുന്നുണ്ട്.
ഞാൻ അത്ഭുതപ്പെട്ടു. ഒരു ലക്ഷത്തിലേറെ രൂപ വേണം ടിക്കറ്റിന്. വെറുതെ പറയുന്ന താവും. അല്ല. അയാൾ ഗൗരവ മായിത്തന്നെ പറയുകയാണ്.
എന്നാൽ July 6നു വന്നോളൂ. ഏടത്തിയുടെ പിറന്നാളാണ്. -ok. അയാൾ പറഞ്ഞു. പിന്നെ ഞങ്ങൾ sms പരിചയക്കാരായി.
അങ്ങനെ ആ ദിവസവും വന്നു.
സാവിത്രി ടീച്ചറുടെ ജേഷ്ഠൻറെ മകൻ മനീഷ് കെ.പിയും ഗുരുശിഷ്യ ബന്ധത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂർണരൂപം:
ഇന്ന് സാവിത്രിച്ചമ്മയെ (അച്ഛൻ്റെ അനുജത്തി) പിറന്നാൾ ആശംസിക്കുവാൻ വിളിച്ചപ്പോഴാണ്, ഇച്ചമ്മയുടെ ശിഷ്യൻ അങ്ങ് ആഫ്രിക്കയിൽ നിന്നും സ്കൂളിൽ പഠിപ്പിച്ച ടീച്ചറെ കാണുവാൻ വേണ്ടി മാത്രം കേരളത്തിൽ വന്നിരിക്കുന്നു എന്നറിഞ്ഞത്.
“മനീഷ് ഒരു സർപ്രൈസുണ്ട്, വീഡിയോ കാൾ ആക്ക് “ ഞാൻ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ അറിയിച്ച ഉടനെ ഇച്ചമ്മ പറഞ്ഞു.
വീഡിയോകാളിൽ, ഫ്രാൻസിസ്കോ എന്ന തൻ്റെ അരുമ ശിഷ്യനെ ഇച്ചമ്മ അഭിമാനപൂർവ്വം പരിചയപ്പെടുത്തി. ബുദ്ധിമുട്ടുകളുടെ ഇടയിൽ ജീവിച്ച ഫ്രാൻസിസ്കൊ ഇന്ന് കോടീശ്വരനാണ്.
മുപ്പത് വർഷം മുൻപ്, തന്നെ പഠിപ്പിച്ച ടീച്ചറെ നന്ദിയോടെ സ്മരിച്ച്, നേരിട്ട് കാണുവാൻ ഇത്രയും ദൂരം വരിക എന്നത് അത്യപൂർവ്വം തന്നെയാവും തീർച്ച.
അന്ന്, ഒരു ടീച്ചറുടെ, അകമഴിഞ്ഞ സ്നേഹം, സഹാനുഭൂതി, സഹായം, അനുശാസനം ഒരു കുട്ടിയെ എത്ര സ്വാധീനിച്ചു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇച്ചമ്മയും ഫ്രാൻസിസ്കോയും!
അന്നത്തെ ജീവിത സാഹചര്യങ്ങളിൽ, തൻ്റെ പഠനത്തിൻ്റെ, ഉയർച്ചയുടെ, ഈ നിലയിലെത്താൻ കാരണക്കാരി ടീച്ചറാണെന്ന് ഫ്രാൻസിസ്കൊ വിശ്വസിക്കുന്നുവത്രേ.
ഞാനെൻ്റെ സന്തോഷം ഫ്രാൻസിസ്കോയുമായും ഇച്ചമ്മയായും പങ്കുവച്ചു, എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ശുരുശിഷ്യ ബന്ധം ഇത്ര തീക്ഷ്ണമായി ഇന്നും നിലനിൽക്കുന്നതിലുള്ള സന്തോഷം പറഞ്ഞറിയിക്കുവാൻ വയ്യ ! ഇച്ചമ്മ പഠിപ്പിക്കുന്ന കാര്യത്തിൽ കുറച്ചൊക്കെ കർക്കശക്കാരിയാണ് എന്നാണ് എൻ്റെ ധാരണ. അധ്യാപകർ നല്ലപോലെ ശാസിക്കുന്നവരാവണം, എന്നല്ലേ പഴയ തലമുറയുടെ വിശ്വാസം. അത് ഗുരുശിഷ്യ ബന്ധത്തെ ഒട്ടും ബാധിക്കില്ല എന്നതിന് തെളിവല്ലേ ഇത്?
ഒരു ടീച്ചറുടെ ജീവിത സാഫല്യം, മക്കൾ നല്ല നിലയിൽ എത്തി എന്നതിനേക്കാൾ, തൻ്റെ അറിവ് പകർന്നു കൊടുത്തവർ നല്ല പ്രാപ്തരും സ്നേഹ സമ്പന്നരും ജീവിതത്തിൻ്റെ ഔന്നത്യത്തിലെത്തുകയും ചെയ്യുമ്പോഴുമാണ്. അവർ തിരിച്ച് ഓർമ്മിക്കുകയും മൈലുകൾ താണ്ടി കാണാൻ വരുന്നതും അപൂർവ്വമാവാം!
എന്താണ് എഴുതേണ്ടത്?
ഇച്ചമ്മേ , ഞങ്ങൾക്കും അതീവ സന്തോഷവും അഭിമാനവും !! ഇച്ചമ്മയെ പോലെയുള്ള അധ്യാപകരും ഫ്രാൻസിസ്കോയെ പോലയുള്ള ശിഷ്യരും ഇത്തരം ഗുരുശിഷ്യ ബന്ധങ്ങളും, ധാരാളം ഉണ്ടാവട്ടെ, എന്ന് പ്രാർത്ഥിക്കുന്നു.