നാല് റണ്ണിന് ശുഭ്മാന്‍ ഗില്‍ പുറത്തായെങ്കിലും നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളും പറത്തി 47 റണ്ണെടുത്ത കാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പത്താമത്തെ ഓവറില്‍ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് മികച്ച ഡൈവിങ്ങിലൂടെയാണ് രോഹിത് ശര്‍മയെ പുറത്താക്കിയത്. പിന്നാലെയെത്തിയ ശ്രേയസ് അയ്യറും നാല് റണ്ണിന് പവലിയനിലേക്ക് മടങ്ങി. പിന്നീട് വിരാട് കോലി, കെഎല്‍ രാഹുല്‍ കൂട്ടുകെട്ട് വളരെ സൂക്ഷിച്ചാണ് ഗ്രൗണ്ടില്‍ തുടര്‍ന്നത്.
ഇവരുടെ കൂട്ടുകെട്ടില്‍ മൂന്ന് വിക്കറ്റിന് 81 റണ്‍സ് എന്ന മെച്ചപ്പെട്ട സ്‌കോറില്‍ ഇന്ത്യ എത്തി. കമ്മിന്‍സിന്റെ മികവില്‍ 51 റണ്‍സിന് കോലിയെ പുറത്താക്കി. അപ്പോഴേക്കും ഇന്ത്യയുടെ സ്‌കോര്‍ നാല് വിക്കറ്റിന് 148 റണ്‍സ് ആയിരുന്നു. അഞ്ചാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജയ്ക്കാകട്ടെ ഒന്‍പത് റണ്ണുകള്‍ മാത്രമാണ് എടുക്കാനായത്. 36-ാമത്തെ ഓവറില്‍ ജോഷ് ഹേസല്‍വുഡ് അദ്ദേഹത്തെ പുറത്താക്കി. ഇന്ത്യയുടെ സ്‌കോര്‍ അഞ്ച് വിക്കറ്റിന് 178 റണ്‍സ്.
ഓസ്‌ട്രേലിയയുടെ മികച്ച ഫീല്‍ഡിങ്ങും പ്രകടനത്തിനും മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അടി പതറുന്നത് കണ്ട് അഹമ്മദാബാദിലെ ജനക്കൂട്ടം നിശബ്ദരായിരുന്നു. രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകള്‍ പോയപ്പോള്‍ കമന്ററി ബോക്‌സില്‍ ഉണ്ടായിരുന്നത് സഞ്ജയ് മഞ്ജരേക്കര്‍ ആയിരുന്നോ എന്ന് പല ക്രിക്കറ്റ് ആരാധകരും സംശയിച്ചു. ലോകകപ്പ് ഫൈനല്‍ ഇന്ത്യയുടെ ബാറ്റിങ്ങ് നിരയെ തകര്‍ത്തതിന് ക്രിക്കറ്റ് ആരാധകര്‍ മഞ്ജരേക്കറുടെ മുകളില്‍ പഴി ചാര്‍ത്താന്‍ ഒരു മടിയും കാട്ടിയില്ല.
സമൂഹമാധ്യമങ്ങളിലൂടെ അവര്‍ മഞ്ജരേക്കറെ കമന്ററി ബോക്‌സില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. ഹോട്ട്‌സ്റ്റാറില്‍ കമന്ററി ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്നാണ് ഒരു ആരാധകന്‍ സമൂഹ മാധ്യമമായ എക്‌സിലൂടെ ചോദിച്ചത്. മഞ്ജരേക്കറുടെ ശബ്ദം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് അയാള്‍ പറഞ്ഞു. കമന്റേറ്ററെ മ്യൂട്ട് ചെയ്ത് വെക്കാനുള്ള ഓപ്ഷന്‍ ഹോട്ടസ്റ്റാര്‍ ഉറപ്പായും ഉണ്ടാക്കണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടു.
ക്രിക്കറ്റ് ലോകകപ്പ് മത്സരം നാല് വര്‍ഷം കൂടുമ്പോള്‍ മാത്രമെയുള്ളൂവെന്നും ആരെങ്കിലും മഞ്ജരേക്കറെ കമന്ററി ബോക്‌സില്‍ നിന്നും നീക്കൂവെന്നുമാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്.എന്തായാലും ഇന്ത്യയുടെ മത്സരം നടക്കുമ്പോള്‍ കമന്റേറ്റര്‍ ബോക്‌സില്‍ നിന്ന് മഞ്ജരേക്കറെ ഒഴിവാക്കണമെന്നാണ് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരും ആവശ്യപ്പെടുന്നത്.