വിദേശരാജ്യങ്ങളിൽ ബീച്ച് കാണാൻ പോകുന്നവർ മിതമായ വസ്ത്രം മാത്രമാണ് ധരിക്കാറുള്ളത്. സൂര്യ പ്രകാശം ശരീരം മുഴുവൻ പതിക്കുന്നതിന് വേണ്ടിയാണു അവർ ബീച്ച് വസ്ത്രങ്ങൾ ധരിച്ച് ബീച്ചിൽ എത്തുന്നത്. എന്നാൽ ഇന്ത്യയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്, കാരണം ആളുകൾ സാധാരണയായി ബീച്ചിൽ പൂർണ്ണമായും വസ്ത്രം ധരിച്ചാണ് എത്താറുള്ളത്. ഇത് തന്നെയാണ് വിദേശ യുവാവിനെ അത്ഭുതപ്പെടുത്തിയ കാര്യവും. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ജോർജ് ബക്‌ലി എന്ന യുവാവ് തന്റെ അമ്പരപ്പ് പ്രകടിപ്പിച്ചത്.
"ഇന്ത്യയിലെ എന്റെ യാത്രയിലെ ആദ്യത്തെ ബീച്ചിൽ എത്തി, ഇവിടെ ആരും ടോപ്‌ലെസ് അല്ല. എല്ലാവരും പൂർണ്ണമായും വസ്ത്രം ധരിച്ചിരിക്കുന്നു. എനിക്ക് ഇത് മനസിലാവുന്നില്ല. ഇവിടെ 100 പേരുണ്ട് അതിൽ 2 പേര് മാത്രം ഷർട്ട് ധരിച്ചിട്ടില്ല. അതിനാൽ ഷർട്ട് ഊരിമാറ്റുന്നത് പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ല". വീഡിയോയിൽ യുവാവ് പറയുന്നു.
ഷർട്ട് ഊരിമാറ്റുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചിന്തിച്ചെങ്കിലും ഒടുവിൽ ഷർട്ടൂരിയിട്ടാണ് യുവാവ് കടലിലേക്കിറങ്ങുന്നത്. ഏകദേശം 1.4 മില്യൺ യൂസർമാരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തുന്നത്. "ഞങ്ങൾ ഇവിടെ മാന്യമായി വസ്ത്രം ധരിക്കുന്നു, ചർമ്മം കാണിക്കുന്നത് സാംസ്കാരികമായി സെൻസിറ്റീവ് ആണ്, അതിനാൽ ഞങ്ങൾ എല്ലായ്പ്പോഴും അതിനെക്കുറിച്ച് ശ്രദ്ധാലുവാണ്." ഒരാൾ കുറിച്ചു.
"ഇന്ത്യൻ സംസ്കാരത്തിൽ ടോപ്‌ലെസ് ആയിരിക്കുക എന്നത് വലിയൊരു കാര്യമാണ് സുഹൃത്തേ. ഞങ്ങൾ സ്പെയിനിലെ നഗ്ന ബീച്ചുകളിൽ പോകാറുണ്ട്, പക്ഷേ അപ്പോഴും വസ്ത്രം ധരിക്കാറുണ്ട്. ഞങ്ങൾ ലജ്ജാശീലരാണ്, ഞങ്ങളുടെ സംസ്കാരം അതിന് അനുവദിക്കുന്നില്ല. അത് മനസ്സിലാക്കാൻ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല" എന്ന് മറ്റൊരാൾ പറയുന്നു.