ഞായറാഴ്ചയാണ് ഹിമാചലിൽ വെച്ച് അപകടമുണ്ടായത്. 45കാരനായ വെട്രി ദുരൈസ്വാമിയും (Vetri Duraisamy) സഹയാത്രക്കാരും സഞ്ചരിച്ച കാർ സത്ലജ് നദിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. കിനൌറിലെ പാങ്കി നല്ല എന്ന പ്രദേശത്ത് വെച്ചാണ് അപകടമുണ്ടായത്. മകൻ വെട്രിയെ രക്ഷിക്കാൻ സഹായിക്കണമെന്ന് ദുരൈസ്വാമിയും കുടുംബവും പ്രദേശവാസികളോട് അഭ്യർഥിച്ചിട്ടുണ്ട്.
കാറോടിച്ച ഡ്രൈവർ മരണപ്പെട്ടതായി പോലീസ് വ്യക്തമാക്കി. ഒരു യാത്രക്കാരന് പരിക്കേറ്റിട്ടുണ്ടെന്നും മറ്റുള്ളവരെയൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വെട്രി ദുരൈസ്വാമിയെയും മറ്റൊരു സഞ്ചാരിയെയുമാണ് കാണാതായിരിക്കുന്നത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടം ഉണ്ടായത്. സത്ലജ് നദിയിൽ ഏകദേശം 200 അടി താഴ്ചയിലേക്ക് കാർ പതിച്ചതായാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
advertisement
കിനൗർ ഡെപ്യൂട്ടി കമ്മീഷണർ അമിത് കുമാർ ശർമയാണ് മുൻ ചെന്നൈ മേയറുടെ മകനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചതായി അറിയിച്ചിരിക്കുന്നത്. "വെട്രിയുടെ അച്ഛൻ സൈദെയ് ദുരൈസ്വാമിയിൽ നിന്ന് ഒരു വാട്ട്സാപ്പ് സന്ദേശം എനിക്ക് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ മുൻ മേയറാണ് അദ്ദേഹം. തൻെറ മകനെ കണ്ടെത്താൻ സഹായിക്കുന്നവർ ആരായാലും അവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്," അമിത് കുമാർ ശർമ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഷിംലയിൽ നിന്നും കാസയിലേക്ക് വരുന്ന വഴിയാണ് കാർ അപകടത്തിൽ പെട്ടത്. ഡ്രൈവർക്ക് പുറമെ മൂന്ന് സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരിക്കുന്നത്. ഡ്രൈവർ മരണപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. 32കാരനായ ഗോപിനാഥ് എന്നയാളാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തെ ഷിംല ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തിൻെറ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്നാണ് വിവരം.
മരണപ്പെട്ട ഡ്രൈവർ തൻജിൻെറ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്. മറ്റുള്ളവരെ കണ്ടെത്താൻ വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
രക്ഷാപ്രവർത്തകർ നടത്തിയ തിരിച്ചിലിനൊടുവിലാണ് ഡ്രൈവർ തൻജിൻെറ മൃതദേഹം കണ്ടെത്തിയത്. സത്ലജ് നദിക്കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ ജുംഗയിലുള്ള സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനക്കായി അയക്കുകയായിരുന്നു.
കാണാതായ രണ്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. പ്രദേശവാസികളുടെ സഹായവും ഇക്കാര്യത്തിൽ പോലീസിന് ലഭിക്കുന്നുണ്ട്. രക്ഷാപ്രവർത്തകരും പ്രദേശവാസികളും പോലീസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. വെട്രിയെയും സഹ സഞ്ചാരിയെയും വൈകാതെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈയിലെ കുടുംബം.