ഹണിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം സെൻട്രൽ പൊലീസ് കുമ്പളം സ്വദേശി ഷാജിയെന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ പരാതിയിൽ മുപ്പതോളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
സൈബർ പൊലീസിന്റെ സഹായത്തോടെയാണ് നടപടികൾ ഊർജിതമാക്കിയിരിക്കുന്നത്. വ്യാജ ഐഡിയാണെങ്കിൽ ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.
ഞായറാഴ്ചയാണ് ഹണി റോസ് പൊലീസിൽ പരാതിന നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രമുഖ വ്യക്തിക്കെതിരേ രൂക്ഷപ്രതികരണവുമായി ഹണി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ കമന്റിട്ടവർക്കെതിരെ പരാതി നൽകിയ നടി ശക്തമായി പോരാടാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
advertisement
ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദി അല്ലെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നുവെന്നും ഹണി റോസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.