അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെറുതെയിരുന്ന് സമയം പാഴാക്കുന്നതിന് പകരം ചില ദൈനംദിന കാര്യങ്ങളും ഗവേഷണങ്ങളും ഇരുവരും ചേര്‍ന്ന് നടത്തുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഭൂമിയില്‍ നിന്നും 250 മൈല്‍ ദൂരെയാണ് അവര്‍ ഇപ്പോള്‍ ഉള്ളത്. സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനം, മൈക്രോ ഗ്രാവിറ്റി ജോഗ്‌സ്, ഉപകരണങ്ങള്‍ ഘടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇരുവരും ചെയ്യുന്നത്. ഓരോ 24 മണിക്കൂര്‍ കൂടുമ്പോഴും 16 വീതം സൂര്യോദയവും അസ്തമയങ്ങളുമാണ് ഇരുവരും കാണുന്നതെന്നും വാള്‍ സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ജൂലൈയിലാണ് സുനിതയും വില്‍മോറും അവസാനമായി പൊതുജനങ്ങളോട് സംസരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ ഇവിടെ വളരെയധികം തിരക്കിലാണെന്ന് അന്ന് പത്രസമ്മേളനത്തില്‍ സുനിത പറഞ്ഞിരുന്നു.
ഡിഎന്‍എ സീക്വന്‍സിംഗ്, 'മൂണ്‍ മൈക്രോസ്‌കോപ്പ്' പരീക്ഷണം, ബഹിരാകാശനിലയില്‍ മൂത്രമൊഴിക്കുന്ന സംവിധാനത്തിന്റെ പമ്പ് മാറ്റുന്നത് തുടങ്ങിയ ജോലികളാണ് സുനിത വില്യംസ് ചെയ്യുന്നത്. അതേസമയം, പ്ലംബിംഗ് ഉപകരണങ്ങളുടെ പരിശോധനയും അല്‍പം കൃഷിയുമൊക്കെയാണ് വില്‍മോറിന്റെ ബഹിരാകാശനിലയത്തിലെ ഡ്യൂട്ടി.
റാഡിഷ് കൃഷിയുമായി ബന്ധപ്പെട്ട് വില്‍മോര്‍ തിരക്കിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ സുനിത വില്യംസിന്റെ നേതൃത്വത്തില്‍ എച്ച്ഡി ഫിലിംമിങ്ങിനുള്ള ഉപകരണങ്ങള്‍ ബഹിരാകാശ നിലയത്തില്‍ ഘടിപ്പിച്ച് വരികയാണ്. ഒപ്റ്റിക്കല്‍ ഫൈബറുകളുടെ ഉത്പാദനം സംബന്ധിച്ച പരിശോധന, ബഹിരാകാശ നിലയത്തിലെ മൊഡ്യൂള്‍ വൃത്തിയാക്കല്‍, ബഹിരാകാശനിലയത്തിലെ ജലത്തില്‍ നിന്ന് സൂക്ഷ്മജീവികളുടെ സാംപിളുകള്‍ ശേഖരിക്കല്‍ മുതലായ കാര്യങ്ങളും ഇരുവരും ചേര്‍ന്ന് നിര്‍വഹിക്കുന്നതായും നാസ അറിയിച്ചിട്ടുണ്ട്.
ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് വില്‍മോറും സുനിത വില്യംസും ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചത്. പുതിയ ബഹിരാകാശ പേടകം കൂടുതല്‍ തവണ ഉപയോഗിക്കുന്നതിന് മുമ്പ് അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കാന്‍ ഉദ്ദേശിച്ചുള്ള പരീക്ഷണ യാത്രയായിരുന്നു അത്. പേടകത്തിന്റെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ ദൗത്യമായിരുന്നു അത്. എന്നാല്‍, ദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് പേടകത്തില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.
വാതക ചോര്‍ച്ചയും മറ്റും ഉണ്ടായതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. പ്രശ്‌നങ്ങളൊന്നുമില്ലാതെ സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തില്‍ എത്തിയെങ്കിലും ഭൂമിയിലേക്ക് മടങ്ങാന്‍ സ്റ്റാര്‍ലൈനര്‍ പേടകം അനുയോജ്യമല്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്. അതിനാല്‍ മടങ്ങി വരവിന് മറ്റൊരു ഗതാഗതമാര്‍ഗം അവര്‍ക്ക് ആവശ്യമായി വന്നേക്കും.