ഓസ്‌കാര്‍ ജേതാവായ ഹോളിവുഡ് സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മര്‍ ആണ് ആശിഷ് ലതയും അവര്‍ക്കെതിരെയുള്ള കേസും വീണ്ടും ചര്‍ച്ചയാകാന്‍ കാരണമായത്. അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സിമ്മര്‍ കടുത്ത പരാമര്‍ശം നടത്തിയിരുന്നു. സമാധാനപരമായ പ്രതിഷേധത്തിനിടെ ട്രംപ് ഭരണകൂടം അക്രമാസക്തരായ പ്രതിഷേധക്കാരെ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് സിമ്മര്‍ ആരോപിച്ചു. പ്രതിഷേധക്കാര്‍ അഹിംസാത്മക രീതികള്‍ അവലംബിക്കാനും നിലത്ത് ഇരിക്കാനും സിമ്മര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ട്രംപ് സാഹചര്യം വഷളാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമാധാനം തുടരാന്‍ സിമ്മര്‍ പോസ്റ്റില്‍ ഗാന്ധിജിയെ ഉദ്ധരിച്ചുകൊണ്ട് പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തു. ഈ പോസ്റ്റിലെ ആ ഒരു വാചകമാണ് ഗാന്ധിജിയുടെ പിന്‍ഗാമിയെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരാന്‍ കാരണമായത്.
advertisement
എന്താണ് കേസ്?
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇള ഗാന്ധിയുടെയും പരേതനായ മേവ രാംഗോബിന്റെയും മകളാണ് ആശിഷ് ലത രാംഗോബിന്‍. എസ്ആര്‍ മഹാരാജെന്ന വ്യവസായിയെ പറ്റിച്ച് പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇന്ത്യയില്‍ നിന്നും ചരക്ക് കൊണ്ടുവരുന്നതിന് ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ ചമച്ച് എസ്ആര്‍ മഹാരാജില്‍ നിന്നും 3.22 കോടി രൂപ മുന്‍കൂറായി കൈപറ്റിയെന്നാണ് കേസ്. ഈ ബിസിനസില്‍ ലാഭം പങ്കിടുമെന്ന വാഗ്ദാനവും ലത മഹാരാജിന് നല്‍കിയിരുന്നു.
2015-ലാണ് ലത എസ്ആര്‍ മഹാരാജിനെ പരിചയപ്പെടുന്നത്. ചെരുപ്പ്, ലിനന്‍ വ്യാപാരം നടത്തുന്ന ന്യൂ ആഫ്രിക്ക അലയന്‍സ് ഫൂട്‌വെയര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഡയറക്ടറാണ് എസ്ആര്‍ മഹാരാജ്. ചെരുപ്പ്, ലിനന്‍ വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വില്‍പ്പനയിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ കമ്പനി. ലാഭം വിഹിതം പങ്കിടാനുള്ള കരാര്‍ അടിസ്ഥാനത്തില്‍ മറ്റ് കമ്പനികള്‍ക്ക് ഇദ്ദേഹം ധനസഹായം നല്‍കുകയും ചെയ്യാറുണ്ട്.
ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് ചരക്ക് കൊണ്ടുവരുന്നതിനുള്ള ചെലവുകള്‍ വഹിക്കാനെന്ന വ്യാജേനയാണ് ആശിഷ് ലത രാംഗോബിന്‍ എസ്ആര്‍ മഹാരാജില്‍ നിന്നും പണം തട്ടിയത്. ഇന്ത്യയില്‍ നിന്ന് മൂന്ന് കണ്ടെയ്‌നര്‍ ലിനന്‍ കയറ്റി അയക്കുന്നതിനെ കുറിച്ച് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിനായി ലത ഇന്‍വോയ്‌സും മറ്റ് രേഖകളും വ്യാജമായി സംഘടിപ്പിച്ചതായി വിചാരണയ്ക്കിടെ നാഷണല്‍ പ്രോസിക്യൂട്ടിങ് അതോറിറ്റിയിൽ (എന്‍പിഎ) നിന്നുള്ള ബ്രിഗേഡിയര്‍ ഹംഗ്വാനി മുലൗദ്‌സി ചൂണ്ടിക്കാട്ടി. 2015-ല്‍ തന്നെയാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇറക്കുമതി ചെലവുകളും മറ്റും വഹിക്കുന്നതിന് ലത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായും അവര്‍ക്ക് പണം ആവശ്യമായിരുന്നുവെന്നും എന്‍പിഎ വക്താവ് നാടാഷ കാര പിടിഐയോട് പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് ചരക്കെത്തിക്കാന്‍ പണം ആവശ്യമാണെന്ന് ലത മഹാരാജിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. ഇതിനായി ഒപ്പുവെച്ച പര്‍ച്ചേസ് ഓര്‍ഡര്‍ ഡോക്യുമെന്റും അദ്ദേഹത്തെ കാണിച്ചു. അതേമാസം തന്നെ സാധനങ്ങള്‍ ഡെലിവെറി ചെയ്തതായുള്ള നോട്ടും നെറ്റ്‌കെയര്‍ ഇന്‍വോയിസും ലത എസ്ആര്‍ മഹാരാജിന് അയച്ചു. എന്നാല്‍, ഇതെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അദ്ദേഹം പരാതി നല്‍കിയത്.
വിചാരണയ്ക്കുശേഷം ശിക്ഷാ നടപടികള്‍ക്കെതിരെ അപ്പീല്‍ പോകാനുള്ള അനുവാദവും ലതയ്ക്ക് കോടതി നിഷേധിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ഫോര്‍ നോണ്‍ വയലന്‍സ് എന്‍ജിഒയില്‍ പങ്കാളിത്ത വികസന സംരംഭത്തിന്റെ ഡയറക്ടറായിരുന്നു ആശിഷ് ലത രാംഗോബിന്‍. മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായിരുന്നു ലത. ഇവരുടെ അമ്മ ഇള ഗാന്ധി അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട പ്രശസ്തയായ മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും നിരവധി ദേശീയ ബഹുമതികളും ഇള ഗാന്ധി നേടിയിരുന്നു.