ഇന്ത്യയിൽ ബീജദാതാക്കൾക്കുള്ള വരുമാനം
ഇന്ത്യയിൽ, ബീജദാനം ഇപ്പോഴും വലിയതോതിൽ നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ഈ രീതിയെക്കുറിച്ച് പൊതുവായ ഒരു ധാരണയുടെ അഭാവവുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വളരെ കുറച്ച് ബീജ ബാങ്കുകളും ഫെർട്ടിലിറ്റി ക്ലിനിക്കുകളും ബീജ സാമ്പിളുകൾക്ക് ദാതാക്കൾക്ക് പണം നൽകുന്നുണ്ട്.
സാധാരണയായി, ഒരു ഇന്ത്യൻ ബീജദാതാവിന് ഒരു ദാനത്തിന് ശരാശരി 500 രൂപ മുതൽ 2,000 രൂപ വരെ ലഭിക്കുമെന്ന് കണക്കാക്കുന്നു. ഇത് ക്ലിനിക്കിനെയും, ദാതാവിന്റെ യോഗ്യതകൾ, അവരുടെ ബീജ സാമ്പിളിന്റെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ചിരിക്കും. ഒരു ദാതാവിന് ആഴ്ചയിൽ രണ്ടുതവണ ദാനം ചെയ്യാൻ കഴിഞ്ഞാൽ, അവർക്ക് ഒരു മാസത്തിൽ 4,000 മുതൽ 8,000 രൂപ വരെ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്.
advertisement
ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിൽ, ആവശ്യകത കൂടുതലാണെങ്കിൽ, പ്രതിമാസ വരുമാനം 8,000 മുതൽ 15,000 രൂപ വരെയാകാം. ദാതാവിന്റെ പ്രത്യേകതകളെ ആശ്രയിച്ചിച്ച് പ്രതിഫലത്തിന് ഏറ്റക്കുറച്ചിലുകളുണ്ടാകാം.നല്ല അക്കാദമിക് യോഗ്യതകൾ (മെഡിക്കൽ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം പോലുള്ളവ) അല്ലെങ്കിൽ പ്രത്യേക ശാരീരിക സവിശേഷതകൾ (വെളുത്ത ചർമ്മം, നീലക്കണ്ണുകൾ അല്ലെങ്കിൽ ഉയരം പോലുള്ളവ) ഉള്ളവർക്ക് ഉയർന്ന നിരക്കുകൾ ലഭിക്കും. ഇന്ത്യൻ ദമ്പതികൾക്കിടയിൽ വെളുത്ത നിറത്തിനും പ്രത്യേക സവിശേഷതകൾക്കും ശക്തമായ ഡിമാൻഡാണുള്ളത്. എന്നിരുന്നാലും, വിദേശ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഈ കണക്കുകൾ വളരെ കുറവാണ്.
വിദേശത്തെ വരുമാനവും അധിക ആനുകൂല്യങ്ങളും
വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യുഎസ്എ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ, ബീജദാനം പൊതുവെ മാന്യമായ ഒരു തൊഴിലായി കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ സിയാറ്റിൽ ബീജ ദാന ബാങ്കിൽ (Seattle Sperm Bank) സ്വീകരിക്കപ്പെടുന്ന ഓരോ ദാനത്തിനും ഏകദേശം 100 ഡോളർ (ഏകദേശം 8,400 രൂപ) ദാതാക്കൾക്ക് ലഭിക്കുന്നു. പ്രതിമാസം 1,500 ഡോളർ (ഏകദേശം 1.26 ലക്ഷം രൂപ) വരെ വരുമാനം ലഭിക്കാനുള്ള മാർഗമാണിതൊരുക്കുന്നത്.
കാലിഫോർണിയയിലെ ബീജ ബാങ്കിൽ ( California Sperm Bank) ദാതാക്കൾക്ക് ഒരു സാമ്പിളിൽ നിന്ന് ഏകദേശം 150 ഡോളർ (ഏകദേശം 12,600 രൂപ) സമ്പാദിക്കാൻ കഴിയും. പ്രതിമാസ വരുമാനം 700 ഡോളർ മുതൽ 1,200 ഡോളർ (ഏകദേശം 58,000 മുതൽ ഒരു ലക്ഷം രൂപ വരെ) വരെയാണ്. യൂറോപ്യൻ ബീജ ബാങ്ക് (European Sperm Bank) സ്വീകരിക്കുന്ന ഓരോ ബീജദാനത്തിനും ദാതാക്കൾക്ക് 40 യൂറോ (ഏകദേശം 3,600 രൂപ) നൽകുന്നു. പ്രതിമാസം നാല് തവണ വരെ ബീജദാനം ഇവിടെ അനുവദിക്കുന്നുണ്ട്.
ക്രയോസ് ഇന്റർനാഷണൽ(Cryos International) പോലുള്ള വലിയ ബാങ്കുകൾ ഓരോ ബീജ ദാനത്തിനും 35 ഡോളർ ബോണസും സ്വീകരിക്കുന്ന ഓരോ 10 ബീജദാനങ്ങൾക്കും 250 ഡോളർ അധികമായി വാഗ്ദാനം ചെയ്യുന്നു. ഇത് പ്രതിമാസ വരുമാനം 720 ഡോളറിലേക്ക് (ഏകദേശം 60,000 രൂപ) എത്തിക്കാൻ സഹായിക്കുന്നു. ദീർഘകാല ദാതാക്കൾക്ക് ആറ് മാസത്തിനുള്ളിൽ 10,000 ഡോളർ (ഏകദേശം 8.4 ലക്ഷം രൂപ) വരെ സമ്പാദിക്കാൻ കഴിയുന്നു. ശമ്പളത്തിനു പുറമേ, ഈ രാജ്യങ്ങളിലെ ദാതാക്കൾക്ക് പലപ്പോഴും സൗജന്യ ആരോഗ്യ പരിശോധനകൾ, ഫെർട്ടിലിറ്റി പരിശോധനകൾ, വാർഷിക ശാരീരിക പരിശോധനകൾ തുടങ്ങിയ അധിക ആനുകൂല്യങ്ങൾ ലഭിക്കാറുണ്ട്.
ബീജദാനത്തിലൂടെ ആയിരക്കണക്കിന് കുട്ടികളുടെ ജൈവിക പിതാവാണെന്ന് അവകാശപ്പെട്ട് ഒരു വ്യക്തി അടുത്തിടെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. പ്രതിമാസം 2.5 ലക്ഷം രൂപ വരെ അധിക വരുമാനമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.