യുകെയിലെ വോള്‍വര്‍ഹാംപ്ടണിലെ തങ്ങളുടെ പുതിയ താമസസ്ഥലത്തേക്ക് സ്ഥിരതാമസമാക്കാന്‍ പോകുന്ന പഞ്ചാബി കുടുംബത്തിന്റെ വീഡിയോ ആണിത്. ഇവരുടെ പ്രിയപ്പെട്ട റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കും ഫര്‍ണിച്ചറുകളും ഇന്ത്യയില്‍ നിന്ന് യുകെയിലേക്കെത്തിക്കാന്‍ 4.5 ലക്ഷത്തിലധികം രൂപയാണ് ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാമൂഹിക മാധ്യമമായ ടിക് ടോക്കിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു കണ്ടെയ്‌നര്‍ ട്രക്കിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതില്‍ നിന്ന് പഞ്ചാബിലെ ലൈസന്‍സ് പ്ലേറ്റുള്ള ഒരു കറുത്ത റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പുറത്തിറക്കുന്നതും കാണാം. ഇതിന് പിന്നാലെ ഒരു വീട്ടിലെ മുഴുവന്‍ ഫര്‍ണിച്ചറുകളും കണ്ടെയ്‌നറില്‍ നിന്ന് പുറത്തിറക്കി. ഒരു സോഫാ സെറ്റ്, ഡൈനിംഗ് ടേബിള്‍, വിംഗ് ചെയറുകള്‍, കിടക്കകള്‍ എല്ലാം ഇറക്കുന്നത് കാണാന്‍ കഴിയും.
ഇന്ത്യയിലെ സ്വന്തം വീട് തന്നെ യുകെയിലെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്ന് വീഡിയോ കണ്ട് ഒരാള്‍ കമന്റ് ചെയ്തു. ഏകദേശം 40 ദിവസമെടുത്താണ് ഈ സാധനങ്ങളെല്ലാം ഇന്ത്യയില്‍ നിന്ന് യുകെയിലെത്തിച്ചതെന്ന് ബൈക്കിന്റെ ഉടമയായ രാജ്ഗുരു പറഞ്ഞു. ഇങ്ങനെ ചരക്കുകൊണ്ടുപോകുന്നതിന് 4.5 ലക്ഷം രൂപ ചെലവായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫര്‍ണിച്ചറുകള്‍ മികച്ച ഗുണനിലവാരം പുലര്‍ത്തുന്നവയാണെന്നും പഞ്ചാബിലെ കര്‍താര്‍പൂരില്‍ നിന്ന് പ്രത്യേകം ഓഡര്‍ ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഗുരുവിന്റെ കുടുംബം ഇപ്പോള്‍ യുകെയില്‍ സ്ഥിരതാമസമാണ്.
ഈ വീഡിയോ 39 ലക്ഷം പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. 2.4 ലക്ഷം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധിപേരാണ് ഇതിനെ പ്രശംസിച്ചത്.
ബുള്ളറ്റ് ബൈക്കുമായുള്ള ആത്മബന്ധവും അത് യുകെയില്‍ വെച്ച് ഏറ്റുവാങ്ങിയതും എത്രമനോഹരമായ അനുഭവമായിരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് ഒരു ഉപഭോക്താവ് പറഞ്ഞു. ''ബാക്കിയെല്ലാം താത്കാലികമാണ്. എന്നാല്‍ ബുള്ളറ്റ് ശാശ്വതമാണ്,'' മറ്റൊരാള്‍ കമന്റ് ചെയ്തു. വിദേശത്ത് പോകുമ്പോള്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്താന്‍ കഴിയില്ലെന്നും പ്രത്യേകിച്ച് ഒരു റോയല്‍ എന്‍ഫീല്‍ഡിന്റെ കാര്യത്തിലെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.