വിദേശത്ത് ഒരു കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടി വരുന്ന സാമ്പത്തിക സമ്മർദ്ദവും അനിശ്ചിതത്വവുമാണ് യുവതി പങ്കുവച്ചിരിക്കുന്നത്. ജർമ്മനിയിൽ ജോലി കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ താൻ ചിലവഴിച്ച തുകയെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും മഹി എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. നാട്ടിൽ സമ്പാദിച്ചതിനേക്കാൾ കൂടുതൽ പണം ജർമ്മനിയിൽ ജോലി നേടാനായി താൻ ചിലവഴിച്ചെന്നും എന്നിട്ടും ഇതുവരെ ഒരു ജോലി പോലും ലഭിച്ചില്ലെന്നുമാണ് മഹി തന്റെ പോസ്റ്റിൽ വെളിപ്പെടുത്തിയത്.
മൂന്ന് വർഷത്തെ തന്റെ ചിലവുകൾ അവർ വിശദമായി വിവരിച്ചു. ഒരു ഷെയേർഡ് ഫ്ലാറ്റിലെ വാടകയിനത്തിൽ പ്രതിമാസം 600 യൂറോ വീതം ആകെ 21,600 യൂറോ (ഏകദേശം 23.5 ലക്ഷം രൂപ) അവർക്ക് ചിലവായി. ജോലി ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനായി എ1 മുതൽ ബി2 വരെയുള്ള ജർമ്മൻ ഭാഷാ കോഴ്സുകൾക്കായി ഏകദേശം 2,000 യൂറോ (2.1 ലക്ഷം രൂപ) ചിലവാക്കി. പഠനത്തിനായി സർവ്വകലാശാല സെമസ്റ്റർ ഫീസായി 3,000 യൂറോയിലധികം (3.2 ലക്ഷം രൂപ) നൽകേണ്ടി വന്നു. കൂടാതെ ഒരു സ്വകാര്യ സർവ്വകലാശാലയിലെ പഠനത്തിനായി പ്രതിമാസം 600 യൂറോ വീതം 18 മാസത്തേക്ക് ആകെ 10,800 യൂറോ (11.7 ലക്ഷം രൂപ) ഇഎംഐ ആയും അവർ അടച്ചു.
advertisement
ഇതുകൂടാതെ മറ്റ് അത്യാവശ്യ ചിലവുകളും ഉണ്ടായിരുന്നു. സ്റ്റുഡന്റ് ഹെൽത്ത് ഇൻഷുറൻസിനായി 5,000 യൂറോയിലധികം (5.4 ലക്ഷം രൂപ) ചിലവായി. ജർമ്മനിയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിർബന്ധമായ ബ്ലോക്ക്ഡ് അക്കൗണ്ടിൽ 11,208 യൂറോ (12.2 ലക്ഷം രൂപ) നിക്ഷേപിക്കേണ്ടതായും വന്നു. മൊത്തത്തിൽ 53,608 യൂറോയിലധികം, അതായത് 58 ലക്ഷം രൂപയിലധികം താൻ ജർമ്മനിയിലെ കരിയറിനായി നിക്ഷേപിച്ചെന്ന് മഹി പറയുന്നു. ഇത്രയൊക്കെ ചെയ്തിട്ടും ഇതുവരെ ഒരു ജോലി പോലും ലഭിച്ചിട്ടില്ല. ആരോടും സഹതാപം തോന്നാനല്ല താൻ ഇത് പറയുന്നതെന്നും മറിച്ച് അടുത്തതായി വിമാനം കയറാനിരിക്കുന്നവർ കൃത്യമായ കണക്കുകൂട്ടലുകൾ നടത്താൻ വേണ്ടിയാണെന്നും അവർ വ്യക്തമാക്കി.
മഹിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പലരും തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. ദിവസവും ഇരുന്നൂറോ മുന്നൂറോ അപേക്ഷകൾ അയക്കണമെന്നും ചിലപ്പോൾ യോഗ്യതയ്ക്ക് ചേരാത്ത ജോലികൾക്ക് പോലും അപേക്ഷിക്കണമെന്നും ഒരാൾ ഉപദേശിച്ചു. താൻ ഏഴു തവണ തിരസ്കരിക്കപ്പെട്ട അതേ തസ്തികയിൽ എട്ടാം തവണ ജോലി ലഭിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു. യാഥാർത്ഥ്യം തുറന്നുപറഞ്ഞതിന് നന്ദി അറിയിച്ചവരും ഉണ്ടായിരുന്നു. 2022 മുതൽ 2024 വരെ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചെങ്കിലും പിന്നീട് തന്റെ ജീവിതം മാറിമറിഞ്ഞ കഥ പങ്കുവെച്ചുകൊണ്ട് മറ്റൊരു വ്യക്തി മഹിക്ക് ആത്മവിശ്വാസം പകർന്നു.
