അമേരിക്കയിലെ കൊളറാഡോയില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി ഒരു വനിതാ ജഡ്ജിയെ 'യുവര്‍ ഓണര്‍' എന്നതിന് പകരം 'ഹണി' എന്ന് വിളിച്ചതാണ് വീഡിയോ. തനിക്ക് പറ്റിയ അമളി അഭിഭാഷകന്‍ വേഗത്തില്‍ തന്നെ തിരിച്ചറിയുകയും ജഡ്ജിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. 'പക്ഷേ, പക്ഷേ, ഹണി' എന്നാണ് അഭിഭാഷകന്‍ പറഞ്ഞതെന്ന് എബിസി ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 'ഓ എന്റെ ദൈവമേ, എന്നോട് ക്ഷമിക്കണം. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല, ഞാന്‍ ക്ഷമ ചോദിക്കുന്നു,' ഉടന്‍ തന്നെ അഭിഭാഷകന്‍ പറഞ്ഞു. ഒരു ലൈംഗികാതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് സംഭവമെന്നും ജഡ്ജി എലിസബത്ത് എല്‍ ഹാരിസിനെയാണ് അഭിഭാഷകന്‍ അബദ്ധത്തില്‍ 'ഹണി' എന്ന് വിളിച്ചതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു.
advertisement
ഇതിനിടെ ജഡ്ജി അഭിഭാഷകനോട് തന്റെ വാദം തുടരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അഭിഭാഷകന്‍ മടിച്ചു നില്‍ക്കുകയും വാക്കുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയും ചെയ്തു. 'ക്ഷമിക്കണം, എന്റെ തെറ്റ് എന്നെ പൂര്‍ണമായും തളര്‍ത്തിക്കളഞ്ഞു,' അഭിഭാഷകന്‍ മറുപടി നല്‍കി. 'എനിക്ക് അത് സങ്കല്‍പ്പിക്കാന്‍ കഴിയും. സത്യസന്ധമായി പറയുകയാണെങ്കിൽ ഞാനും അതില്‍ അല്‍പം അസ്വസ്ഥയാണ്,' ജഡ്ജി പറഞ്ഞു.
വളരെ വേഗമാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അഭിഭാഷകന്‍ തന്റെ ഭാര്യയുമായി എപ്പോഴും തര്‍ക്കിക്കാറുണ്ടാകുമെന്ന് ഒരു ഉപയോക്താവ് പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തു. ലോകത്തിലെ ഏറ്റവും മോശം അഭിഭാഷകനുള്ള മത്സരം അടുത്തു തന്നെയുണ്ടാകുമെന്ന് മറ്റൊരാള്‍ പറഞ്ഞു.
ചില ഉപയോക്താക്കള്‍ സംഭാഷണത്തിനിടെ തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു. ''വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ഫോണിലൂടെ കംപ്യൂട്ടര്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ജോലിയുണ്ടായിരുന്നു. അങ്ങനെ ഒരു ഉപഭോക്താവിനെ വിളിക്കുന്നതിനെ അയാള്‍ മിസ്റ്റര്‍ സ്വീറ്റി എന്ന് വിളിച്ചു. എന്നാല്‍, ഉടന്‍ തന്നെ ക്ഷമ ചോദിച്ചു. തനിക്ക് അഞ്ച് പെണ്‍മക്കളുണ്ടെന്നും അങ്ങനെ വിളിക്കുന്നത് ഒരു ശീലമാണെന്നും ഉപഭോക്താവ് പറഞ്ഞു. എന്നാല്‍, എനിക്ക് ദേഷ്യം തോന്നിയില്ല,'' ഒരാള്‍ പറഞ്ഞു.
നാക്കുപിഴ സാധാരണ സംഭവിക്കുന്ന ഒരു കാര്യമാണ്. സാധാരണയായി ആരെങ്കിലും വളരെ വേഗത്തില്‍ സംസാരിക്കുമ്പോഴോ പരിഭ്രാന്തരാകുമ്പോഴോ അല്ലെങ്കില്‍ ശ്രദ്ധ തിരിക്കുമ്പോഴോ ആണ് അങ്ങനെ സംഭവിക്കുന്നത്.