മഹാരാഷ്ട്രയിലെ നാഷിക് ഗ്രാമത്തിലാണ് പ്രസവത്തിനായി പുള്ളിപുലി കാടിറങ്ങി എത്തിയത്. ഗ്രാമത്തിലെ ഒഴിഞ്ഞ കുടിലിലായിരുന്നു പ്രസവം. നാല് കുഞ്ഞുങ്ങളാണ് പുറത്തു വന്നത്. സുഖപ്രസവമായിരുന്നു.
അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥൻ തുഷാർ ചവാൻ പറയുന്നു. മഴക്കാലമായതിനാൽ കാട്ടിലെ നനവും തണുപ്പും കാരണമാണ് പുള്ളിപുലി ഗ്രാമത്തിലെത്തിയതെന്ന് ചവാൽ.
ഇരുപത്തിനാല് മണിക്കൂരും വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു പുള്ളിപുലിയും കുഞ്ഞുങ്ങളും. അഞ്ച് പേരും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താൻ വേണ്ടിയായിരുന്നു നിരീക്ഷണം.
പകൽ സമയങ്ങളിൽ ഉറങ്ങി രാത്രി ഇര തേടി ഇറങ്ങുന്നതാണ് പുള്ളിപുലികളുടെ രീതി. എന്നാൽ ഈ പുള്ളിപുലി അതിൽ നിന്നും വ്യത്യസ്തയാണെന്ന ചാവൽ പറയുന്നു. രാത്രി സമയങ്ങളിൽ കുഞ്ഞുങ്ങൾക്ക് പാൽ നൽകി അവയ്ക്കൊപ്പം കഴിയുകയും പകൽ ഉണർന്നിരിക്കുകയുമാണ് ഈ അമ്മ. ഗ്രാമവാസികൾക്കോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ യാതൊരു ബുദ്ധിമുട്ടും പുള്ളിപുലി ഉണ്ടാക്കിയതുമില്ല.
പ്രസവം കഴിഞ്ഞ് നാല് കുഞ്ഞുങ്ങളുമായി തള്ളപുലി കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. കുഞ്ഞുങ്ങൾ ഓരോന്നിനേയും കടിച്ചെടുത്ത് സാവധാനമായിരുന്നു യാത്ര. കുഞ്ഞുങ്ങളെ കടിച്ചെടുത്ത് കാട്ടിലേക്ക് മടങ്ങുന്ന പുള്ളിപുലിയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആദ്യ കുഞ്ഞുമായി പോയി നാല് മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ കുഞ്ഞിനെ എടുക്കാൻ പുലി തിരിച്ചെത്തിയത്. മൂന്നാമത്തേതിനെ എടുക്കാൻ രണ്ട് മിനുട്ടു കൊണ്ട് എത്തുകയും ചെയ്തു. കുഞ്ഞുങ്ങളെ സൂക്ഷിക്കാൻ സുരക്ഷിതമായ സ്ഥലം തേടിയതാണ് നാല് മണിക്കൂർ വൈകാൻ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.