മുംബൈയിലെ ശിവ്ദി സ്റ്റേഷന് മുന്നിലുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ റെയിൽവേ ട്രാക്കിൽ യുവാവ് തലവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാൻ സാധിക്കും. ശരിയായ സമയത്ത് തീവണ്ടിയുടെ ബ്രേക്ക് പ്രയോഗിച്ച ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് അയാൾക്ക് ജീവൻ തിരിച്ചു കിട്ടിയത്. റെയിൽവേ ട്രാക്കിൽ തലവെച്ചവർ രക്ഷപ്പെടുന്ന സംഭവങ്ങൾ വളരെ അപൂർവ്വമാണ്.
ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ യുവാവ് റെയിൽവേ ട്രാക്കിലെത്തുന്നതും ശേഷം പാളത്തിൽ തലവെച്ചു കിടക്കുന്നതും റെയിൽവേ മന്ത്രാലയം പങ്കുവെച്ച വീഡിയോയിൽ കാണാം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ട്രെയിൻ യുവാവിന്റെ നേരെ വരുന്നതും അയാൾ കിടക്കുന്നതിന് തൊട്ടടുത്തായി ട്രെയിൻ നിൽക്കുന്നതും കാണാം. ട്രെയിനിന്റെ ലോക്കോ പൈലറ്റ് പാളത്തിൽ യുവാവ് കിടക്കുന്നത് കാണുകയും കൃത്യസമയത്ത് എമർജൻസി ബ്രേക്കുകൾ ഉപയോഗിക്കുകയും ചെയ്തതാണ് യുവാവ് രക്ഷപെടാൻ കാരണമായത്. ഏതാനും സെക്കൻഡുകൾക്ക് ശേഷം, മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ട്രാക്കിലേക്ക് ഓടിവന്ന് അയാളെ അവിടെ നിന്നും രക്ഷപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
advertisement
"ലോക്കോ പൈലറ്റ് നടത്തിയത് അഭിനന്ദനാർഹമായ പ്രവർത്തനമാണ്. മുംബൈയിലെ ശിവ്ദി സ്റ്റേഷനിലെ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ചയാളെ ലോക്കോ പൈലറ്റ് കാണുകയും കൃത്യതയോടും വിവേകത്തോടും കൂടി എമർജൻസി ബ്രേക്ക് പ്രയോഗിച്ച് ആ വ്യക്തിയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു.", സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് റെയിൽവേ മന്ത്രാലയം കുറിച്ചു.
"നിങ്ങളുടെ ജീവൻ വളരെ വിലപ്പെട്ടതാണ്, എല്ലാവരും നിങ്ങളെ വീട്ടിൽ കാത്തിരിക്കുന്നു", ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വ്യക്തിക്ക് ഉപദേശം നൽകിക്കൊണ്ട് റയിൽവെ മന്ത്രാലയം വീഡിയോയ്ക്ക് താഴെ എഴുതി. വീഡിയോ ഇതുവരെ ഏകദേശം ഒരു ലക്ഷം പേർ കണ്ടു. 6,000 ത്തോളം ആളുകൾ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
കമെന്റുകളിൽ ഒരാൾ എഴുതി, "വിലയേറിയ ഒരു ജീവൻ രക്ഷിച്ചതിന് ജാഗ്രതയുള്ള മോട്ടോർമാന് ഹാറ്റ്സ് ഓഫ്". "മോട്ടോർ മാന് സല്യൂട്ട്," മറ്റൊരാൾ കുറിച്ചു.