'ഷോയിബ് പാകിസ്താനിൽ കുടുങ്ങിയിരിക്കുകയാണ്.. ഞാൻ ഇവിടെയും.. മകൻ വളരെ ചെറുതായതിനാൽ ഈ സാഹചര്യം കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഇസാന് അവന്‍റെ അച്ഛനെ ഇനി എന്നാണ് കാണാന്‍ കഴിയുക എന്നറിയില്ല.. 'എന്നായിരുന്നു സാനിയയുടെ വാക്കുകൾ.ഒരു വയസ് കഴിഞ്ഞിട്ടേ ഉള്ളു സാനിയയുടെ മകൻ ഇസാന്.
'കുടുംബത്തിനൊപ്പം പഴയത് പോലെ കഴിയാനാണ് ഞാനിപ്പോൾ കാത്തിരിക്കുന്നത്. ഭർത്താവിൽ നിന്ന് അകന്നു കഴിയുന്നത് എനിക്കോ പിതാവിൽ നിന്ന് അകന്നു കഴിയുന്നത് ഇസാനോ അത്ര എളുപ്പമുള്ള കാര്യമല്ല. വീഡിയോ കോളുകളും മറ്റും ഒരാളെ നേരിൽക്കാണുന്നതിന് പകരം വയ്ക്കാനുമാകില്ല.. ആലിംഗനവും ഷേക്ക് ഹാൻഡും പഴയത് പോലെ സാധാരണമാകുന്ന ഒരു സാധാരണ ലോകത്തിനായാണ് ഇപ്പോൾ ഞാൻ കാത്തിരിക്കുന്നത്..'
എപ്പോഴാണ് കുടുംബമായി ഒന്നിക്കുക എന്ന ചിന്ത മാത്രമാണ് ഇപ്പോൾ മനസിൽ എല്ലാം വിധിക്ക് വിട്ടിരിക്കുകയാണെന്നും സാനിയ പറയുന്നു.എന്നാല്‍ ഇത്തരമൊരു സാഹചര്യത്തിൽ ഷോയിബ് തന്‍റെ വയോധികയായ അമ്മയ്ക്കൊപ്പം കഴിയുന്നതും നല്ല കാര്യം തന്നെയാണെന്നും സാനിയ ആശ്വസിക്കുന്നു. 'ഞങ്ങൾ രണ്ടു പേരും കാര്യങ്ങളെ പോസിറ്റീവായും പ്രായോഗികമായും സമീപിക്കുന്നവരാണ്. അദ്ദേഹത്തിന്‍റെ അമ്മ 65 വയസിന് മുകളിൽ പ്രായമുള്ള ആളാണ്.. തനിയെ കഴിയുന്ന അവർക്കൊപ്പം ഷോയിബ് ഉണ്ടാകേണ്ടത് തന്നെയാണ്.. എല്ലാവരും ആരോഗ്യത്തോടെ തന്നെ ഇതിനെയെല്ലാം അതിജീവിച്ച് പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്..'
നിലവിലെ സാഹചര്യത്തിൽ കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ഒരു കൈക്കുഞ്ഞിനെ പരിപാലിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വികാരങ്ങളും പ്രയാസങ്ങളും സാനിയ പങ്കുവച്ചിരുന്നു. ' ഉത്ക്കണ്ഠാ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആളായിരുന്നു ഞാൻ. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് യാതൊരു കാരണവുമില്ലാതെ ആശങ്കകളുണ്ടായി. വളരെയധികം അനിശ്ചിതത്വം നിലവിലുള്ള സാഹചര്യത്തിൽ പല കാര്യങ്ങളും ചിന്തയിലേക്ക് കടന്നു വന്നു. നിങ്ങളെ എങ്ങനെ സംരക്ഷിക്കണം എന്ന് നിങ്ങൾക്ക് അറിയില്ല.. കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കണം എന്നറിയില്ല.. വയസായ മാതാപിതാക്കളെ എങ്ങനെ സംരക്ഷിക്കണം എന്നറിയില്ല.. അപ്പോൾ നിങ്ങൾ ജോലിയെക്കുറിച്ചോ ടെന്നീസിനെ കുറിച്ചോ അല്ല ചിന്തിക്കുക..' സാനിയ കൂട്ടിച്ചേർത്തു.