2018 മുതലിങ്ങോട്ട് കൃഷ്ണ 10 തവണയാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. പത്ത് തവണയും പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു. എന്നാല്‍ വിജയിക്കുന്നത് വരെ പരീക്ഷയെഴുതാന്‍ തന്നെയായിരുന്നു കൃഷ്ണയുടെ തീരുമാനം. ഈ വര്‍ഷം കൃഷ്ണയുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. പതിനൊന്നാമത്തെ ശ്രമത്തില്‍ പരീക്ഷയില്‍ വിജയിക്കാനും അദ്ദേഹത്തിന് സാധിച്ചു.
''അഞ്ച് വര്‍ഷമായി അവന്‍ പരീക്ഷയെഴുതാന്‍ തുടങ്ങിയിട്ട്. പത്ത് തവണയും പരാജയപ്പെട്ടു. എന്നാല്‍ ഓരോ തവണയും പരീക്ഷ ഫീസ് കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എല്ലാ അവസരവും അവന് ലഭിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു,'' കൃഷ്ണയുടെ അച്ഛന്‍ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
advertisement
പര്‍ളിയിലെ രത്‌നേശ്വര്‍ സ്‌കൂളിലാണ് കൃഷ്ണ പഠിച്ചിരുന്നത്. ചരിത്രം കൃഷ്ണയ്ക്ക് ബാലികേറാമലയായിരുന്നു. എന്നാല്‍ കഠിനമായ പരിശ്രമവും നിശ്ചയദാര്‍ഢ്യവും എല്ലാ വിഷയത്തിലും വിജയം കൈവരിക്കാന്‍ കൃഷ്ണയെ സഹായിച്ചു.
മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സെക്കന്ററി ആന്‍ഡ് ഹയര്‍ സെക്കന്ററി എജ്യുക്കേഷന്റെ ഈ വര്‍ഷത്തെ പത്താം ക്ലാസ് ഫലപ്രഖ്യാപനം കൃഷ്ണയുടെ ഗ്രാമത്തില്‍ ആഘോഷത്തിന് തിരികൊളുത്തി. കൃഷ്ണയുടെ വിജയം അദ്ദേഹത്തിന്റെ ഗ്രാമം ഒന്നടങ്കം ആഘോഷിക്കുകയായിരുന്നു.
വലിയൊരു ഘോഷയാത്രയാണ് കൃഷ്ണയുടെ അച്ഛന്‍ ഒരുക്കിയത്. കൃഷ്ണയെ തോളിലേറ്റിയ ഗ്രാമവാസികള്‍ നൃത്തം ചെയ്തും പാട്ടുപാടിയും ഇദ്ദേഹത്തിന്റെ വിജയം ആഘോഷിച്ചു.
മഹാരാഷ്ട്രയിലെ ഇത്തവണത്തെ പത്താംക്ലാസ് വിജയ ശതമാനം 95.81 ആണ്. 15 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മാര്‍ച്ച് 1 മുതല്‍ 26 വരെയായിരുന്നു പരീക്ഷ നടന്നത്.
