കുട്ടികളെ സ്‌കൂളിലേക്ക് കൂട്ടികൊണ്ടുപോകാൻ മറന്നുപോയ ഭര്‍ത്താവിനെ ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ ഭാര്യ പിന്നിൽ നിന്ന് ചവിട്ടി മത്സ്യക്കുളത്തിലേക്ക് വീഴ്ത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്. നിരവധി തവണ ഭാര്യ കുട്ടികളെ സ്‌കൂളില്‍ വിടുന്ന കാര്യം ഓര്‍മ്മപ്പെടുത്തിയെങ്കിലും അയാള്‍ അത് അവഗണിച്ച് മത്സ്യത്തിന് തീറ്റ കൊടുക്കുന്നത് തുടര്‍ന്നു. ഇതോടെയാണ് ഭാര്യ ദേഷ്യത്തോടെ ഭർത്താവിനെ ചവിട്ടി കുളത്തിലേക്കിട്ടത്.
അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അയാള്‍ കുളത്തിനരികില്‍ സന്തോഷത്തോടെ ഇരുന്ന് മത്സ്യത്തിന് തീറ്റ കൊടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കുറച്ചുകഴിയുമ്പോള്‍ അയാളുടെ ഭാര്യ പുറകിലൂടെ വന്ന് പിന്നില്‍ നിന്ന് അയാളെ ചിവിട്ടി വെള്ളത്തിലേക്കിട്ടു. അയാള്‍ കുളത്തിലേക്ക് തെറിച്ചുവീഴുന്നതും പിന്നീട് കരയിലേക്ക് നീന്തുന്നും ഭാര്യയുടെ ശാസന കേള്‍ക്കുന്നതും വീഡിയോയില്‍ കാണാം.
advertisement
ഡു എന്ന് വിളിക്കുന്ന ആ മനുഷ്യന്‍ പിന്നീട് തന്റെ തെറ്റ് സമ്മതിച്ചതായി ചൈനീസ് മാധ്യമമായ സോഹു റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് പരിക്കില്ലെന്നും ഭാര്യയോട് ക്ഷമ ചോദിച്ചതായും അവള്‍ നല്ലവളാണെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം. ചിലപ്പോള്‍ ഭാര്യയ്ക്ക് ദേഷ്യംകൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നും അവള്‍ തന്നോടും ക്ഷമ ചോദിച്ചതായും ഡു പറഞ്ഞു.
അന്നത്തെ ദിവസം കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകാൻ ഭാര്യ തന്നോട് പലതവണ പറഞ്ഞിരുന്നുവെന്നും എന്നാല്‍ താന്‍ മറന്നുപോയതാണെന്നും അദ്ദേഹം പറയുന്നു. ഏതാണ്ട് 20 മിനുറ്റോളം ഭാര്യ ഇക്കാര്യം ആവശ്യപ്പെട്ടതായും സത്യ പറഞ്ഞാല്‍ മറന്നുപോയെന്നും അദ്ദേഹം സമ്മതിച്ചു. മത്സ്യത്തിന് തീറ്റ കൊടുക്കുമ്പോള്‍ അവള്‍ പറഞ്ഞത് കേട്ടില്ലെന്നും, ഭാര്യയെ മനഃപൂര്‍വ്വം അവഗണിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. കുളത്തിന് 1.6 മീറ്റര്‍ ആഴമുണ്ടെന്നും ഭാഗ്യത്തിന് നീന്താനറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വീഡിയോ വൈറലായതോടെ തനിക്ക് പരിക്കേറ്റതായി പലരും കരുതിയെന്ന് ഡു പറയുന്നുണ്ട്. ഭാര്യയുടെ മാതാപിതാക്കള്‍ അടക്കം ഫോണില്‍ വിളിച്ച് അന്വേഷിച്ചുവെന്നും കാര്യങ്ങള്‍ മോശമായി അവസാനിച്ചിരിക്കാമെന്ന് അവര്‍ ആശങ്കപ്പെട്ടതായും അദ്ദേഹം വിശദീകരിച്ചു.
സോഷ്യല്‍മീഡിയയില്‍ സംഭവം വൈറലായതോടെ നിരവധി പേര്‍ പ്രതികരണവുമായെത്തി. ചിലര്‍ സമാനമായ അനുഭവങ്ങളും പങ്കുവെച്ചു. തന്റെ ഭര്‍ത്താവ് ഒരിക്കല്‍ കുഞ്ഞിനെ ഡേകെയറില്‍ നിന്ന് വിളിക്കാന്‍ മറന്നുപോയെന്നും അന്ന് ഇങ്ങനെ പ്രതികരിക്കാതിരുന്നതില്‍ ഖേദിക്കുന്നുവെന്നും ഒരു യുവതി പറഞ്ഞു. ഡു കുളത്തില്‍ സന്തോഷവാനാണെന്ന് തോന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഗാര്‍ഹിക പീഡനം എന്നു ഇതിനെ വിളിക്കാമെങ്കിലും കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകാത്തത് വലിയ കാര്യമാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ പുരുഷന്മാരെ പിന്തുണച്ചുള്ളതായിരുന്നു മറ്റൊരു കുറിപ്പ്. ദാമ്പത്യത്തില്‍ പുരുഷന്മാര്‍ എപ്പോഴും ക്ഷമിക്കുന്നവരാണെന്നും ഇത് ഭാര്യക്കാണ് സംഭവിച്ചതെങ്കില്‍ അത്ര രസകരമായിരിക്കില്ല അനുഭവമെന്നും ഒരാള്‍ പങ്കുവെച്ചു.