കുര്‍ള-കോയമ്പത്തൂര്‍ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളെ ആന്ധ്രാപ്രദേശിലെ ഗുണ്ടക്കലില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജൂണ്‍ 21-ന് രാത്രിയാണ് സംഭവം നടക്കുന്നത്. ആന്ധ്രാപ്രദേശിലെ വാഡിക്കും ഗുണ്ടക്കല്‍ സ്റ്റേഷനും ഇടയില്‍ ട്രെയിന്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം നടക്കുന്നത്.
പരാതി പ്രകാരം ഇയാള്‍ ടിക്കറ്റില്ലാതെ ട്രെയിനിലെ എസി കോച്ചിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് കോച്ചിലുണ്ടായിരുന്ന വനിതാ ടിടിഇ (ട്രാവലിങ് ടിക്കറ്റ് എക്‌സാമിനര്‍) റയില്‍വേ സുരക്ഷാ സേനയെ (ആര്‍പിഎഫ്) വിവരം അറിയിച്ചു. കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ കയറി. എന്നാല്‍ പ്രതിയെ പിടിച്ചുപുറത്തേക്കിറക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രോശിക്കുകയും അലറുകയും ചെയ്തു. തുടര്‍ന്ന് വസ്ത്രം അഴിച്ചതായും റിപ്പോര്‍ട്ടുണ്ട്.
advertisement
എന്നാല്‍ ഇയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ റായ്ച്ചൂരിലെ ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിന്‍ വിടുന്നത് കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീ ഒരു യാത്രക്കാരിയല്ലെന്നും മറിച്ച് ഒരു ടിടിഇ ആണെന്നും റയില്‍വേ പോലീസ് സൂപ്രണ്ട് സൗമ്യ ലത പറഞ്ഞു. അനധികൃതമായി ഒരാള്‍ എച്ച്1 കോച്ചിലുണ്ടായിരുന്നതായും ഇയാള്‍ അപമര്യാദയായി പെരുമാറിയതായും ടിടിഇ ആര്‍പിഎഫ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചുപറഞ്ഞതായി സൗമ്യ ലത പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ടിടിഇ പകര്‍ത്തിയിരുന്നു.
ഗുണ്ടക്കല്‍ ജിആര്‍പിയും ആര്‍പിഎഫും ചേര്‍ന്നാണ് ഇയാളെ ട്രെയിനില്‍ നിന്ന് ഇറക്കിയത്. അയാള്‍ മാനസികമായി ബുദ്ധിമുട്ട് നേരിടുന്ന ആളാണെന്നും അതുകൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാത്തതെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു ആഭ്യന്തര അന്വേഷണം ആരംഭിക്കാന്‍ ആശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റായ്ച്ചൂര്‍ ആര്‍പിഎഫ് പിന്നീട് സംഭവത്തെ കുറിച്ച് വിശദീകരിക്കുന്ന ഒരു പ്രസ്താവന ഇറക്കി. മാനസിക നില തെറ്റിയ ആളാണ് വാഡിയില്‍ നിന്ന് ട്രെയിനില്‍ കയറിയതെന്ന് തോന്നിയതായി പ്രസ്താവനയില്‍ ആര്‍പിഎഫ് വ്യക്തമാക്കി. ട്രെയിന്‍ റായ്ച്ചൂരില്‍ എത്തിയപ്പോള്‍ ആര്‍പിഎഫും ജിആര്‍പിയും ഇടപ്പെട്ട് ഇയാളെ ട്രെയിനില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ചെറിയ സ്റ്റേഷന്‍ ആയതിനാലും അയാളുടെ പ്രതികരണം രൂക്ഷമായതിനാലുമാണ് ഇതെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ തൊട്ടടുത്ത സ്റ്റേഷനില്‍വെച്ച് ഇയാളെ ഇറക്കിവിട്ടെന്നും ആര്‍പിഎഫ് വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ ഗുണ്ടക്കലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെക്കുറിച്ച് ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്.