ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള ഒരു പോസ്റ്റില്‍ 'ഞാന്‍ അപലപിക്കുന്നു' (I condemn) എന്നതിന് പകരം 'ഞാന്‍ കോണ്ടം' (I condom) എന്നാണ് പാക് പ്രധാനമന്ത്രി കുറിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇറാനിയന്‍ ആണവ, സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിക്കാന്‍ ഉദ്ദേശിച്ചുള്ള പോസ്റ്റ് വ്യാപകമായ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കും കാരണമായി.
"ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ഞാന്‍ കോണ്ടം ചെയ്യുന്നു..." എന്നാണ് ഷെഹ്ബാസ് ഷെരീഫിന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടിലെ വാചകം. ഇതോടെ ഗൗരവമേറിയ ഒരു വിഷയത്തിലെ പ്രതികരണം തമാശയായി മാറി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് തെറ്റുപറ്റിയെന്നും പിന്നീട് അദ്ദേഹം ഇത് തിരുത്തിയതായും സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ ഒരു ഉപയോക്താവ് കുറിച്ചു.
advertisement
പാക് പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. 'ഞാന്‍ കോണ്ടം ചെയ്തു' എന്ന വാചകം ചിലര്‍ ആവര്‍ത്തിച്ച് വീണ്ടും എഴുതി. അപമാനം മൂലം മുഖം പൊത്തേണ്ട നിമിഷമെന്നും ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ച പിശകെന്നും ചിലര്‍ എഴുതി. എന്നാല്‍, ഇത് അക്ഷരതെറ്റാണോ അതോ മനഃപൂര്‍വ്വം വരുത്തിയ പിഴവാണോ എന്ന് ചിലര്‍ സംശയം ഉണര്‍ത്തി. നയതന്ത്രത്തേക്കാള്‍ ഓട്ടോകറക്ട് സംവിധാനം ബാധിക്കപ്പെട്ട നിമിഷമെന്നായിരുന്നു മറ്റൊരു പ്രതികരണം. അക്ഷരതെറ്റായാലും അല്ലെങ്കിലും അത് മറക്കാനാവില്ലെന്ന് മറ്റൊരാള്‍ കുറിച്ചു.
അതേസമയം, പോസ്റ്റിന്റെ വസ്തുത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വൈറലാകുന്ന സ്‌ക്രീന്‍ഷോട്ട് അല്ലാതെ വസ്തുത സ്ഥിരീകരിക്കുന്ന മറ്റൊരു വിശ്വസനീയമായ തെളിവുകളും വന്നിട്ടില്ല. 2025 ജൂണ്‍ 13-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനകളില്‍ ഇറാനെ പൂര്‍ണ്ണമായും പിന്തുണച്ച് 'അപലപിക്കുന്നു' എന്ന വാക്കാണ് ഷെഹ്ബാസ് ഷെരീഫ് ഉപയോഗിച്ചതെന്ന് റേഡിയോ പാക്കിസ്ഥാന്‍, ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ എന്നില റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഡിലീറ്റ് ചെയ്ത പോസ്റ്റ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നു. ഡിലീറ്റ് ചെയ്ത ട്വീറ്റ് വീണ്ടെടുക്കാന്‍ ഒരു ഉപയോക്താവ് എഐ ഭാഷാ മോഡലായ ഗ്രോക്കിനോട് ആവശ്യപ്പെട്ടപ്പോള്‍ ഡിലീറ്റ് ചെയ്ത പോസ്റ്റ് വീണ്ടെടുക്കാന്‍ കഴിയില്ലെന്ന ഉത്തരമാണ് ലഭിച്ചത്. എന്നാല്‍ അക്ഷരതെറ്റ് യഥാര്‍ത്ഥമാണെന്ന് തോന്നുന്നതായും 'അപലപിക്കുക' എന്നതിന് പകരം 'കോണ്ടം' എന്നാണ് എഴുതിയതെന്നും ഗ്രോക്ക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നേരിട്ട് കാണാത്ത സാഹചര്യത്തില്‍ പോസ്റ്റ് സ്ഥിരീകരിക്കാന്‍ പ്രയാസമാണെന്നും അത് കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സംഭവം നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറാനും ഇസ്രായേലും പരസ്പരം വ്യോമാക്രമണം നടത്തി. ഇതിന്റെ അനന്തരഫലങ്ങള്‍ ആഗോള വിപണികളില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്.